കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട് കേരളത്തില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.
ചിത്രം റിലീസ് ചെയ്ത ഓഗസ്റ്റ് 11ന് പുറത്തുവന്ന പോസ്റ്റര്‍ കേരളത്തില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ‘തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ,’ എന്നായിരുന്നു പോസ്റ്ററിലെ ക്യാപ്ഷന്‍.
ഇതിനെതിരെ ഇടത് പ്രൊഫൈലുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. പിന്നാലെ ചിത്രം ബഹിഷ്‌കരിക്കണമെന്നതുള്‍പ്പെടെയുള്ള സൈബര്‍ അറ്റാക്കും സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു.
എന്നാല്‍ പോസ്റ്ററിലെ വാചകങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയോ സര്‍ക്കാരിനെയോ ഉദ്ദേശിച്ചല്ല എന്നായിരുന്നു സംവിധായകനും കുഞ്ചാക്കോ ബോബനും പറഞ്ഞത്.
ഇപ്പോഴിതാ വിവാദ പോസ്റ്ററിന് പിന്നാലെ ചിത്രത്തിന്റെ അടുത്ത പോസ്റ്ററും ശ്രദ്ധ നേടുകയാണ്. സിനിമയുടെ യു.കെ, അയര്‍ലന്‍ഡ് തീയേറ്റര്‍ ലിസ്റ്റ് പോസ്റ്ററിലാണ് ‘തിയേറ്ററിലേക്കുള്ള വഴിയില്‍ കുഴിയില്ല എന്നാലും വന്നേക്കണേ’ എന്ന ക്യാപ്ഷന്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. ഓഗസ്റ്റ് 19മുതലാണ് ചിത്രം യു.കെയിലും അയര്‍ലന്‍ഡിലും റിലീസ് ചെയ്യുന്നത്.
എന്തായാലും പുതിയ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ 25 കോടി പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാക്കാനും അത് വഴി സിനിമയെ പറ്റി കൂടുതല്‍ ആളുകള്‍ അറിയാനുള്ള അണിയറപ്രവര്‍ത്തകരുടെ ബുദ്ധിയായും പോസ്റ്ററുകളിലെ ഇത്തരം ക്യാപ്ഷനുകളെ കാണുന്നവരും സോഷ്യല്‍ മീഡിയയിലുണ്ട്.
ബേസില്‍ ജോസഫ്, ഉണ്ണിമായ, രാജേഷ് മാധവന്‍ എന്നിവരും ഒപ്പം നിരവധി പുതുമുഖങ്ങളും സിനിമയില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തുവന്ന ഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.
കാസര്‍ഗോഡാണ് ന്നാ താന്‍ കേസ് കൊടിന്റെ പശ്ചാത്തലം. അല്ലറ ചില്ലറ മോഷണങ്ങളൊക്കെ നടത്തുകയും പലയാവര്‍ത്തി പൊലീസ് പിടിയിലാവുകയും ചെയ്ത ആളാണ് കഥാനായകനായ കൊഴുമ്മല്‍ രാജീവന്‍. ഹോസ്ദുര്‍ഗില്‍ നടക്കുന്ന ഒരു മോഷണത്തിനിടെ പൊലീസില്‍ നിന്ന് രക്ഷപ്പെട്ടോടുന്ന രാജീവന്‍ ചെന്നെത്തുന്നത് ചീമേനിയില്‍ ആണ്.
ആ നാട്ടില്‍ കണ്ടുമുട്ടിയ ഒരു പെണ്‍കുട്ടിയുമായി അയാള്‍ പ്രണയത്തിലാവുകയും അവള്‍ക്കൊപ്പം ജീവിച്ചുതുടങ്ങുകയും ചെയ്യുന്നതും മോഷണം നിര്‍ത്തി ജീവിക്കുമ്പോള്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടവും അതിനെ തുടര്‍ന്ന് അപകടത്തിന് കാരണക്കാരായവരെ നിയമം വഴി രാജീവന്‍ നേരിടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.