നെടുമ്പാശ്ശേരി വിമാനത്താവളം തുറക്കുന്ന തീയതി ഈ മാസം 29 ലേക്ക് നീട്ടിയതായി വിമാനത്താവള അതോറിറ്റി
Kerala News
നെടുമ്പാശ്ശേരി വിമാനത്താവളം തുറക്കുന്ന തീയതി ഈ മാസം 29 ലേക്ക് നീട്ടിയതായി വിമാനത്താവള അതോറിറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd August 2018, 9:56 am

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി അടച്ചിട്ടിരിക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം തുറക്കുന്ന കാര്യത്തില്‍ വീണ്ടും അനിശ്ചിതത്വം. വിമാനത്താവളം തുറക്കുന്ന തീയതി വീണ്ടും നീട്ടിയതായി റിപ്പോര്‍ട്ടുകള്‍.

വിമാനത്താവളം ഈ മാസം 26ന് തുറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ 29ന് മാത്രമേ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുകയൊള്ളുവെന്നാണ് സിയാല്‍ അധികൃതര്‍ ഇപ്പോള്‍ പറയുന്നത്.

29ന് ഉച്ചയോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണഗതിയിലാകുമെന്നും അധികൃതര്‍ അറിയിച്ചു.


ALSO READ: ‘പട്ടിയൊട്ടു പുല്ലു തിന്നുകയില്ല, പശുവിനെ തീറ്റിക്കയുമില്ലെന്ന നിലപാടാണ് കേന്ദ്രത്തിന്’; യു.എ.ഇയുടെ ധനസഹായം സ്വീകരിക്കുന്നതില്‍ തടസ്സമില്ല: രൂക്ഷവിമര്‍ശനവുമായി തോമസ് ഐസക്


കനത്ത മഴയെത്തുടര്‍ന്ന് വെള്ളം കയറിയതിനെ തുടര്‍ന്ന് റണ്‍വേകളിലടക്കം വന്‍ നാശനഷ്ടമാണ് ഉണ്ടായത്. ഈ മേഖലകളിലുണ്ടായ നാശനഷ്ടമടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്താന്‍ നടത്തിയ അവലോകന യോഗത്തിലാണ് വിമാനത്താവളം തുറക്കുന്നത് വീണ്ടും നീട്ടിയത്.

പ്രളയക്കെടുതിയില്‍ നിന്ന് മോചിതരായിട്ടില്ലാത്ത സാഹചര്യമായതിനാല്‍ യാത്രക്കാര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ ചുണ്ടിക്കാട്ടിയാണ് പുതിയ തീരുമാനമെന്നാണ് അധികൃതരുടെ വിശദീകരണം.

അതേസമയം വെള്ളം കയറിയതിനെത്തുടര്‍ന്ന് വിമാനത്താവളത്തിന് അടുത്തുള്ള കടകളും മറ്റ് വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ട നിലയിലാണ്. എല്ലാം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ സമയമെടുക്കുമെന്നും അതിന് ശേഷം മാത്രമേ വിമാനത്താവളം യാത്രക്കാര്‍ക്കായി തുറന്നുനല്‍കുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു.