| Friday, 19th April 2019, 11:17 am

'ബി.ജെ.പി വോട്ടുകളും തനിക്ക് കിട്ടാം'; കൊല്ലത്ത് ബി.ജെ.പി യു.ഡി.എഫിന് വോട്ടുമറിക്കുന്നുവെന്ന ആരോപണം ശരിവെച്ച് എന്‍.കെ പ്രേമചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രനുവേണ്ടി ബി.ജെ.പി വോട്ടുമറിക്കുന്നുവെന്ന ആരോപണം ശരിവെച്ച് എന്‍.കെ പ്രേമചന്ദ്രന്‍. ബി.ജെ.പിക്ക് സ്വാധീനമില്ലാത്ത മണ്ഡലമാണ് കൊല്ലം. അങ്ങനെയുള്ള മണ്ഡലത്തില്‍ അവരുടെ വോട്ടുകള്‍ തനിക്ക് കിട്ടുന്നതില്‍ എന്താണ് കുഴപ്പമെന്നാണ് പ്രേമചന്ദ്രന്‍ ചോദിച്ചത്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി അറിയിച്ച് യുവമോര്‍ച്ച മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗമാണ് ബി.ജെ.പി വോട്ടുമറിക്കുന്നുവെന്ന ആരോപണവുമായി പരസ്യമായി രംഗത്തെത്തിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ മുന്നണിക്ക് കൂടുതല്‍ വോട്ട് ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും പ്രവര്‍ത്തനം നടക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്.

നേതൃത്വത്തിനോട് അതൃപ്തിയുള്ള പ്രവര്‍ത്തകര്‍ ചേര്‍ന്ന് മേക്ക് എ വിഷന്‍ എന്ന സന്നദ്ധ സംഘടന രൂപീകരിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സംഘടനയുടെ പേരില്‍ കമ്മിറ്റികളുണ്ടാക്കാനാണ് തീരുമാനം. തല്‍ക്കാലം പാര്‍ട്ടി വിടില്ലെന്നും തെരഞ്ഞടുപ്പ് ഫലം വന്നശേഷം തീരുമാനിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന് വേണ്ടിയാണ് കൊല്ലത്ത് ബി.ജെ.പി ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ ഇറക്കിയതെന്ന് നേരത്തെ എല്‍.ഡി.എഫ് ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് ബി.ജെ.പിക്കുള്ളില്‍ തന്നെ വോട്ട് മറിക്കുന്നുവെന്ന ആരോപണവുമായി ഒരു വിഭാഗം രംഗത്തെത്തിയത്.

അതേസമയം അതൃപ്തിയുള്ളവര്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ തന്നെ പരാതി ഉന്നയിക്കാമെന്നും പരസ്യ പ്രസ്താവന സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ജില്ലാ പ്രസിഡന്റ് ജി ഗോപിനാഥ് പറഞ്ഞിരുന്നു.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നാലിടത്ത് ആധിപത്യം നേടിയാണ് എന്‍.കെ. പ്രേമചന്ദ്രന്‍ ജയിച്ചത്. എന്നാല്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഒരു മണ്ഡലം പോലും നേടാന്‍ യു.ഡി.എഫിന് സാധിച്ചിരുന്നില്ല. ചവറ ഒഴികെയുള്ള സ്ഥലങ്ങളില്‍ പതിനായിരകണക്കിന് വോട്ടുകള്‍ക്കാണ് യു.ഡി.എഫ് പിന്നിലായത്.

2014നെ അപേക്ഷിച്ച് 2016ല്‍ എല്ലാ മണ്ഡലങ്ങളിലും വോട്ട് വിഹിതം ഇരട്ടിയോളമോ മൂന്നിരട്ടിയോ ആയി വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചിരുന്നു എന്നതാണ് എന്‍.ഡി.എയുടെ നേട്ടം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചാത്തന്നൂര്‍ മണ്ഡലത്തില്‍ രണ്ടാമതെത്താനും 2014നെ അപേക്ഷിച്ച് 2016ല്‍ എല്ലാ മണ്ഡലങ്ങളിലും വോട്ട് വിഹിതം ഇരട്ടിയോളമോ മൂന്നിരട്ടിയോ ആയി വര്‍ദ്ധിപ്പിക്കാനും എന്‍.ഡി.എയ്ക്ക് കഴിഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more