| Wednesday, 14th September 2022, 11:37 am

എന്റെ റോളിലേക്കായിരുന്നു ഇവന്‍ ഇവനെത്തന്നെ കാസ്റ്റ് ചെയ്തത്: രാജേഷ് മാധവനെ ട്രോളി കുഞ്ചാക്കോ ബോബന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ന്നാ താന്‍ കേസ് കൊട് എന്ന രതീഷ് പൊതുവാള്‍ ചിത്രം തിയേറ്ററില്‍ നിന്നും ഒ.ടി.ടി യില്‍ എത്തിയിരിക്കുകയാണ്. സിനിമയില്‍ ഏറെ ചിരിപ്പിച്ച കഥാപാത്രമാണ് സുരേഷ് എന്ന ഓട്ടോഡ്രെവര്‍. രാജേഷ് മാധവനായിരുന്നു സുരേഷനായി എത്തിയത്.

പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച കഥാപാത്രമായിരുന്നു സുരേഷന്‍. ആയിരം കണ്ണുമായി എന്ന ഓട്ടോയുമായി രാജേഷ് എത്തുമ്പോള്‍ തന്നെ ചിത്രം കോമഡി ട്രാക്കിലേക്ക് മാറുന്നുണ്ട്. ഓരോ സീനിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാന്‍ സുരേഷന്‍ എന്ന കഥാപാത്രത്തിലൂടെ രാജേഷിന് കഴിഞ്ഞിട്ടുണ്ട്.

സിനിമയുടെ പ്രീഷൂട്ടിന് കുഞ്ചാക്കോ ബോബന്റെ റോള്‍ ചെയ്തിരുന്നത് രാജേഷായിരുന്നു. ന്നാ താന്‍ കേസ് കൊടിന്റെ പ്രൊമോഷന് വേണ്ടിയുള്ള പ്രസ്മീറ്റില്‍, സിനിമയുടെ കാസ്റ്റിങ്ങിനെക്കുറിച്ച് പറയുകയായിരുന്നു രാജേഷ്. രാജേഷിന്റെ ചില കമന്റുകള്‍ക്ക് ചാക്കോച്ചന്‍ തഗ്ഗ് മറുപടിയും നല്‍കുന്നുണ്ട്.

” ഞാന്‍ അങ്ങനെ തിരക്കുള്ള നടന്‍ ഒന്നുമല്ല. രതീഷേട്ടന്റെ സിനിമയില്‍ എനിക്ക് വേഷം ഉണ്ടാകും അത് അങ്ങനെയാണ്. രതീഷേട്ടന്റെ മുമ്പത്തെ രണ്ട് സിനിമയിലും ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഈ സിനിമയിലേക്ക് വരുമ്പോള്‍ കുറച്ചു കൂടെ ഉത്തരവാദിത്തം ഏറ്റെടുത്തുവെന്നെ ഉള്ളു. സുരേഷന്‍ എന്ന കഥാപാത്രത്തെ ഞാന്‍ അല്ല കാസ്റ്റ് ചെയ്യ്തത്. രതീഷേട്ടന്റെ സിനിമയില്‍ ഇതുവരെ എന്നെ ഞാന്‍ കാസ്റ്റ് ചെയ്തിട്ടില്ല, അതെല്ലാം രതിഷേട്ടനാണ്,” രാജേഷ് മാധവന്‍ പറഞ്ഞു.

ഇതോടെയായിരുന്നു രാജേഷിന്റെ കൈയില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങി കുഞ്ചാക്കോ ബോബന്റെ തഗ്ഗ് മറുപടി. ‘ രാജേഷ് അവനെ കാസ്റ്റ് ചെയ്യ്തത് രാജീവന്‍ എന്ന തന്റെ കഥാപാത്രത്തിന് വേണ്ടിയായിരുന്നെന്നാണ് ചാക്കോച്ചന്‍ ചിരിച്ചുകൊണ്ട് പറഞ്ഞത്.

‘ സിനിമയുടെ ഓഡീഷന്‍ തുടങ്ങുന്നതിന് മുമ്പ് ഇവര്‍ ഒരു ഓഡീഷന്‍ നടത്തിയിരുന്നു. ഒരു സ്ട്രീറ്റ് ഓഡീഷന്‍, നാട്ടിന്‍ പുറത്തെ കവലകളിലും ബസ്സ് സ്റ്റോപ്പിലുമൊക്കെ ചെന്നിരുന്ന് നോക്കിയിട്ട് കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ രൂപവും ഭാവവും ഒക്കെയുള്ള ആളുകളുടെ അടുത്ത് ചെന്ന് നിങ്ങള്‍ക്ക് അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിക്കും.

ചിലര്‍ താല്‍പര്യമുണ്ടെന്ന് പറയും. മറ്റുചിലര്‍ താല്‍പര്യമില്ലെന്ന് പറയും. അങ്ങനെ ഉള്ളവരെ പോലും നിര്‍ബന്ധിച്ച് ഇവര്‍ ഓഡീഷന് കൊണ്ട് വരും. അതില്‍ നിന്ന് സെലക്ട് ചെയ്തവരെ വച്ചിട്ട് പതിനഞ്ച് ദിവസം പ്രീഷൂട്ട് നടത്തി. അതില്‍ എന്‍െ കഥാപാത്രത്തെ ചെയ്തത് ഈ ദുഷ്ടനാ,” ചാക്കോച്ചന്‍ പറഞ്ഞു.

ഒ.ടി.ടി റിലീസിന് ശേഷം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ് ന്നാ താന്‍ കേസ് കൊട്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളേയും ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍ പ്രേക്ഷകര്‍.

Content Highlight: Nna than Case kodu Movie Rajesh Madhavan Trolls Kunchacko Boban

We use cookies to give you the best possible experience. Learn more