ഒ.ടി.ടി റിലീസിന് പിന്നാലെ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. റോഡിലെ കുഴി പ്രധാന പ്രമേയമാകുന്ന ചിത്രത്തില്‍ ഇന്ധന വിലവര്‍ധനും ബീഫും ഗോമൂത്രവും ലിവിങ് ടുഗെതര്‍ റിലേഷനും ‘അസമയത്തെ’ പെണ്‍കുട്ടിയുടെ യാത്രയുമെല്ലാം പല തരത്തില്‍ ചര്‍ച്ചയാകുന്നുണ്ട്.
അല്ലറ ചില്ലറ മോഷണവുമായൊക്കെ നടന്നിരുന്ന രാജീവന്‍ മോഷണമൊക്കെ നിര്‍ത്തി ഒരു പെണ്‍കുട്ടിയുമായി ജീവിതം ആരംഭിക്കുന്നതും അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു അപകടവും അതിനെ തുടര്‍ന്ന് നീതി തേടി കോടതി കയറുന്നതും തന്റെ അപകടത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് ശിക്ഷ നേടിക്കാടുക്കുന്നതുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തിലെ വലിയൊരു ശതമാനം സീനുകളും കോടതി മുറിയിലാണ് ചിത്രീകരിച്ചത്. രാജീവന്റെ കേസിലെ സാക്ഷികളായി കോടതി മുറിയിലെത്തുന്ന കഥാപാത്രങ്ങളെല്ലാം സമൂഹത്തില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിക്കുന്നവരാണ്.
അത്തരത്തില്‍ കോടതിയില്‍ സാക്ഷിപറയാനായി എത്തുന്ന ഒരു കഥാപാത്രമാണ് ആകാശ് കുഞ്ഞിക്കണ്‍ എന്ന ബൈക്കര്‍. ഹിമാലയന്‍ യാത്ര കഴിഞ്ഞ് വരുന്ന ആകാശാണ് കേസില്‍ ഒരു പ്രധാന സാക്ഷിയാകുന്നത്.
വാദത്തിനിടെ വലിച്ചിരുന്നോ എന്ന വക്കീലിന്റെ ചോദ്യത്തിന് ഉണ്ടെന്ന് ആകാശ് മറുപടി പറയുമ്പോള്‍ അന്ന് ഇയാള്‍ ഡ്രഗ് ഉപയോഗിച്ചിരുന്നെന്നും അതിന്റെ പുറത്തുള്ള ഹലൂസിനേഷനിലാണ് ഇയാള്‍ മനസില്‍ തോന്നിയ കാര്യങ്ങള്‍ ഇവിടെ വന്ന് പറയുന്നതെന്നുമാണ് വക്കീല്‍ വാദിക്കുന്നത്.
എന്നാല്‍, സാറേ ഞാനേ വലിച്ചിട്ടുള്ളൂ എന്റെ ഹെല്‍മെറ്റില്‍ ഘടിപ്പിച്ച ക്യാമറ വലിച്ചിട്ടില്ലെന്ന് ആകാശ് പറയുമ്പോള്‍ ചര്‍ച്ചയാകുന്നത് ബൈക്കില്‍ ക്യാമറ ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദം കൂടിയാണ്.
സംസ്ഥാനത്തെ ഇരുചക്ര വാഹന യാത്രക്കാര്‍ ഹെല്‍മറ്റുകളില്‍ ക്യാമറ ഘടിപ്പിക്കുന്നത് അടുത്തിടെ മോട്ടോര്‍ വാഹന വകുപ്പ് വിലക്കിയിരുന്നു. മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളും ഉയര്‍ന്നിരുന്നു.
ഹെല്‍മറ്റുകളില്‍ ക്യാമറ ഘടിപ്പിച്ചത് കണ്ടെത്തിയാല്‍ 1000 രൂപ പിഴ ഈടാക്കാനാണ് വകുപ്പിന്റെ തീരുമാനം. ആവശ്യമെങ്കില്‍ മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കാനും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അടുത്തിടെ ഉണ്ടായ അപകടങ്ങളില്‍ ക്യാമറ വെച്ച ഹെല്‍മറ്റ് ധരിച്ചവര്‍ക്ക് പരിക്കേല്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനമെന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ വിശദീകരണം. എന്നാല്‍ ഉദ്യോഗസ്ഥരുടെ കൈക്കൂലി ഉള്‍പ്പെടെയുള്ള അഴിമതികള്‍ മറയ്ക്കാനാണ് ലോകവ്യാപകമായി ഉപയോഗിക്കുന്ന ഇത്തരം ക്യാമറകളുടെ നിരോധനം എന്നായിരുന്നു മറുഭാഗത്തിന്റെ വാദം.
‘റൈഡ് റെക്കോര്‍ഡ് ചെയ്യുക എന്ന ഒറ്റ ഉദ്ദേശത്തോടെയാണ് പലരും ഹെല്‍മറ്റില്‍ ക്യാമറ ഘടിപ്പിക്കുന്നത്. ഇത്തരം ക്യാമറ ഹെല്‍മറ്റില്‍ വെച്ച് ബൈക്കോടിക്കുന്നവരുടെ മനസിലെ ചിന്ത മുഴുവന്‍ ഇതിനെക്കുറിച്ചും റെക്കോര്‍ഡിംഗിനെക്കുറിച്ചുമൊക്കെ മാത്രമായിരിക്കുമെന്നും മാത്രമല്ല ഹെല്‍മെറ്റില്‍ മാറ്റം വരുത്തുന്നത് നിയമവിരുദ്ധവുമാണെന്നുമൊക്കൊയാണ് മോട്ടോര്‍ വകുപ്പിന്റെ വാദം.
ഹെല്‍മറ്റില്‍ ക്യാമറ ഘടിപ്പിക്കുന്നതില്‍ നിരോധനം ഏര്‍പ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനവും കേരളമാണ്. ഈ ഒരു വിഷയം കൂടിയാണ് ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ സംവിധായകന്‍ പറഞ്ഞു പോകുന്നത്.
Content Highlight: Nna Than Case kodu movie Discussed Helmet Camera Issues