| Saturday, 10th September 2022, 12:01 pm

'സുരേഷേട്ടന്‍ ഭയങ്കര കെയറിങ് ആന്ന്, അതാന്ന് സുരേഷേട്ടന്റെ ലൈന്‍'; സ്ലോ ആന്‍ഡ് സ്റ്റെഡി വിന്‍സ് ദി റെയ്‌സ്, അതാന്ന് എന്റെ ലൈന്‍'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരുപിടി മികച്ച കഥാപാത്ര സൃഷ്ടികളിലൂടെ, നുറുങ്ങ് നര്‍മങ്ങളിലൂടെ, അതിലേറെ പ്രധാന്യമുള്ള ഒരു വിഷയം അവതരിപ്പിച്ചതിലൂടെ കയ്യടി നേടുകയാണ് കുഞ്ചാക്കോ ബോബന്‍ നായകനായ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ചിത്രം ന്നാ താന്‍ കേസ് കൊട്. തിയേറ്ററില്‍ വലിയ ഓളമുണ്ടാക്കിയ ചിത്രം ഒ.ടി.ടി റിലീസിന് ശേഷം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളേയും പ്ലേസ് ചെയ്യാന്‍ സംവിധായകന്‍ കാണിച്ച ബ്രില്യന്‍സിന് കയ്യടിക്കാതെ തരമില്ലെന്നാണ് സിനിമ കണ്ടവര്‍ പറയുന്നത്. പ്രധാന കഥാപാത്രം കുഞ്ചാക്കോ ബോബന്‍ ആണെങ്കിലും ചുരുക്കം സീനുകളില്‍ മാത്രം വന്നുപോകുന്ന അഭിനേതാക്കള്‍ ഒരുരക്ഷയുമായില്ലാത്ത പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്.

വലിയ സ്‌ക്രീന്‍ ടൈം ഇല്ലാതിരുന്നിട്ട് കൂടി വന്ന് പോകുന്ന സീനുകള്‍ മികവുറ്റതാക്കിയ നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തില്‍ മുഴുനീള വേഷം ചെയ്തവര്‍ക്കൊപ്പം തന്നെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന മുഖങ്ങളായി ഇവര്‍ മാറി.

അത്തരത്തില്‍ ‘ ന്നാ താന്‍ കേസ് കൊട് ‘ സിനിമയില്‍ വന്ന് സ്‌കോര്‍ ചെയ്ത നിരവധി കഥാപാത്രങ്ങളില്‍ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് നടത്തിയ ഒരാളാണ് സുരേഷന്റെ കാമുകിയായ സുമലത ടീച്ചര്‍. കാസര്‍ഗോഡുകാരിയായ ചിത്രയാണ് സുമതല ടീച്ചറായി എത്തിയത്.

സുമതല ടീച്ചര്‍ സ്‌ക്രീനില്‍ എത്തുമ്പോള്‍ തന്നെ ഒരു പോസിറ്റീവ് വൈബാണെന്നാണ് സിനിമ കണ്ടവര്‍ പറയുന്നത്. മാത്രമല്ല ഡയലോഗ് ഡെലിവറിയും സ്‌റ്റൈലും ശരീരഭാഷയുമെല്ലാം വളരെ സ്വാഭാവികമായ ഹാസ്യമാണ് ചിത്രത്തിന് സമ്മാനിക്കുന്നത്.

കോടതിയില്‍ സാക്ഷി പറയാനായി സുമതല ടീച്ചര്‍ വരണമെന്ന് ചാക്കോച്ചന്റെ രാജീവന്‍ എന്ന കഥാപാത്രം പറയുമ്പോള്‍ ടീച്ചര്‍ക്ക് എന്നെപ്പോലെ രാഷ്ട്ര പുനര്‍നിര്‍മാണ പ്രക്രിയയില്‍ താത്പര്യമില്ലെന്നായിരുന്നു സുരേഷിന്റെ മറുപടി. ഒടുവില്‍ കോടതിയില്‍ താന്‍ വരാമെന്നും ‘രാഷ്ട്രപുനര്‍നിര്‍മാണത്തിന് ഞാന്‍ സുരേഷേട്ടന്റെ കൂടെന്നെണ്ടാവും എന്നുമായിരുന്നു സുമലത ടീച്ചര്‍ പറയുന്നത്. പക്ഷേ ഒരു നിബന്ധനിണ്ട്. കോടതി മുമ്പാകെ ഞാന്‍ സത്യം മാത്രമേ ബോധിപ്പിക്കൂ’ എന്ന ഡയലോഗ് കൂടി പറഞ്ഞ് ആ സീന്‍ തന്നെ തന്റേതാക്കി മാറ്റുകയായിരുന്നു ചിത്ര.

