| Sunday, 7th August 2022, 8:15 pm

'ജഡ്ജിയെ മുണ്ടുപൊക്കി കാണിച്ച് ചാക്കോച്ചന്‍'; ന്നാ താന്‍ കേസ് കൊട് ട്രെയ്‌ലര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ന്നാ താന്‍ കേസ് കൊട് ട്രെയ്‌ലര്‍ പുറത്ത്. 123മ്യൂസിക്‌സ് ആണ് ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുന്നത്.

രസകരമായി തന്നെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കിയിരിക്കുന്നത്. രാഷ്ട്രീയക്കാരെ വിമര്‍ശിക്കുകയും സാധാരണക്കാരുടെ പ്രശ്‌നങ്ങളെ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നതായാരിക്കും ചിത്രമെന്ന സൂചനകളാണ് ട്രെയിലര്‍ പങ്കുവെക്കുന്നത്. ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ചിത്രത്തിന്റേതായി പുറത്തുവന്ന ഗാനങ്ങളും നേരത്തെ ജനശ്രദ്ധ നേടിയിരുന്നു. 1985ല്‍ ഭരതന്റെ സംവിധാനത്തില്‍ പുറത്തുവന്ന മമ്മൂട്ടി ചിത്രം കാതോട് കാതോരം എന്ന ചിത്രത്തിലെ ദേവദൂതര്‍ പാടി എന്ന ഗാനത്തിന്റെ പുനരാവിഷ്‌ക്കാരണമാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

37 വര്‍ഷങ്ങള്‍ക്ക് ശേഷം ലക്ഷകണക്കിന് പ്രേക്ഷകര്‍ക്ക് ഇഷ്ടപെട്ട ഗാനത്തിന് പുനരാവിഷ്‌ക്കാരം വരുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് മമ്മൂട്ടി ഗാനം പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

ഒ.എന്‍.വി കുറുപ്പിന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം നല്‍കിയ ഗാനം ആദ്യം ആലപിച്ചത് യേശുദാസ് ആയിരുന്നു. പുനരാവിഷ്‌കാരം നല്‍കിയപ്പോള്‍ ഗാനം ആലപിച്ചിരിക്കുന്നത് ബിജു നാരായണനാണ്.

ചിത്രത്തില്‍ കൊഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. ചാക്കോച്ചന്‍ ആദ്യമായി കാസര്‍ഗോഡ് ഭാഷ പരീക്ഷിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററും നേരത്തെ വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

കുഞ്ചാക്കോ ബോബന്റെ കഥാപാത്രം ഒരു ചെറിയ പ്രശ്‌നവുമായി കോടതിയെ സമീപിക്കുന്നതും, തന്റെ കേസ് വാദിക്കാന്‍ ശ്രമിക്കുന്നതുമാണ് ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ പ്രമേയം.

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് ശേഷം സംവിധായകന്‍ രതീഷും നിര്‍മാതാവ് സന്തോഷ് ടി. കുരുവിളയും ഒന്നിക്കുന്ന ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. മഹേഷിന്റെ പ്രതികാരം, മായാനദി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വൈറസ്, ആര്‍ക്കറിയാം, നാരദന്‍ എന്നീ സിനിമകളുടെ നിര്‍മ്മാതാവായ സന്തോഷ് ടി. കുരുവിളയുടെ പന്ത്രണ്ടാമത്തെ ചിത്രമാണിത്.

കനകം കാമിനി കലഹമാണ് രതീഷ് ഒടുവില്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രം.

ഗായത്രി ശങ്കറാണ് ചിത്രത്തില്‍ നായിക. ബേസില്‍ ജോസഫ്, ഉണ്ണി മായ എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.

ഗാനരചന-വൈശാഖ് സുഗുണന്‍, സംഗീതം-ഡോണ്‍ വിന്‍സെന്റ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- അരുണ്‍ സി. തമ്പി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബെന്നി കട്ടപ്പന, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ് വിപിന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജ്യോതിഷ് ശങ്കര്‍, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം- മെല്‍വി ജെ, സ്റ്റില്‍സ്- സാലു പേയാട്, പരസ്യകല- ഓള്‍ഡ് മോങ്ക്സ്, സൗണ്ട്- വിപിന്‍ നായര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -സുധീഷ് ഗോപിനാഥ്, ഫിനാന്‍സ് കണ്‍ട്രോളര്‍- ജോബീസ് ആന്റണി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ജംഷീര്‍ പുറക്കാട്ടിരി.

Content Highlight: Nnna thaan case kodu movie trailer out

We use cookies to give you the best possible experience. Learn more