തിരുവനന്തപുരം: ശബരിമല സന്നിധാനത്തും പരിസര പ്രദേശങ്ങളിലും എച്ച്.വണ്‍.എന്‍ വണ്‍ പനിയുണ്ടെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണെന്ന് ദേവസ്വം ബോര്‍ഡ്. വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണ്. ഇത്തരം തെറ്റായ വാര്‍ത്തകള്‍ പടച്ചു വിടുന്നവര്‍ക്ക് ദുരുദ്ദേശമുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
സന്നിധാനത്ത് ജോലി നോക്കുന്ന ദേവസ്വം ജീവനക്കാര്‍ക്കിടയിലും പൊലീസുകാര്‍ക്കിടയിലും മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലും റിപ്പോര്‍ട്ട് ചെയ്ത പനി എച്ച്.വണ്‍.എന്‍.വണ്‍ ആണെന്നാണ് ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. ഇതിനു പിന്നില്‍ അത്തരം മാധ്യമങ്ങളുടെ ഗൂഢ അജണ്ടയാണെന്നും ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടി.
ALSO READ: ശബരിമല വിധി ഭരണഘടനയുമായി സംവദിക്കാനുള്ള സുവര്‍ണാവസരമാണ്; സുനില്‍ ഇളയിടം
സന്നിധാനത്തെ അലോപ്പതി, ഹോമിയോ ആശുപത്രികളില്‍ ചികില്‍സ തേടിയെത്തിയവരെ ബാധിച്ചിരിക്കുന്നത് സാധാരണ പനിയാണ്. ഇത് കാലാവസ്ഥാ വ്യതിയാനം മൂലം പിടിപെട്ടതാണെന്നും ആര്‍ക്കും എച്ച്.വണ്‍.എന്‍.വണ്‍ ബാധ കണ്ടെത്തിയിട്ടില്ലെന്നും മെഡിക്കല്‍ ഓഫീസര്‍മാര്‍ അറിയിച്ചു. പകര്‍ച്ചപ്പനിക്ക് ഫലപ്രദമായ പ്രതിരോധ മരുന്നുവിതരണം ഹോമിയോ ആശുപത്രിയില്‍ നടക്കുന്നുണ്ട്.
നെയ്യഭിഷേകം നടത്താനുള്ള അയ്യപ്പഭക്തര്‍ക്കായി വിരിവയ്ക്കാനും ക്ഷീണം മാറ്റാനും ,താമസിക്കുന്നതിനുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പൊലീസും ചേര്‍ന്ന് സുരക്ഷിത മേഖലകള്‍ സജ്ജീകരിച്ചുണ്ട്. ദേവസ്വം ബോര്‍ഡ് ഭക്തര്‍ക്കായി മുറികളും വാടകക്ക് നല്‍കുന്നുണ്ട്. ദേവസ്വം ബോര്‍ഡും ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരും,എല്ലാ ദിവസവും വിവിധ സ്പെഷ്യല്‍ ഓഫിസര്‍മാരുടെ യോഗം വിളിച്ചു ചേര്‍ത്ത് കാര്യങ്ങള്‍ വിലയിരുത്തി ആവശ്യമായ നിര്‍ദ്ദേശം നല്‍കുന്നുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഭീതിജനകവും തെറ്റിദ്ധാരണ പരത്തുന്നതുമായ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് അത്തരക്കാര്‍ പിന്‍മാറണമെന്നും ദേവസ്വം ബോര്‍ഡ് വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.
വരും ദിവസങ്ങളില്‍ ശബരിമലയില്‍ ഭക്തജന തിരക്ക് ഏറുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. ഭക്തര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും പൂര്‍ണ്ണമായും സജ്ജമാണെന്നും ഭക്തര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത തരത്തിലാണ് ബോര്‍ഡും സര്‍ക്കാരും കാര്യങ്ങള്‍ ക്രമീകരിച്ച് നടപ്പിലാക്കി പോകുന്നതെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.