|

മോദിക്കായി കൊച്ചി മെട്രോയുടെ ഉദ്ഘാടന തീയതി മൂന്ന് തവണ മാറ്റിവെച്ച പിണറായി വിജയനാണ് യാഥാര്‍ത്ഥ സംഘി; കോടിയേരിയ്ക്ക് പ്രേമചന്ദ്രന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: തനിക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിന് മറുപടിയുമായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. പ്രധാനമന്ത്രിക്ക് വേണ്ടി കൊച്ചി മെട്രോയുടെ ഉദ്ഘാടനം ആറ് മാസം വൈകിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനാണ് യഥാര്‍ത്ഥ സംഘിയെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു.

“44 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഒരു പ്രോജക്ട് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിന്റെ പേരില്‍ താന്‍ സംഘിയായെങ്കില്‍ പ്രധാനമന്ത്രിക്ക് വേണ്ടി കൊച്ചി മെട്രോയുടെ ഉദ്ഘാടന തീയതി മൂന്ന് തവണ മാറ്റിവെച്ച പിണറായി വിജയനാണ് യാഥാര്‍ത്ഥ സംഘി. മുഖ്യമന്ത്രിയാണോ സംഘി ഞാനാണോ സംഘിയെന്ന് കോടിയേരി പറയണം”

കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനത്തിനായി താന്‍ പ്രത്യക്ഷമായോ പരോക്ഷമായോ പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടില്ലെന്നും ബി.ജെ.പി നേതാക്കളാണ് പ്രധാനമന്ത്രിയെ ഉദ്ഘാടനത്തിനെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ബൈപ്പാസിന്റെ പേരില്‍ സി.പി.എം രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: പ്രിയങ്കാ ഗാന്ധിക്ക് “”ബൈപൊളാര്‍ ഡിസോര്‍ഡര്‍””; രാഷ്ട്രീയത്തില്‍ നില്‍ക്കാനാവില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ആലപ്പാട്ടെ കരിമണല്‍ ഖനനം പൂര്‍ണ്ണമായും നിര്‍ത്തണമെന്ന സംയുക്ത സമരസമിതിയുടെ ആവശ്യത്തിനെതിരെയും അദ്ദേഹം രംഗത്തെത്തി. ഖനനം പൂര്‍ണ്ണമായി നിര്‍ത്താനാവില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ തകര്‍ച്ചയ്ക്ക് ഇത് വഴിവെക്കുമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

“സമരസമിതിയുടെ ആവശ്യത്തോട് യോജിക്കാനാവില്ല. ഈ നിലപാട് മൂലം തെരഞ്ഞെടുപ്പിലുണ്ടാകുന്ന രാഷ്ട്രീയ നേട്ടവും കോട്ടവും സഹിക്കുകയേ നിവൃത്തിയുള്ളൂ.”

പാരിസ്ഥിതിക പ്രശ്നങ്ങള്‍ ശാസ്ത്രീയ പഠനങ്ങളിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

WATCH THIS VIDEO: