ന്നാ താന്‍ കേസ് കൊട് എന്ന രതീഷ് പൊതുവാള്‍ ചിത്രം തിയേറ്ററില്‍ നിന്നും ഒ.ടി.ടി യില്‍ എത്തിയിരിക്കുകയാണ്. സിനിമയില്‍ ഏറെ ചിരിപ്പിച്ച കഥാപാത്രമാണ് സുരേഷ് എന്ന ഓട്ടോഡ്രെവര്‍. രാജേഷ് മാധവനായിരുന്നു സുരേഷനായി എത്തിയത്.
പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച കഥാപാത്രമായിരുന്നു സുരേഷന്‍. ആയിരം കണ്ണുമായി എന്ന ഓട്ടോയുമായി രാജേഷ് എത്തുമ്പോള്‍ തന്നെ ചിത്രം കോമഡി ട്രാക്കിലേക്ക് മാറുന്നുണ്ട്. ഓരോ സീനിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാന്‍ സുരേഷന്‍ എന്ന കഥാപാത്രത്തിലൂടെ രാജേഷിന് കഴിഞ്ഞിട്ടുണ്ട്.
സിനിമയുടെ പ്രീഷൂട്ടിന് കുഞ്ചാക്കോ ബോബന്റെ റോള്‍ ചെയ്തിരുന്നത് രാജേഷായിരുന്നു. ന്നാ താന്‍ കേസ് കൊടിന്റെ പ്രൊമോഷന് വേണ്ടിയുള്ള പ്രസ്മീറ്റില്‍, സിനിമയുടെ കാസ്റ്റിങ്ങിനെക്കുറിച്ച് പറയുകയായിരുന്നു രാജേഷ്. രാജേഷിന്റെ ചില കമന്റുകള്‍ക്ക് ചാക്കോച്ചന്‍ തഗ്ഗ് മറുപടിയും നല്‍കുന്നുണ്ട്.
” ഞാന്‍ അങ്ങനെ തിരക്കുള്ള നടന്‍ ഒന്നുമല്ല. രതീഷേട്ടന്റെ സിനിമയില്‍ എനിക്ക് വേഷം ഉണ്ടാകും അത് അങ്ങനെയാണ്. രതീഷേട്ടന്റെ മുമ്പത്തെ രണ്ട് സിനിമയിലും ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഈ സിനിമയിലേക്ക് വരുമ്പോള്‍ കുറച്ചു കൂടെ ഉത്തരവാദിത്തം ഏറ്റെടുത്തുവെന്നെ ഉള്ളു. സുരേഷന്‍ എന്ന കഥാപാത്രത്തെ ഞാന്‍ അല്ല കാസ്റ്റ് ചെയ്യ്തത്. രതീഷേട്ടന്റെ സിനിമയില്‍ ഇതുവരെ എന്നെ ഞാന്‍ കാസ്റ്റ് ചെയ്തിട്ടില്ല, അതെല്ലാം രതിഷേട്ടനാണ്,” രാജേഷ് മാധവന്‍ പറഞ്ഞു.