movie review
Nna Thaan Case Kodu Review | മന്ത്രിയെ കുഴിയില്‍ വീഴ്ത്തി ചാക്കോച്ചന്‍
അന്ന കീർത്തി ജോർജ്
2022 Aug 11, 04:52 pm
Thursday, 11th August 2022, 10:22 pm
കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് കൊഴുമ്മല്‍ രാജീവന്‍. പൂര്‍ണമായും കഥാപാത്രമായി മാറിക്കൊണ്ട് സംസാരരീതിയും സ്വഭാവവുമൊക്കെ ഉള്ളിലേക്കെടുത്ത് ചാക്കോച്ചന്‍ ആറാടിയിട്ടുണ്ട്. പട്ടി കടിച്ചതുകൊണ്ടുണ്ടായ മുറിവുകളുണ്ടാക്കുന്ന ശാരീരിക വിഷമതകളടക്കം ബോഡി മൂവ്മെന്റ്സിലും മുഖഭാവങ്ങളിലും അടിമുടി രാജീവനായിട്ടുണ്ട് അദ്ദേഹം.

സംവിധാനമികവും ഓരോ സീനും മേക്ക് ചെയ്തെടുത്തിരിക്കുന്നതിലെ എന്‍ഗേജിങ്ങായ സ്‌റ്റൈലും അപാര കാസ്റ്റിങ്ങും കൊണ്ട് കിടിലന്‍ പടമാകുന്നുണ്ട് ന്നാ താന്‍ കേസ് കൊട്.

ചില ക്യാമറ ആംഗിളുകളും എഡിറ്റിങ്ങും കൊണ്ട് പോലും പൊട്ടിച്ചിരി പടര്‍ത്താന്‍ കഴിയുന്ന ലെവല്‍ മേക്കിങ്ങും കൃത്യം ടൈമിങ്ങുള്ള കോമഡിയുമായെത്തുന്ന സിനിമ നല്ലൊരു ആക്ഷേപഹാസ്യമാണ്. സംഘികള്‍ക്ക് ചില കൊട്ടുകള്‍ കൂടി കൊടുത്താണ് പടം കഥ പറയുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, റോഡില്‍ കുഴിയുണ്ടെന്ന പോസ്റ്ററിലെ വാചകത്തിന്റെ പേരിലെ ബഹിഷ്‌കരണ ക്യാംപെയ്ന്‍ കൊണ്ടൊന്നും രതീഷ് പൊതുവാള്‍-കുഞ്ചാക്കോ ബോബന്‍ ടീമിന്റെ ഈ പടത്തെ തിയേറ്ററില്‍ നിന്നും ഓടിച്ചുവിടാനാകില്ല.

കോമഡി വര്‍ക്കൗട്ട് ചെയ്തെടുക്കുന്നതിലെ രതീഷ് പൊതുവാള്‍ എന്ന ഫിലിം മേക്കറുടെ വ്യത്യസ്തമായ ശൈലിയാണ് അദ്ദേഹത്തിന്റെ സിനിമകളുടെ ഹൈലൈറ്റ്. ന്നാ താന്‍ കേസ് കൊടിലും ഇതുതന്നെ കാണാം. ഒരാളെ പട്ടി കടിച്ചതില്‍ നിന്നും തുടങ്ങുന്ന കഥ പിന്നീട് പടിയായി ഉയര്‍ന്നുവരുന്ന പ്ലോട്ടിനെ അതിഗംഭീരമായ രീതിയില്‍ രതീഷ് എഴുതുകയും അതിലും ഗംഭീരമായി മേക്ക് ചെയ്തെടുക്കുകയും ചെയ്തിട്ടുണ്ട്.

സിനിമയില്‍ കാണിച്ചിരിക്കുന്ന ഒബ്ജക്ടുകള്‍, ആര്‍ട്ട് വര്‍ക്ക്, ക്യാമറ ആംഗിളുകള്‍, കഥാപാത്രങ്ങളുടെ ക്ലോസ് അപ്പ് ഷോട്ടുകള്‍ തുടങ്ങിയവക്കെല്ലാം ഒരു സ്പെഷ്യല്‍ റിഥമുണ്ട്. രതീഷിന്റെ മുന്‍ചിത്രമായ കനകം കാമിനി കലഹത്തിലും സമാനമായ ഒരു മോഡുണ്ടായിരുന്നു. എന്നാല്‍ ആ സിനിമയില്‍ നിന്നും പ്ലോട്ടിലും ട്രീറ്റ്മെന്റിലുമൊക്കെ വളരെ വ്യത്യസ്തമായ സിനിമയാണ് ന്നാ താന്‍ കേസ് കൊട്.

