| Monday, 13th August 2018, 7:10 pm

എന്‍.എന്‍.കൃഷ്ണദാസിന്റെ ഓര്‍മ്മകളില്‍ സോമനാഥ് ചാറ്റര്‍ജി

അഭിജിത പി

ഇന്ത്യാ പാര്‍ലമെന്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പാര്‍ലമെന്റേറിയന്‍മാരിലൊരാളെയാണ് സോമനാഥ് ചാറ്റര്‍ജിയിലൂടെ നഷ്ടമായത്. നിലപാടുകള്‍ ഉറക്കെ വിളിച്ചു പറയാനും പ്രാവര്‍ത്തികമാക്കാനും യാതൊരു മടിയും കാണിക്കാതിരുന്ന സോമനാഥ് ചാറ്റര്‍ജിയെക്കുറിച്ചും അദ്ദേഹത്തോടൊപ്പമുള്ള ലോക്സഭാ നിമിഷങ്ങളെക്കുറിച്ചും മുന്‍ ലോക്സഭാംഗവും സി.പി.ഐ.എം നേതാവുമായ എന്‍.എന്‍ കൃഷ്ണദാസ് ഡൂള്‍ന്യൂസുമായി പങ്കുവെക്കുന്നു.

തന്റേതായ നിലപാടുകളില്‍ ജീവിക്കാനാണ് സോമനാഥ് ചാറ്റര്‍ജി എന്ന വ്യക്തി ശ്രമിച്ചിരുന്നത്. കറ തീര്‍ന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതീകമായിരുന്നു സോമനാഥ് ചാറ്റര്‍ജിയുടെ ജീവിതവും. അഖില ഭാരതീയ ഹിന്ദു മഹാസഭാ നേതാവായിരുന്ന എന്‍.സി ചാറ്റര്‍ജിയുടെ മകനെ ആകര്‍ഷിച്ചത് നിരീശ്വരവാദം മുഖമുദ്രയായ കമ്മ്യൂണിസമായിരുന്നു.

കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അഭിഭാഷകനായിരിക്കെയാണ് അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായി സി.പി.ഐ.എമ്മില്‍ ചേരുന്നത്. ലോക്സഭയില്‍ സി.പി.ഐ.എം ലീഡര്‍ ആയിരുന്ന സോമനാഥ് ചാറ്റര്‍ജിയുടെ കൂടെ ഡെപ്യൂട്ടി ലീഡര്‍ ആയി പ്രവര്‍ത്തിക്കാന്‍ സാധിച്ചു. പിന്നീട് അദ്ദേഹം പാര്‍ലമെന്റ് സ്പീക്കറായ് ചുമതലയേറ്റു. 12 കൊല്ലം അദ്ദേഹത്തിനൊപ്പം പാര്‍ലിമെന്റ് അംഗമായി പ്രവര്‍ത്തിക്കാനും കഴിഞ്ഞു.

പാര്‍ലമെന്റില്‍ ഇടതുപക്ഷം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ പ്രായോഗിക മികവ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിലൂടെ ആയിരുന്നു തങ്ങളെ പോലുള്ള നവാഗതര്‍ക്ക് തുടക്കത്തില്‍ ലഭ്യമായത്. ഏറ്റവും മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് ലഭിച്ച വ്യക്തികളില്‍ ഒരാളായിരുന്നു സോമനാഥ് ചാറ്റര്‍ജി. രണ്ട് തവണ അദ്ദേഹം ഈ അവാര്‍ഡിന് അര്‍ഹനായി.

എല്ലാവരും ആദരിക്കുന്ന ശക്തനായ പാര്‍ലമെന്റേറിയനായിരുന്ന അദ്ദേഹം. മാത്രമല്ല ഏത് കാലത്തും ഇടതുപക്ഷ ആശയങ്ങളുടെ ശക്തനായ വക്താവുമായിരുന്നു. നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയുടെ, വിശേഷിച്ചും ഭരണഘടനയുടെ മുഖമുദ്രയായ സെക്കുലര്‍ കാഴ്ചപ്പാടുകള്‍ക്ക് എതിരായി വരുന്ന് നീക്കങ്ങളെ ചെറുക്കുന്ന ഏറ്റവും ശക്തനായ ഒരു മതേതര വക്താവുമായിരുന്നു സോമനാഥ് ചാറ്റര്‍ജി.

