| Monday, 25th July 2022, 12:19 pm

കൊഴുമ്മല്‍ രാജീവന്റെ ഗാനമേള സ്പെഷ്യല്‍ റോക്ക് ഡാന്‍സ്; ന്നാ താന്‍ കേസ് കൊടിലെ ദേവദൂതര്‍ പാടി ഗാനം പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. 1985ല്‍ ഭരതന്റെ സംവിധാനത്തില്‍ പുറത്തുവന്ന മമ്മൂട്ടി ചിത്രം കാതോട് കാതോരം എന്ന ചിത്രത്തിലെ ദേവദൂതര്‍ പാടി എന്ന ഗാനത്തിന്റെ പുനരാവിഷ്‌ക്കാരമാണ് ഇപ്പോള്‍ പുറത്ത് വന്നത്.

ഉത്സവ പറമ്പിലെ ഗാനമേളയില്‍ ഗാനം പാടുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ വ്യത്യസ്തമായ ഡാന്‍സും വീഡിയോസോങ്ങില്‍ കാണാനാകും. ഉത്സവ പറമ്പാണ് വീഡിയോയിലുള്ളത്.

ഒ.എന്‍.വി കുറുപ്പിന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം നല്‍കിയ ഗാനം ആദ്യം ആലപിച്ചത് യേശുദാസ് ആയിരുന്നു. പുനരാവിഷ്‌കാരം നല്‍കിയപ്പോള്‍ ഗാനം ആലപിച്ചിരിക്കുന്നത് ബിജു നാരായണനാണ്.

37 വര്‍ഷങ്ങള്‍ക്ക് ശേഷം ലക്ഷകണക്കിന് പ്രേക്ഷകര്‍ക്ക് ഇഷ്ടപെട്ട ഗാനത്തിന് പുനരാവിഷ്‌ക്കാരം വരുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് മമ്മൂട്ടി ഗാനം പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കില്‍ പറഞ്ഞത്. ഒപ്പം കുഞ്ചാക്കോ ബോബനും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും മമ്മൂട്ടി ആശംസകള്‍ അറിയിച്ചു.

കൊഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചത്.

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് ശേഷും സംവിധായകന്‍ രതീഷും നിര്‍മാതാവ് സന്തോഷ് ടി. കുരുവിളയും ഒന്നിക്കുന്ന ചിത്രമാണ് ന്നാ താന്‍ കേസ് കൊട്.

മഹേഷിന്റെ പ്രതികാരം, മായാനദി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വൈറസ്, ആര്‍ക്കറിയാം, നാരദന്‍ എന്നീ സിനിമകളുടെ നിര്‍മാതാവായ സന്തോഷ് ടി. കുരുവിളയുടെ പന്ത്രണ്ടാമത്തെ ചിത്രമാണിത്. കനകം കാമിനി കലഹമാണ് രതീഷ് ഒടുവില്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രം.

കുഞ്ചാക്കോ ബോബന്റെ കഥാപാത്രം ഒരു ചെറിയ പ്രശ്നവുമായി കോടതിയെ സമീപിക്കുന്നതും, തന്റെ കേസ് വാദിക്കാന്‍ ശ്രമിക്കുന്നതുമാണ് ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ പ്രേമയമെന്നാണ് സൂചന. ഗായത്രി ശങ്കറാണ് ചിത്രത്തിലെ നായിക. ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.


ഗാനരചന-വൈശാഖ് സുഗുണന്‍, സംഗീതം-ഡോണ്‍ വിന്‍സെന്റ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- അരുണ്‍ സി. തമ്പി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബെന്നി കട്ടപ്പന, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ് വിപിന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജ്യോതിഷ് ശങ്കര്‍, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം- മെല്‍വി ജെ, സ്റ്റില്‍സ്- സാലു പേയാട്, പരസ്യകല- ഓള്‍ഡ് മോങ്ക്‌സ്, സൗണ്ട്- വിപിന്‍ നായര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -സുധീഷ് ഗോപിനാഥ്, ഫിനാന്‍സ് കണ്‍ട്രോളര്‍- ജോബീസ് ആന്റണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ജംഷീര്‍ പുറക്കാട്ടിരി.

Content Highlight : Nna Thaan Case Kodu movie new video song released

We use cookies to give you the best possible experience. Learn more