ന്നാ താന്‍ കേസ് കൊട് എന്ന രതീഷ് പൊതുവാള്‍ ചിത്രം ഒ.ടി.ടി റിലീസിന് പിന്നാലെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ചിത്രത്തില്‍ കുറഞ്ഞ സീനുകളില്‍ മാത്രം എത്തുന്ന നിരവധി കഥാപാത്രങ്ങള്‍ അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. പലരുടേയും ആദ്യ സിനിമയായിട്ടു കൂടി അതൊട്ടും പ്രേക്ഷകനെ ഫീല്‍ ചെയ്യിപ്പിക്കാത്ത രീതിയിലായിരുന്നു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്.
അത്തരത്തില്‍ ന്നാ താന്‍ കേസ് കൊടില്‍ പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ച ഒരു കഥാപാത്രമായിരുന്നു ബൈക്കര്‍ ആകാശ് കുഞ്ഞിക്കണ്‍. നടന്‍ മൃദുല്‍ നായരായിരുന്നു ആകാശ് കുഞ്ഞിക്കണ്ണായി എത്തിയത്. ആകാശ് സ്‌ക്രീനിലെത്തുമ്പോഴെല്ലാം ഓരോ ഡയലോഗിലും പ്രേക്ഷകര്‍ നിറഞ്ഞുചിരിക്കുകയായിരുന്നു.
സിനിമയില്‍ കോടതിയില്‍ സാക്ഷിപറയാനായി എത്തുന്ന ഒരു കഥാപാത്രമാണ് ആകാശ് കുഞ്ഞിക്കണ്‍ എന്ന ബൈക്കര്‍. ഹിമാലയന്‍ യാത്ര കഴിഞ്ഞ് വരുന്ന ആകാശാണ് കേസില്‍ ഒരു പ്രധാന സാക്ഷിയാകുന്നത്.
യാത്ര കഴിഞ്ഞ് വരുന്ന വഴി തട്ടുകടയില്‍ കയറി നാല് പൊറോട്ടയും, ബീഫ് കറി തീര്‍ന്നതോണ്ട് താറാവ് റോസ്റ്റും കഴിച്ച്, മുന്തിരി ജ്യൂസിന് പൈസ ഇല്ലാത്തോണ്ട് കട്ടന്‍ ചായേം കുടിച്ച് കടവും പറഞ്ഞ് നില്‍ക്കുമ്പോഴാണ് അപകടം കണ്ടതെന്ന ആകാശിന്റെ ആദ്യ ഡയലോഗ് തന്നെപ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ട്.
ഇത്തരത്തില്‍ ആകാശ് കുഞ്ഞിക്കണ്‍ പറയുന്ന ഓരോ ഡയലോഗിനും കോടതിയിലെന്ന പോലെ പ്രേക്ഷകര്‍ക്കിടയിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഡിസംബറില്‍ ഹിമാലയത്തില്‍ നല്ല തണുപ്പായിരിക്കും ല്ലേ എന്ന വക്കീലിന്റെ ചോദ്യത്തിന് മൈനസ് എട്ടെല്ലാം ഉണ്ടാകുമെന്നും കുറച്ച് കുപ്പിയിലാക്കി കൊണ്ടുവന്നിട്ടുണ്ടെന്നുമാണ് ആകാശ് നല്‍കുന്ന മറുപടി.
അവിടുന്ന് ഇവിടെ എത്തുമ്പോഴേക്ക് ഐസ് വെള്ളാവില്ലേ ആകാശ് കുഞ്ഞിക്കണ്ണേ എന്ന് വക്കീല്‍ ചോദിക്കുമ്പോള്‍ ഫ്രീസറില്‍ വെച്ചാല്‍ പോരെയെന്ന ആകാശിന്റെ മറുപടിയും രസിപ്പിക്കുന്നതാണ്.
ആകാശ് കുഞ്ഞിക്കണ്ണന്‍ ഈ പ്രെഫഷന്‍ തിരഞ്ഞെടുക്കാന്‍ എന്താണ് കാരണമെന്ന വക്കീലിന്റെ ചോദ്യത്തിനും കിണ്ണം കാച്ചിയ ഒരു മറുപടിയാണ് പുള്ളിക്കാരന്‍ നല്‍കുന്നത്.
‘ ഒരു ദിവസം എനക്ക് തോന്നി എന്റെയീ പേര് ഒരു ബൈക്കറിന് പറ്റിയ പേരാണെന്ന്. പിന്നെ ഒന്ന് രണ്ട് ടാറ്റൂ എല്ലാം ഉണ്ടായിന്. ബാക്കിം കൂടി അടിച്ചപ്പോ സംഭവം മൊത്തം കളറായി. അങ്ങനെയാണ് ഞാനീ പ്രൊഫഷന്‍ തിരഞ്ഞെടുത്തത് എന്ന് വളരെ ആത്മാഭിമാനത്തോടെ ജഡ്ജിയെ നോക്കിപ്പറയുമ്പോഴുള്ള ആകാശിന്റെ മാനറിസം പൊളിച്ചെന്നാണ് ആരാധകരും പറയുന്നത്.
വാദത്തിനിടെ ആകാശ് വലിക്ക്വോ എന്ന വക്കീലിന്റെ ചോദ്യത്തിന് വലിക്കുമെന്നും കഞ്ചാവ് വലിക്ക്വോ എന്ന ചോദ്യത്തിന് നല്ലതാണെങ്കില്‍ വലിക്കുമെന്നുമാണ് വളരെ സ്വാഭാവികമായി ആകാശ് പറയുന്നത്.
ഹിമാലയത്തില്‍ നിന്ന് വരുന്നോണ്ട് അന്നും വലിച്ചിട്ടുണ്ടാകുമല്ലേയെന്ന് വക്കീല്‍ ചോദിക്കുമ്പോള്‍ ഹിമാലയത്തില്‍ നിന്ന് വരുന്നോരെല്ലാം വലിക്കുമെന്ന ധാരണ തെറ്റാണെന്ന് ചാക്കോച്ചന്റെ കഥാപാത്രം എഴുന്നേറ്റ് പറയുന്നുണ്ട്.
അതെ അങ്ങനാണേല്‍ ഗംഗ ഹിമാലയത്തില്‍ നിന്നല്ലേ വരുന്നത്, വലിച്ചിട്ടാ വരുന്നത്? എന്നുള്ള ഒരു കിടിലന്‍ തഗ്ഗ് ഡയലോകും കൂടി പറഞ്ഞ് ആ സീനിനെ മൊത്തം കളറാക്കുകയാണ് ആകാശിന്റെ കഥാപാത്രം.
വളരെ കയ്യടക്കത്തോടെ അതിലുപരി അങ്ങേയറ്റം സ്വാഭാവികതയോടെ ആകാശ് കുഞ്ഞിക്കണ്‍ എന്ന കഥാപാത്രത്തെ സ്‌ക്രീനിലെത്തിക്കാന്‍ മൃദുലിന് സാധിച്ചിട്ടുണ്ട്. ആസിഫ് അലി നായകനായ ബി ടെക്, പൃഥ്വിരാജ് നായകനായ ഡ്രൈവിങ് ലൈസന്‍സ് എന്നീ ചിത്രത്തിലും മൃദുല്‍ വേഷമിട്ടിട്ടുണ്ട്.
Content Highlight: Nna Than Case kodu movie akash kunhikkan character performance