പ്രൊഡക്ഷന്‍ ഡിസൈനാണ് അടുത്ത സ്ട്രോങ്ങ് പോയിന്റ്. രതീഷ് തന്നെയാണ് അതും നിര്‍വഹിച്ചിരിക്കുന്നത്. സിനിമയില്‍ കാണിക്കുന്ന ഓരോ വസ്തുക്കള്‍ക്കും അതിന്റെ കളറിനുമെല്ലാം സിനിമയുടെ ആസ്വദനം മികച്ചതാക്കുന്നതില്‍ വലിയ പങ്കുണ്ട്.

മലയാള സിനിമയിലെ കോര്‍ട്ട് റൂം ഡ്രാമ ട്രെന്‍ഡിലേക്കുള്ള ഏറ്റവും പുതിയ അഡീഷന്‍ കൂടിയാണ് കേസ് കൊട്. കോടതിമുറിയിലെ വ്യവഹാരങ്ങളെ വളരെ റിയലിസ്റ്റിക്കായി സമീപിച്ചുകൊണ്ട്, ആ കോടതിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ കുറിക്കുകൊള്ളുന്ന കോമഡി സിനിമ സൃഷ്ടിച്ചെടുക്കുന്നുണ്ട്.

കുഴിയും ആ കുഴിയുണ്ടായ വഴിയും അതിന്റെ ദുരിതമനുഭവിക്കേണ്ടി വന്ന ഒരു മനുഷ്യന്‍ നടത്തി നിയമ പോരാട്ടവുമാണ് സിനിമയുടെ പ്രമേയം. സിനിമയില്‍ നീതിന്യായവ്യവസ്ഥയും മന്ത്രിമാരും അധികാരവും അഴിമതിയുമെല്ലാം കടന്നുവരുന്നുണ്ട്. എന്നാല്‍ അതിനെയൊക്കെ എങ്ങനെ പ്ലേസ് ചെയ്തിരിക്കുന്നു എന്നതും ചില കഥാപാത്രങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നതുമാണ് കേസ് കൊടിനെ മികച്ചതാക്കുന്നത്.

കാസര്‍ഗോഡിന്റെ കഥ പറയുന്ന സിനിമകള്‍ മലയാളത്തിലുണ്ടാകുന്നുവെന്നതും ഒരു സന്തോഷമാണ്. ഭാഷശൈലിയ്ക്കൊപ്പം കാഞ്ഞങ്ങാടിന്റെ തെയ്യവും തോണിയുമെല്ലാം സിനിമയിലുണ്ട്. പെട്രോള്‍ വിലവര്‍ധനവിനെ കൃത്യമായി രേഖപ്പെടുത്തി മുന്നോട്ടുപോകുന്ന സിനിമ, ഗോമൂത്ര മഹാത്മ്യങ്ങളെയും ട്രോളിനെയും ബീഫിനെ പുകഴ്ത്തുകയും ചെയ്യുന്നുണ്ട്.

ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളെയും പ്രണയത്തെയും സിനിമ അവതരിപ്പിച്ചിരിക്കുന്നതും അതിനകത്തുള്ള സ്ത്രീകഥാപാത്രങ്ങള്‍ വളരെ കാഷ്വലായി തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്നതും ഇന്‍ട്രസ്റ്റിങ്ങായിരുന്നു. സിനിമയില്‍ ശബരിമലക്ക് പോകാന്‍ മാലയിട്ട രണ്ട് സ്ത്രീകളും പര്‍ദ്ദയിട്ട മൂന്ന് സ്ത്രീകളും ഇരിക്കുന്ന വിഷ്വലുണ്ട്. ഇന്നത്തെ രാഷ്ട്രീയ സാമൂഹ്യസാഹചര്യങ്ങളിലേക്കുള്ള സൈലന്റ് കമന്റായി ഈ ഭാഗങ്ങളെ കാണാവുന്നതാണ്.

