എൻ.എം. വിജയന്റെ ആത്മഹത്യ; ഇരകളെ സ്വാധീനിക്കാൻ ശ്രമിക്കുന്നു, കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി നൽകി സി.പി.ഐ.എം
Kerala News
എൻ.എം. വിജയന്റെ ആത്മഹത്യ; ഇരകളെ സ്വാധീനിക്കാൻ ശ്രമിക്കുന്നു, കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി നൽകി സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th January 2025, 3:54 pm

വയനാട്: വയനാട് ഡി.സി.സി ട്രഷറർ എൻ.എം വിജയന്റെ ആത്മഹത്യയിൽ കുടുംബത്തെ അനുനയിപ്പിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ് എടുക്കാൻ ആവശ്യപ്പെട്ട് പരാതി. തിരുവഞ്ചൂർ രാധാകൃഷ്ണൻ സണ്ണി ജോസഫ്, ടി.എൻ. പ്രതാപൻ, കെ. ജയന്ത് എന്നിവർക്കെതിരെയാണ് പരാതി.

സി.പി.ഐ.എം വയനാട് ജില്ലാ കമ്മിറ്റി അംഗം സുരേഷ് താളൂരാണ് പരാതി നൽകിയത്. കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് നേതാക്കൾ എൻ.എം. വിജയൻറെ വീട്ടിൽ എത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചത്. ഏറ്റവും പ്രധാനപ്പെട്ട രണ്ട് സാക്ഷികൾ എൻ.എം വിജയൻറെ മകനും മരുമകളുമാണ് അവരെ സ്വാധീനിക്കാനുള്ള ശ്രമം കോൺഗ്രസ് നേതാക്കളിൽ നിന്നുണ്ടായി.

എൻ.എം. വിജയൻ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് പല തവണ കെ.പി.സി.സി നേതാക്കളെ കണ്ട് തന്റെ പ്രയാസം ധരിപ്പിച്ചിട്ടുണ്ട്. അന്നൊന്നും സഹായിക്കാൻ തയ്യാറാവാഞ്ഞ കെ.പി.സി.സി ഇപ്പോൾ മുന്നോട്ട് വരുന്നതിന് പിന്നിൽ ദുരുദ്ദേശമുണ്ട്. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കെ.പി.സി.സിയുടെ ഉൾപ്പടെ അറിവോടുകൂടി വയനാട് ജില്ലയിലെ കോൺഗ്രസ് നേതൃത്വം നടത്തിയ ലക്ഷങ്ങളുടെ അഴിമതി പുറത്ത് വരാൻ പോകുന്നു എന്ന് മനസിലാക്കിയത് കൊണ്ടാണ്.

ഈ മരണത്തിലെ ഇരയും പ്രധാന സാക്ഷിയുമായിട്ടുള്ള വിജയേട്ടന്റെ മകനെയും മകന്റെ ഭാര്യയേയും അവർ സ്വാധീനിക്കാൻ ശ്രമിക്കുകയാണ്. കോൺഗ്രസുകാർ എൻ.എം വിജയനെ കരുവാക്കി അഴിമതി നടത്തി. ഇപ്പോൾ ആ ബാധ്യത തിരിച്ചടക്കുന്നതിലൂടെ ഇതിന്റെ പേരിൽ നടക്കുന്ന അന്വേഷണം തടയാൻ വേണ്ടിയാണ്.

ഇതിനായി ശ്രമിച്ചവരിൽ ഒരാൾ കേരളത്തിന്റെ മുൻ ആഭ്യന്തര മന്ത്രിയാണ്. കേരളത്തിലെ ഉയർന്ന കോൺഗ്രസ് നേതാക്കന്മാർ നേരിട്ട് ഒരു കേസിനെ തേച്ച് മായ്ച്ച് കളയാനാണ് ഇവർ ശ്രമിച്ചത്,’ സുരേഷ് താളൂർ പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പാണ് വയനാട് ഡി.സി.സി ട്രഷറര്‍ എം.എന്‍. വിജയനെയും മകനെയും വിഷം കഴിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. കോണ്‍ഗ്രസ് ഭരണമുള്ള സഹകരണ ബാങ്കുകളില്‍ ജോലി വാഗ്ദാനം ചെയ്ത് ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്റെ നിര്‍ദേശാനുസരണം പലരും വിജയന് പണം നല്‍കിയിരുന്നിരുന്നു എന്ന ആരോപണമുണ്ടായിരുന്നു.

ഏകദേശം 55 ലക്ഷം നിയമനം നല്‍കാമെന്ന് പറഞ്ഞ് വിവിധ വ്യക്തികളില്‍ നിന്ന് കൈക്കലാക്കിയതായാണ് വിവരം. എന്നാല്‍ ഇത്തരത്തില്‍ അനധികൃതമായി നിയമനം നടത്തിയ പലരുടേയും നിയമനം ഹൈക്കോടതി റദ്ദാക്കിയതോടെ ഉദ്യോഗാര്‍ത്ഥികള്‍ പണം തിരികെ ആവശ്യപ്പെടാന്‍ തുടങ്ങി.

ബാങ്ക് നിയമനത്തിനു വാങ്ങിയ തുക തിരിച്ചുനല്‍കാന്‍ കഴിയാതായതോടെ എന്‍.എം.വിജയന്‍ തന്റെ ഭൂമി ഈടു നല്‍കി. ഇത്തരം സാമ്പത്തിക ബാധ്യതകളാണ് വിജയന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. കുറിപ്പില്‍ ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പരാമര്‍ശിക്കുന്നുണ്ട്.

നിയമനത്തിന്റെ പേരില്‍ പണം വാങ്ങിയത് എം.എല്‍.എയാണെന്ന് കുറിപ്പില്‍ പറയുന്നുണ്ട്. നിയമനത്തിന്റെ പേരില്‍ പണം വാങ്ങിയവരില്‍ ഡി.സി.സി സെക്രട്ടറിയും പ്രസിഡന്റ് എന്‍.ഡി അപ്പച്ചനും ഉണ്ടായിരുന്നു.

മുന്‍ ഡി.സി.സി പ്രസിഡന്റ് അടക്കമുള്ളവര്‍ പണം വാങ്ങിയെങ്കിലും ബാധ്യത മുഴുവന്‍ തന്റെ പേരിലായെന്നും കോണ്‍ഗ്രസിന് വേണ്ടി ജീവിച്ച് ജീവിതം നശിച്ചെന്നും എന്‍.എം. വിജയന്‍ കുറിപ്പിലെഴുതിയതായാണ് വിവരം.

Content Highlight: NM Vijayan’s suicide; Trying to influence the victims, CPI(M) filed complaints against Congress leaders