തിയേറ്ററിലെ വന്‍ വിജയത്തിന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട് എന്ന ചിത്രം ഒ.ടി.ടിയില്‍ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ശക്തമായ ഒരു രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന ചിത്രം കൂടിയാണ് ന്നാ താന്‍ കേസ് കൊട്. റോഡിലെ കുഴിയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളും പ്രമേയമാകുന്ന ചിത്രത്തില്‍ ജനങ്ങള്‍ നേരിടുന്ന ഇന്ധന വിലവര്‍ധനവിനെ കൂടി സംവിധായകന്‍ ബ്രില്യന്റായി ഉപയോഗിച്ചിട്ടുണ്ട്.
2016 ലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ഹോസ്ദുര്‍ഗിലെ പെട്രോള്‍ പമ്പില്‍ എണ്ണയടിയ്ക്കാനായി ഒരു പൊലീസ് ജീപ്പ് വന്ന് നില്‍ക്കുന്നിടത്തുനിന്നാണ് സിനിമ തുടങ്ങുന്നത്.
സിനിമയുടെ ആദ്യ സീനില്‍ തന്നെ പെട്രോളിന്റെ ആ ദിവസത്തെ വില കാണിക്കുന്നുണ്ട്. പെട്രോള്‍ പമ്പിന് മുന്‍പില്‍ തൂക്കിയിട്ട ബോഡില്‍ 72.29 രൂപയാണ് വിലയായി കാണിച്ചിരിക്കുന്നത്.
സിനിമയുടെ ഒരു ഘട്ടത്തില്‍ രാജീവനെ ഇടിച്ചിട്ട ഓട്ടോ അന്വേഷിച്ചു പോകുന്ന പൊലീസുകാരന്‍ ഓട്ടോ സ്റ്റാന്റിലെത്തി ഓട്ടോ പരിശോധിക്കുമ്പോള്‍ സൈഡ് ഗ്ലാസ് പൊട്ടിയ ഒരു ഓട്ടോയുടെ ഡ്രൈവറോട് ഇതെങ്ങനെ പൊട്ടിയെന്ന് ചോദിക്കുന്നുണ്ട്. നിരാശ കൊണ്ട് താന്‍ തന്നെ കുത്തിപ്പൊട്ടിച്ചതാണെന്ന് മറുപടി പറയുമ്പോള്‍ നിരാശ തോന്നാന്‍ ഈ വണ്ടി പെട്രോളല്ലല്ലോ ഇലക്ട്രിക്കലല്ലേ എന്ന പൊലീസുകാരന്റെ ചോദ്യത്തിലും ഉയരുന്ന പെട്രോള്‍ വില പരാമര്‍ശിക്കുന്നുണ്ട്.
അതിന് ശേഷം രാജീവന്‍ കോടതിയില്‍ ഹാജരാക്കുന്ന സാക്ഷിയായ ബൈക്കര്‍ ആകാശ് കുഞ്ഞിക്കണ്‍ എത്തുന്ന രംഗത്തിലും പെട്രോളിന്റെ വിലയെ കുറിച്ചുള്ള സംഭാഷണങ്ങള്‍ വരുന്നുണ്ട്.
എന്താണ് പണിയെന്ന് ജഡ്ജി ചോദിക്കുമ്പോള്‍ ബൈക്കറാണെന്നും ബൈക്കുമായിട്ട് വേള്‍ഡ് മുഴുവന്‍ കറങ്ങുമെന്നും അതൊരു പ്രൊഫഷനാണെന്നും ആകാശ് കുഞ്ഞിക്കണ്‍ പറയുന്നു.
അതിന് എണ്ണയൊന്നും അടിക്കണ്ടേ എന്ന് ജഡ്ജി തിരിച്ചു ചോദിക്കുമ്പോള്‍ അടിക്കണം സാര്‍, പെട്രോളിനെല്ലാം എന്താ വില, ഡെയ്‌ലി കൂടുകയല്ലേ ചെയ്യുന്നത്. ഇപ്പോള്‍ 75 രൂപയാണ്. ഇന്നും കൂടി 75 പൈസ. സാറിന് ഇടപെട്ടിട്ട് എന്തേലും ചെയ്യാന്‍ പറ്റ്വോ? പ്രൊഫഷനെല്ലാം ആകെ ഡൗണാണ് സാര്‍ എന്ന മറുപടിയാണ് നല്‍കുന്നത്.
എല്ലാം ശരിയാകുമെന്നല്ലേ പറയുന്നത് നമുക്ക് നോക്കാമെന്ന് പറഞ്ഞ് ചിരിക്കുന്ന ജഡ്ജിയുടെ ഡയലോഗിലാണ് ഈ സീന്‍ അവസാനിക്കുന്നത്.
ഇത്തരത്തില്‍ സിനിമയിലുടനീളം പെട്രോള്‍ വിലയിലുള്ള വര്‍ധനവ് കാണിക്കുന്നുണ്ട്. സിനിമ അവസാനിക്കുന്നിടത്തും നൂറിലേയ്ക്കടുക്കുന്ന പെട്രോള്‍ വിലവര്‍ധവിനെ സിനിമ അടയാളപ്പെടുത്തുന്നുണ്ട്.
Content Highlight: Nna Than Case Kodu Movie Petrol Price Reference