|

എന്‍.എം വിജയന്റെ ആത്മഹത്യ; കുടുംബത്തിന്റെ പരാതി ന്യായമെന്ന് കെ.പി.സി.സി സമിതിയുടെ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം.വിജയന്റെ ആത്മഹത്യയില്‍ കുടുംബത്തിന്റെ പരാതി ന്യായമെന്ന് കെ.പി.സി.സി സമിതി. കുടുംബത്തിനുള്ള സഹായവും സംരക്ഷണവും പാര്‍ട്ടി ഉറപ്പാക്കണമെന്നും സമിതി റിപ്പോര്‍ട്ട് നല്‍കി.

സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ പാര്‍ട്ടിക്ക് കടിഞ്ഞാണ്‍ വേണമെന്ന് നിര്‍ദേശവും കുടുംബത്തിന്റെ ബാധ്യതകള്‍ പാര്‍ട്ടി ഏറ്റെടുക്കണമെന്ന നിര്‍ദേശവും കെ.പി.സി.സി സമിതി മുന്നോട്ടുവെച്ചു.

വയനാട്ടില്‍ മാത്രമല്ല കേരളത്തിലുടനീളമുള്ള സഹകരണ സ്ഥാപനങ്ങളില്‍ നിയമനങ്ങളില്‍ അഴിമതിയുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും ക്രമക്കേടുകളില്‍ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോഴ നല്‍കിയല്ല മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കണം നിയമനമെന്ന വ്യക്തമായ നിര്‍ദേശവും കെ.പി.സി.സി സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

വയനാട് ഡി.സി.സി ട്രഷറര്‍ എം.എന്‍ വിജയന്റെ ആത്മഹത്യയും തുടര്‍ന്നുയര്‍ന്ന ആരോപണങ്ങളെയും കുറിച്ച് അന്വേഷിക്കാന്‍ കെ.പി.സി.സി സമിതിയെ നിയോഗിച്ചിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സണ്ണി ജോസഫ്, കെ.ജയന്ത്, ടി.എന്‍. പ്രതാപന്‍ എന്നിവരടങ്ങുന്ന സമിതിയെയാണ് നിയോഗിച്ചത്.

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നതിന് പിന്നാലെയായിരുന്നു കെ.പി.സി.സിയുടെ നടപടി.

ദിവസങ്ങള്‍ക്ക് മുമ്പാണ് വയനാട് ഡി.സി.സി ട്രഷറര്‍ എം.എന്‍. വിജയനെയും മകനെയും വിഷം കഴിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. കോണ്‍ഗ്രസ് ഭരണമുള്ള സഹകരണ ബാങ്കുകളില്‍ ജോലി വാഗ്ദാനം ചെയ്ത് ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്റെ നിര്‍ദേശാനുസരണം പലരും വിജയന് പണം നല്‍കിയിരുന്നിരുന്നു എന്ന ആരോപണമുണ്ടായിരുന്നു.

നിയമനത്തിന്റെ പേരില്‍ പണം വാങ്ങിയത് എം.എല്‍.എയാണെന്ന് കുറിപ്പില്‍ പറയുന്നുണ്ട്. നിയമനത്തിന്റെ പേരില്‍ പണം വാങ്ങിയവരില്‍ ഡി.സി.സി സെക്രട്ടറിയും പ്രസിഡന്റ് എന്‍.ഡി അപ്പച്ചനുംഉണ്ടായിരുന്നു.

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണനെ ഇന്ന് (ശനി) അറസ്റ്റ് ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. കേസിലെ ഒന്നാംപ്രതിയാണ് ഐ.സി. ബാലകൃഷ്ണന്‍.

ബുധനാഴ്ച കേസിലെ രണ്ടും നാലും പ്രതികളായ ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, മുന്‍ ഡി.സി.സി ട്രഷറര്‍ കെ.കെ. ഗോപിനാഥന്‍ എന്നിവരെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചിരുന്നു.

Content Highlight: NM Vijayan’s suicide; KPCC committee report that the family’s complaint is justified