സിനിമയില്‍ ഏറ്റവും ഗംഭീരമായി തോന്നിയത് കാസ്റ്റിങ്ങാണ്. കുഞ്ചാക്കോ ബോബനും ഗായത്രിയും രാജേഷ് മാധവനുമൊഴിച്ച് സിനിമയിലുള്ള ഒരുവിധം പേരൊക്കെ പുതുമുഖങ്ങളാണ്. പ്രദേശത്തുള്ളവരെ തന്നെയാണ് അധികവും കാസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ പലയിടത്തും കുഞ്ചാക്കോ ബോബനേക്കാള്‍ സ്‌കോര്‍ ചെയ്യുന്നത്, ഇങ്ങനെ കാസ്റ്റ് ചെയ്തെടുത്ത മജിസ്ട്രേറ്റും വാദിഭാഗം വക്കീലും പ്രതിഭാഗം വക്കീലും സാക്ഷികളുമാണ്.

മജിസ്ട്രേറ്റായി അഭിനയിച്ച നടന്റെ പെര്‍ഫോമന്‍സ് എടുത്തു പറയേണ്ടതാണ്. സിനിമയുടെ നെടുംതൂണായി മാറുന്നത് അദ്ദേഹത്തിന്റെ മാനറിസങ്ങളും ഡയലോഗ് ഡെലിവറിയും ആ ക്യാരക്ടറിന്റെ സ്‌കെച്ചുമാണ്. കോടതിയിലെ പ്രാവുമായുള്ള സീനുകള്‍ മികച്ചൊരു ട്രീറ്റായിരുന്നു. കൃഷ്ണന്‍ വക്കീല്‍, ഷുക്കൂര്‍ വക്കീല്‍, എം.എല്‍.എ, മന്ത്രി പ്രേമന്‍, ഗംഗാധരന്‍ സര്‍, സാമുവല്‍ സര്‍ തുടങ്ങി ഓരോരുത്തരും തങ്ങള്‍ വരുന്ന ഭാഗങ്ങളിലങ്ങ് ജീവിച്ചിരിക്കുകയാണ്.
മാത്രമല്ല എല്ലാവരും വളരെ എളുപ്പത്തില്‍ കോമഡി കൈകാര്യം ചെയ്യുന്നുമുണ്ട്. തിങ്കളാഴ്ച നിശ്ചയത്തിലെ അഭിനേതാക്കളെ കണ്ടപ്പോഴുണ്ടായ അതേ ‘വൗ ഇഫക്ടാണ്’ ഈ സിനിമയിലെ അഭിനേതാക്കളുടെ പെര്‍ഫോമന്‍സ് കണ്ടപ്പോഴും തോന്നിയത്.

ചിത്രത്തിലെ പൊലീസ് കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തരായിരുന്നു. ആദ്യ അറസ്റ്റ് നടത്താന്‍ പോകുന്ന ചെറുപ്പം പൊലീസുകാരനും തെയ്യം കെട്ടുന്ന പൊലീസുകാരനും തുടങ്ങി ഓരോരുത്തരും വ്യത്യസ്തര്‍.

ഇനി കുഞ്ചാക്കോ ബോബനെ കുറിച്ച്, അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് കൊഴുമ്മല്‍ രാജീവന്‍. പൂര്‍ണമായും കഥാപാത്രമായി മാറിക്കൊണ്ട് സംസാരരീതിയും സ്വഭാവവുമൊക്കെ ഉള്ളിലേക്കെടുത്ത് ചാക്കോച്ചന്‍ ആറാടിയിട്ടുണ്ട്. പട്ടി കടിച്ചതുകൊണ്ടുണ്ടായ മുറിവുകളുണ്ടാക്കുന്ന ശാരീരിക വിഷമതകളടക്കം ബോഡി മൂവ്മെന്റ്സിലും മുഖഭാവങ്ങളിലും അടിമുടി രാജീവനായിട്ടുണ്ട് അദ്ദേഹം.

ഗായത്രിയുടെ ദേവിയും നല്ല പെര്‍ഫോമന്‍സായിരുന്നു. സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്ന പല തീരുമാനങ്ങളും ഡയലോഗുകളും പറയുന്നത് ഈ കഥാപാത്രമാണ്. ആദ്യവസാനം തന്റെ ബോധ്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന കഥാപാത്രമായിട്ടാണ് ഇവരെത്തുന്നത്.