ശബ്ദഗാംഭീര്യം കൊണ്ടും ആകാരഗാംഭീര്യം കൊണ്ടും ആളുകള്‍ക്കിടയില്‍ അദ്ദേഹത്തിനോടുള്ള ബഹുമാനവും അത്രത്തോളമായിരുന്നു. ഇടതുപക്ഷ ആശയത്തിന്റെ വക്താവ് എന്ന നിലയിലും പാര്‍ലിമെന്ററി, പാര്‍ലിമെന്റേറിയന്‍ രംഗത്തെ പ്രവര്‍ത്തനങ്ങളും അതില്‍ ഉളള അദ്ദേഹത്തിന്റെ കഴിവുകളും അദ്ദേഹത്തെ പാര്‍ലിമെന്റിലെ ഇടതുപക്ഷ പോരാളിയാക്കി മാറ്റി.

സ്പീക്കറായി ചുമതലയേറ്റെടുത്ത സമത്തും ഇന്ത്യന്‍ പാര്‍ലമെന്റിലെ അത്യന്തം നിര്‍ണായകമായ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വ്യക്തി കൂടിയാണ് സോമനാഥ് ചാറ്റര്‍ജി. നിരവധി സുപ്രധാനമായ രാഷ്ട്രീയ സംഭവ വികാസങ്ങളുടെ കാലയളവില്‍ ആണ് അദ്ദേഹം സ്പീക്കറായത്. ഇന്ത്യന്‍ പാര്‍ലമെന്റിലെ അദ്ദേഹത്തിന്റെ പ്രധാന സംഭാവനയില്‍ എടുത്ത് പറയേണ്ട ഒന്നാണ് ലോക്‌സഭയ്ക്ക വേണ്ടി ഒരു ചാനല്‍ ആരംഭിച്ചത്.

ഈ ലോക്‌സഭാ ചാനലുകളില്‍ നിന്നാണ് ഇന്ത്യയുടെ എല്ലാ ചാനലുകളിലേക്കും പാര്‍ലമെന്റിന്റെ നടപടി ക്രമങ്ങള്‍ തത്സമയമായി ലഭിക്കുന്നത്. ഇന്ത്യന്‍ പാര്‍ലമെന്ററി വ്യവസ്ഥയ്ക്കും സമ്പ്രദായത്തിനും അദ്ദേഹം നല്‍കിയിട്ടുള്ള സംഭാവനകള്‍ ഏത് കാലത്തും ആദരിക്കപ്പെടുന്നവയാണ്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദവി വഹിച്ച ജ്യോതി ബസുവുമായി ഏറ്റവും കൂടുതല്‍ ആത്മബന്ധം പുലര്‍ത്തിയിരുന്ന നേതാക്കളില്‍ ഒരാളാണ് സോമനാഥ് ചാറ്റര്‍ജി. ഇംഗ്ലണ്ടില്‍ നിന്നും നിയമപഠനത്തില്‍ ബിരുദം നേടിയിട്ടുണ്ട്.

പിതാവായ എന്‍.സി.ചാറ്റര്‍ജിയും ബ്രിട്ടീഷ് കാലഘട്ടത്തിലെ പ്രമുഖ അഭിഭാഷകനായിരുന്നു. ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ള ഇന്ത്യയിലെ തന്നെ എണ്ണപ്പെട്ട അഭിഭാഷകരില്‍ ഒരാളാണ് സോമനാഥ് ചാറ്റര്‍ജിയെ സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. 1968 ലെ പാര്‍ട്ടി മെമ്പര്‍ഷിപ്പിലേക്ക് കൊണ്ട് വരുന്നതില്‍ മുന്‍കൈ എടുത്തത് ജ്യോതി ബസുവായിരുന്നു.

ജോതി ബസുമായി അവസാനക്കാലം വരെയും വലിയ ആത്മബന്ധമാണ് പുലര്‍ത്തിയിരുന്നത്. പാര്‍ലമെന്റിലേക്ക് മത്സരിപ്പിച്ച് സി.പി.ഐ.എമ്മിന്റെ തന്നെ പാര്‍ലിമെന്റിലെ ഏറ്റവും ശക്തമായ മുഖമാക്കി സോമനാഥ് ചാറ്റര്‍ജിയെ മാറ്റുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത് ജോതി ബസുവാണ്.

അതിന് മുന്‍പ് ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ള വക്താവാണെങ്കില്‍ പോലും സുപ്രീം കോടതിയില്‍ റോറിംഗ് പ്രാക്ടിസുള്ള അഭിഭാഷകനായിരുന്നു സോമനാഥ് ചാറ്റര്‍ജി. എന്നാല്‍ അവയെല്ലാം ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്കുള്ള വഴിത്തെളിയിച്ച് കൊടുത്തത് ജോതി ബസുവാണ്.