സുമലതേ, അത്രയും വൈകീട്ട് അന്ന് ഇങ്ങള്‍ എവിട്യാണ് പോയിരുന്നേ എന്ന വക്കീലിന്റെ ചോദ്യത്തിന് ഒന്നിക്കാന്‍ തീരുമാനിച്ച ഒരു സ്ത്രീയ്ക്കും പുരുഷനും സ്വന്തം ഓട്ടോയല്ലാണ്ട് വേറെ ഏതാണ് സാറേ കംഫര്‍ട്ടായിട്ടുള്ള സ്ഥലമുള്ളത്, എനക്ക് ഒരു തെരക്കും ഉണ്ടായിട്ടില്ല വീട്ടി പോയിട്ട്. സുരേഷേട്ടന് അത്രേം ഉണ്ടായിട്ടില്ല. അതോണ്ട് നല്ലോണം മെല്ലെയാണ് സുരേഷേട്ടന്‍ വണ്ടി എടുത്തിട്ടുണ്ടായീനേ ഒരു 20-25. അല്ലാതെ ഈ വക്കീലിന്റെ സൗകര്യത്തിന് വണ്ടിയോടിക്കാനൊന്നും എന്റെ സുരേഷേട്ടനെ കിട്ടൂല. ‘സുരേഷേട്ടന്‍ ഭയങ്കര കെയറിങ് ആന്ന്, അതാന്ന് സുരേഷേട്ടന്റെ ലൈന്‍. സ്ലോ ആന്‍ഡ് സ്റ്റെഡി വിന്‍സ് ദി റെയ്‌സ്, അതാന്ന് എന്റെ ലൈന്‍’ എന്ന ഡയലോഗുകളൊക്കെ അതിഗംഭീരമെന്നേ പറയാന്‍ തരമുള്ളൂ.

ഒരു പ്രത്യേക ജോണറില്‍ വരുന്ന കഥാപാത്രമായതുകൊണ്ട് തന്നെ കൈവിട്ടുപോകാനുള്ള എല്ലാ സാധ്യതയുമുള്ള ക്യാരക്ടറായിരുന്നു സുമതല ടീച്ചറുടേത്. എന്നാല്‍ കൃത്യമായ മീറ്ററില്‍ പിടിച്ചുകൊണ്ടുള്ള പ്രകടനത്തിന് കയ്യടിക്കാതെ തരമില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

‘ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍ എന്ന് തുടങ്ങുന്ന ഗാനം സുമലത ടീച്ചര്‍ പാടുമ്പോള്‍ പൈങ്കിളീ.. മലര്‍ തേന്‍കിളീയെന്ന് ഏറ്റുപാടുകയാണ് ഇപ്പോള്‍ ആരാധകര്‍.

കാസര്‍ഗോഡ് നടന്ന ഓഡീഷന്‍ വഴിയാണ് ചിത്ര ന്നാ താന്‍ കേസ് കൊടിലെ സുമലത ടീച്ചറാകുന്നത്. രണ്ട് ഓഡീഷനും ഒരു പ്രീ ഷൂട്ടും കഴിഞ്ഞ ശേഷമാണ് സുമതല ടീച്ചറെ സംവിധായകന്‍ ചിത്രയുടെ കയ്യില്‍ ഏല്‍പ്പിച്ചത്.

ആദ്യമായാണ് ചിത്ര ഇത്തരത്തിലുള്ള ക്യാരക്ടര്‍ റോള്‍ ചെയ്യുന്നത്. സ്വന്തം ഭാഷ കൂടിയായപ്പോള്‍ ഒരുപാട് കംഫര്‍ട്ട് ആയെന്നാണ് ചിത്ര പറയുന്നത്.

സിനിമയിലേക്ക് വരുമ്പോള്‍ നല്ല ടെന്‍ഷനുണ്ടായിരുന്നു. സെലക്ട് ആവുമെന്ന് കരുതിയിരുന്നില്ല. പിന്നെ രാജേഷ് മാധവന്‍ നല്‍കിയ സപ്പോര്‍ട്ട് വലുതാണെന്നും അദ്ദേഹം നന്നായി കൂളാക്കിയെന്നും ചിത്ര പറയുന്നു.

രാജേഷിനെപ്പോലുള്ള വലിയ നടന്റെ ഓപ്പോസിറ്റ് ചെയ്യുമ്പോള്‍ വളരെ ടെന്‍ഷനുണ്ടായിരുന്നെന്നും തിയേറ്ററില്‍ സുമലത ടീച്ചറെ കണ്ടപ്പോള്‍ തനിക്ക് തന്നെ ചിരിവന്നുവെന്നും ചിത്ര പറയുന്നു.

Content Highlight: Nna thaan Case kodu Movie Sumalatha Teacher Character chithras performance

We use cookies to give you the best possible experience. Learn more