അടുത്ത കാലത്ത് കണ്ടതില്‍ ഏറ്റവും രോമാഞ്ചം തോന്നിയ പഞ്ച് മൊമന്റുകളുള്ള സിനിമ കൂടിയാണിത്. ഒരു ഘടാഘടിയന്‍ ഡയലോഗും കാതുപൊട്ടുന്ന മ്യൂസികുമൊന്നും കൂടാതെയാണ് ന്നാ താന്‍ കേസ് കൊട് ആ മൊമന്റ്സ് സൃഷ്ടിക്കുന്നത്. ഇതിലെ മജിസ്ട്രേറ്റ് നിയമപ്രകാരം ചില തീരുമാനങ്ങളെടുക്കുതും കസേരയിലേക്ക് ചാരിയിരുന്നുകൊണ്ട് അത് പറയുന്നതും, തന്ത്രപ്രധാനമായ സീനുകളിലെ ദേവിയുടെ ഡയലോഗുകളും ഹൈ പോയിന്റുകളായിരുന്നു.

ഡോണ്‍ വിന്‍സന്റിന്റെ മ്യൂസികാണ് സിനിമയുടെ ആ ക്വിര്‍ക്കി മോഡ് കീപ്പ് ചെയ്തുകൊണ്ടുപോകുന്നത്. ഫണ്ണും സസ്പെന്‍സും ടെന്‍ഷനും ചില ചില വേരിയേഷനുകളിലൂടെ സിനിമയില്‍ കടന്നുവരും. ദേവദൂതര്‍ പാടി, ആയിരംകണ്ണുമായി എന്നീ മലയാളം പാട്ടുകളെ അതിമനോഹരമായാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്.

രാകേഷ് ഹരിദാസിന്റെ ക്യാമറ, മനോജ് കാനത്തിന്റെ എഡിറ്റിങ്ങ്… ഇത് രണ്ടും കൂടി സിനിമക്ക് തരുന്ന വൈബ് ഗംഭീരമാണ്. ചിത്രത്തിലെ ഗാന്ധി പ്രതിമയെ കാണിക്കുന്ന അണ്‍കണ്‍വെന്‍ഷലായ ഷോട്ട്, കോടതിയില്‍ നിന്നും പ്രാവിനെ ഓടിക്കാന്‍ പടക്കം പൊട്ടിക്കുന്ന ഭാഗത്തെ ഫാസ്റ്റ് കട്ടുകള്‍, പിന്നെ വളരെ സിമട്രിക്കായ ഷോട്ടുകള്‍ എന്നിങ്ങനെ ന്നാ താന്‍ കേസ് കൊടില്‍ ക്യാമറയും എഡിറ്റിങ്ങും കിടുവാണ്.

ഈ ചിത്രത്തില്‍ ആകെ ഡ്രോബാക്കിയ തോന്നിയ കാര്യം സിനിമയുടെ അവസാന ഭാഗത്തുള്ള നേരിയ ലാഗും കൊഴുമ്മല്‍ രാജീവന്‍ നടത്തുന്ന പ്രസംഗവുമായിരുന്നു. അതില്ലാതെ തന്നെ സിനിമയുടെ അന്തസത്തയും രാജീവന്റെ വികാരവുമൊക്കെ കാണുന്നവര്‍ക്ക് നന്നായി മനസിലാകുമായിരുന്നു. പിന്നെ, സിനിമയില്‍ കളര്‍ഫുള്‍ ഷര്‍ട്ടിട്ട് മുടി ഒരല്‍പം നീട്ടി വളര്‍ത്തിയ ഒരാളോട് പോയി കുളിച്ചിട്ട് വാ എന്ന് പറയുന്ന ഒരു ഭാഗമുണ്ടായിരുന്നു. കോമഡി സീനെന്ന നിലയില്‍ എന്തിനാണ് അത് ഉള്‍പ്പെടുത്തിയതെന്ന സംശയം തോന്നിയിരുന്നു.

പക്ഷെ ഇത് വളരെ ചെറിയ സീനാണ്. മൊത്തത്തില്‍ പറഞ്ഞാല്‍ തിയേറ്ററില്‍ നല്ല സെറ്റായിരുന്ന് കണ്ട് ആസ്വദിച്ച പടമാണ് ന്നാ താന്‍ കേസ് കൊട്.

Content Highlight: Nna Thaan Case Kodu movie review

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.