രഹസ്യമായി, വളരെ പെട്ടെന്ന് തീരുമാനിച്ചുവെന്നതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്നതും സംശയാസ്പദവുമായ കാര്യം; കേന്ദ്രത്തിന്റെ നീക്കത്തില്‍ സംശയം പ്രകടിപ്പിച്ച് അജയ് മാക്കന്‍
ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ് ലൈന്‍ പദ്ധതിയെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍.
കേന്ദ്രത്തിന്റെ അടുത്തിടെ പ്രഖ്യാപിച്ച നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ് ലൈന്‍ പദ്ധതിയും 2016 ലെ നോട്ട് നിരോധനവും രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാന്‍ ലക്ഷ്യമിട്ട ഇരട്ടക്കുഞ്ഞുങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
” നോട്ട് നിരോധനം പാവപ്പെട്ടവരെയും ചെറുകിട ബിസിനസുകാരെയും കൊള്ളയടിച്ചപ്പോള്‍, രാജ്യത്തിന്റെ പൈതൃകം ഇപ്പോള്‍ മോണിറ്റൈസേഷനിലൂടെ കൊള്ളയടിക്കപ്പെടുന്നു. രണ്ടും കുറച്ച് മുതലാളിമാര്‍ക്ക് ഗുണം ചെയ്യുകയായിരുന്നു. ഏറ്റവും ഞെട്ടിപ്പിക്കുന്നതും സംശയാസ്പദവുമായ ഭാഗം ഇത് (എന്‍.എം.പി) രഹസ്യമായി തീരുമാനിച്ചതാണ്. പെട്ടെന്നാണ് പ്രഖ്യാപിച്ചത്. ഇത് സര്‍ക്കാരിന്റെ ഉദ്ദേശ്യത്തില്‍ സംശയം ജനിപ്പിക്കുന്നു,” മാക്കന്‍ കൂട്ടിച്ചേര്‍ത്തു.
അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആസ്തി വിറ്റ് ആറുലക്ഷം കോടി രൂപ നേടാനുള്ള പാക്കേജാണ് മോണിറ്റൈസേഷന്‍ പൈപ്പ് ലൈന്‍ പദ്ധതിയിലൂ
ടെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്.
റോഡ്, റെയില്‍വേ, ഊര്‍ജം, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, സംഭരണശാലകള്‍, വൈദ്യുതിനിലയങ്ങള്‍, ഖനികള്‍ തുടങ്ങി 13 അടിസ്ഥാനസൗകര്യ മേഖലകളിലെ ഇരുപതിലധികം ആസ്തികളില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവന്നാണ് ഇത്രയും തുക സമാഹരിക്കുകയെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, ഇവയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനുതന്നെയായിരിക്കുമെന്നും നിശ്ചിത കാലത്തിനുശേഷം തിരിച്ചെടുക്കാന്‍ വ്യവസ്ഥ ചെയ്യുമെന്നും മന്ത്രി അവകാശപ്പെടുന്നുണ്ട്.