അതേസമയം സി.പി.ഐ.എമ്മിലെ മുതിര്‍ന്ന നേതാവായ സോമനാഥ് ചാറ്റര്‍ജിക്ക് പൊളിറ്റ് ബ്യൂറോയില്‍ അംഗത്വം ലഭിക്കാത്തത് ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. അതിന് പ്രധാന കാരണം സോമനാഥ് ചാറ്റര്‍ജി സി.പി.ഐ.എമ്മിന്റെ താഴെത്തട്ടില്‍ നിന്നും സംഘടന പ്രവര്‍ത്തനങ്ങളോ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോ നടത്തി ഉയര്‍ന്ന വന്ന നേതാവല്ല എന്നതായിരുന്നു.

ചെറുപ്പക്കാലം മുതല്‍ക്കേ പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും മറ്റും ആഭിമുഖ്യമുള്ള ആളാണെങ്കിലും അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് അഭിഭാഷകന്‍ ആയിട്ടാണ്. കൊല്‍ക്കത്ത ഹൈക്കോടതിയിലും അതിന് ശേഷം സുപ്രീംകോടതിയിലും പ്രാക്ടീസ് ചെയ്തിട്ടുണ്ട്.

സി.പി.ഐ.എമ്മിന്റെ സംഘടനാ പ്രവര്‍ത്തനം അനുസരിച്ച് പാര്‍ലിമെന്ററി പ്രവര്‍ത്തനത്തില്‍ മാത്രം കേന്ദ്രീകരിച്ച് നില്‍ക്കുന്ന ഒരാളെ പാര്‍ട്ടിയുടെ നയരൂപീകരണ സമിതിയായിട്ടുള്ള പൊളിറ്റ്ബ്യൂറോയില്‍ അംഗമാക്കിയ ചരിത്രം നിലവില്‍ ഇല്ല. നിലവില്‍ പൊളിറ്റ്ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുഴുവന്‍ താഴെ തട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തിച്ച് വന്നവരാണ്.

ഇന്ത്യ-യു.എസ് ആണവക്കരാറിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഭൂരിപക്ഷം നഷ്ടമായെങ്കിലും രാജി വയ്ക്കാന്‍ അദ്ദേഹം തയ്യാറാകാത്തതിനെ തുടര്‍ന്ന് കേന്ദ്ര കമ്മിറ്റിയില്‍ നിന്നും പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ സി.പി.ഐ.എമ്മിനോടുള്ള ആഭിമുഖ്യം കണക്കിലെടുത്ത് വക്താവായി തുടര്‍ന്നെങ്കിലും പാര്‍ട്ടിയില്‍ പിന്നീട് അദ്ദേഹത്തെ തിരിച്ചെടുത്തിട്ടില്ല.

പാര്‍ട്ടിയെ തള്ളപ്പറയുകയോ പാര്‍ട്ടിക്കെതിരായ നിലപാടുകള്‍ കൈക്കൊള്ളുകയോ ചെയ്തിട്ടില്ല. പാര്‍ട്ടി നിര്‍ദേശം പാലിക്കാത്തത് കൊണ്ട് പാര്‍ട്ടിയുടെ അച്ചടക്ക നടപടിക്ക് അദ്ദേഹം വിധേയമായി. പക്ഷേ പാര്‍ട്ടിയുടെ ശത്രുപക്ഷത്തേക്ക് ഒരിക്കലും പോകാതെ പാര്‍ട്ടിയോടൊപ്പം തന്നെ നിലകൊണ്ടു.

2015 ഡിസംബറില്‍ കൊല്‍ക്കത്തയില്‍ വച്ച് നടന്ന അഖിലേന്ത്യാ പാര്‍ട്ടി പ്ലീനത്തിനിടെയാണ് അവസാനമായി കാണുന്നത്. ആ യോഗത്തിന് ശേഷം അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടുകയും അദ്ദേഹത്തെ വീട്ടില്‍പോയി കാണുകയും ചെയ്തു. വളരെ വിനയത്തോടും ബഹുമാനത്തോടും കൂടിയുമാണ് അദ്ദേഹം സംസാരിച്ചിരുന്നത്.

തയ്യാറാക്കിയത്- അഭിജിത

അഭിജിത പി

We use cookies to give you the best possible experience. Learn more