എന്‍.എം. വിജയന്റെ ആത്മഹത്യ കേസ്; എം.എല്‍.എ ഐ.സി. ബാലകൃഷ്ണനെ പ്രതി ചേര്‍ത്തു
Kerala News
എന്‍.എം. വിജയന്റെ ആത്മഹത്യ കേസ്; എം.എല്‍.എ ഐ.സി. ബാലകൃഷ്ണനെ പ്രതി ചേര്‍ത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th January 2025, 10:02 am

കല്‍പ്പറ്റ: വയനാട് ഡി.സി.സി ട്രഷറർ എന്‍.എം. വിജയന്റെ ആത്മഹത്യ കേസില്‍ ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണനെ പ്രതി ചേര്‍ത്തു. പ്രതിക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റവും ചുമത്തി. കേസിൽ ഐ.സി. ബാലകൃഷ്ണനാണ് ഒന്നാം പ്രതി.

എം.എല്‍.എയ്ക്ക് പുറമെ വയനാട് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, പി.വി. ബാലചന്ദ്രന്‍, കെ.കെ. ഗോപിനാഥന്‍ എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഇവരില്‍ പി.വി. ബാലചന്ദ്രന്‍ കോണ്‍ഗ്രസ് വിട്ട് സി.പി.ഐ.എമ്മില്‍ ചേരുകയും അടുത്തിടെ മരിക്കുകയും ചെയ്തിരുന്നു.

തുടര്‍നടപടികളുടെ ഭാഗമായി മൂന്ന് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് ചോദ്യം ചെയ്യും. മാനന്തവാടി സബ് ഡിവിഷന്‍ കോടതിയുടെ പരിഗണനയിലുള്ള കേസ് ബത്തേരിയിലേക്ക് മാറ്റാനും പൊലീസ് അപേക്ഷ നല്‍കി.

എന്‍.എം. വിജയന്റെ മരണത്തെ തുടര്‍ന്ന് പുറത്തുവന്ന ആത്മഹത്യ കുറിപ്പ് അദ്ദേഹം തന്നെ എഴുതിയതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് വന്ന പശ്ചാത്തലത്തില്‍ കൂടിയാണ് നടപടി.

ആത്മഹത്യ കുറിപ്പില്‍ ഐ.സി. ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ സംബന്ധിച്ച വിവരങ്ങള്‍ എന്‍.എം. വിജയന്‍ പറയുന്നുണ്ട്.

ബത്തേരി അര്‍ബന്‍ ബാങ്കിലെ നിയമനത്തിന്റെ പേരില്‍ പണം വാങ്ങിയത് എം.എല്‍.എയാണെന്നും പണം വാങ്ങിയവരില്‍ ഡി.സി.സി സെക്രട്ടറിയും പ്രസിഡന്റ് എന്‍.ഡി. അപ്പച്ചനും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്.

മുന്‍ ഡി.സി.സി പ്രസിഡന്റ് അടക്കമുള്ളവര്‍ പണം വാങ്ങിയെങ്കിലും ബാധ്യത മുഴുവന്‍ തന്റെ പേരിലായെന്നും കോണ്‍ഗ്രസിന് വേണ്ടി ജീവിച്ച് ജീവിതം നശിച്ചെന്നും എന്‍.എം. വിജയന്‍ കുറിപ്പില്‍ എഴുതിയിരുന്നു.

2024 ഡിസംബര്‍ 24നാണ് എന്‍.എം. വിജയന്‍ മാനിസിക വെല്ലുവിളി നേരിടുന്ന മകന് വിഷം നല്‍കി മരണം ഉറപ്പാക്കിയതിന് ശേഷം ആത്മഹത്യ ചെയ്തത്. മരണത്തിന് പിന്നാലെ 10 ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം കെ.പി.സി.സി. പ്രസിഡന്റിനും പ്രതിപക്ഷനേതാവിനും എഴുതിയ കത്തുകള്‍ പുറത്തുവന്നത്.

നേരത്തെ കോണ്‍ഗ്രസ് ഭരണമുള്ള സഹകരണ ബാങ്കുകളില്‍ ജോലി വാഗ്ദാനം ചെയ്ത് ഐ.സി. ബാലകൃഷ്ണന്റെ നിര്‍ദേശാനുസരണം പലരും വിജയന് പണം നല്‍കിയിരുന്നിരുന്നു എന്ന ആരോപണമുണ്ടായിരുന്നു.

ഏകദേശം 55 ലക്ഷം നിയമനം നല്‍കാമെന്ന് പറഞ്ഞ് വിവിധ വ്യക്തികളില്‍ നിന്ന് പണം കൈക്കലാക്കിയതായാണ് വിവരം. എന്നാല്‍ ഇത്തരത്തില്‍ അനധികൃതമായി നിയമനം നടത്തിയ പലരുടേയും നിയമനം ഹൈക്കോടതി റദ്ദാക്കിയതോടെ ഉദ്യോഗാര്‍ത്ഥികള്‍ പണം തിരികെ ആവശ്യപ്പെടാന്‍ തുടങ്ങി.

ബാങ്ക് നിയമനത്തിന് വാങ്ങിയ തുക തിരിച്ചുനല്‍കാന്‍ കഴിയാതായതോടെ എന്‍.എം. വിജയന്‍ തന്റെ ഭൂമി ഈടു നല്‍കി. ഇത്തരം സാമ്പത്തിക ബാധ്യതകളാണ് വിജയന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്.

Content Highlight: NM Vijayan’s suicide case; MLA IC Balakrishnan is accused