| Tuesday, 1st August 2023, 1:35 pm

സ്പീക്കറുടെ ഗണപതി പരാമര്‍ശം; നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിച്ച് എന്‍.എസ്.എസിന്റെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം: സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ പരസ്യ പ്രതിഷേധത്തിന് ഒരുങ്ങി എന്‍.എസ്.എസ്. പ്രതിഷേധത്തിന്റെ ഭാഗമായി നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കും. ഇതുസംബന്ധിച്ച കത്ത് എല്ലാ താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാര്‍ക്കും എന്‍.എന്‍.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കൈമാറിയിട്ടുണ്ട്.
വിശ്വാസികളും എന്‍.എസ്.എസ് പ്രവര്‍ത്തകരും നാളെ ഗണപതി ക്ഷേത്രത്തിലെത്തി വഴിപാട് നടത്തണമെന്നും ജി.സുകുമാരന്‍ നായര്‍ താലൂക്ക് ജില്ലാ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്പീക്കര്‍ക്കെതിരെ നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ടിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമുണ്ടാകാത്തതിലുള്ള പ്രതിഷേധമായാണ് വിശ്വാസ സംരക്ഷണം ദിനമായി ആചരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘നമ്മുടെ ആരാധനാമൂര്‍ത്തിയായ ഗണപതി ഭഗവാനെ സംബന്ധിച്ച് സ്പീക്കര്‍ നടത്തിയ പരാമര്‍ശം നമ്മളെ ഏറെ വേദനിപ്പിക്കുന്നുണ്ട്. ഗണപതി എന്നാല്‍ മിത്ത് ആണെന്നും ശാസ്ത്രീയമായ ഒന്നല്ല എന്നുമുള്ള അദ്ദേഹത്തിന്റെ പരാമര്‍ശമാണ് അതിന് ഇടയാക്കിയത്. ഈ നടപടി ജനാധിപത്യത്തില്‍ ഇരിക്കുന്ന സ്പീക്കര്‍ തന്നെ ആയാലും, ഒരുത്തര്‍ക്കും യോജിച്ചതല്ലെന്നും പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണമെന്നും നമ്മള്‍ ആവശ്യപ്പെട്ടു. അതിനെ നിസാരവത്കരിച്ച ബന്ധപ്പെട്ടവരുടെ നിലപാടില്‍ ശക്തമായ പ്രതിഷേധമാണുള്ളത്.

അതിന്റെ അടിസ്ഥാനത്തില്‍ വിശ്വാസം സംരക്ഷിക്കുന്നതിന്റെ ഭാഗമായി നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുകയാണ്. എല്ലാ എന്‍.എസ്.എസ് പ്രവര്‍ത്തകരും വിശ്വാസികളും വീടിനടുത്തുള്ള ഗണപതി ക്ഷേത്രത്തിലെത്തി വഴിപാടുകള്‍ നടത്തണം,’അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

ഇതിന്റെ പേരില്‍ പ്രകോപനപരവും മതവിദ്വേഷജനകമായ യാതൊരു നടപടികള്‍ ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം, നിയമസഭാ സ്പീക്കര്‍ എന്ന നിലയില്‍ തല്‍സ്ഥാനത്ത് തുടരുന്നതിനുതന്നെ ഷംസീറിന് അര്‍ഹതയില്ലെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന വിധം സ്പീക്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയുകയാണ് ചെയ്യേണ്ടതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

എറണാകുളത്തെ കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു ശാസ്ത്ര ചിന്ത വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട സ്പീക്കറുടെ പ്രസംഗം.

ഹൈന്ദവ വിശ്വാസങ്ങളുടെ ഭാഗമായ മഹാ ഗണപതിയും പുഷ്പക വിമാനവുമെല്ലാം അന്ധവിശ്വാസങ്ങള്‍ മാത്രമാണെന്നും അത് നാടിന്റെ വികസനത്തെ പിന്നോട്ടടിക്കാന്‍ മാത്രമേ സഹായിക്കൂവെന്നുമായിരുന്നു ഷംസീര്‍ പറഞ്ഞത്.

Content Highlights: NNS general secratary G sukumaran nair against A.N Shamseer

We use cookies to give you the best possible experience. Learn more