D' Election 2019
പിണറായിയുടെ ധാര്‍ഷ്ട്യത്തിനു ജനങ്ങള്‍ നല്‍കിയ തിരിച്ചടി; ഇടതുപക്ഷത്തിന്റെ നന്‍മയെ പിണറായി തകര്‍ക്കുകയാണെന്നും പ്രേമചന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 24, 01:22 pm
Friday, 24th May 2019, 6:52 pm

കൊല്ലം:മുഖ്യമന്ത്രി പിണറായി വിജയന്റെ ധിക്കാരത്തിനും ധാര്‍ഷ്ട്യത്തിനും ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് കൊല്ലം നിയുക്ത എംപി എന്‍.കെ.പ്രേമചന്ദ്രന്‍. ഇടതുപക്ഷത്തിന്റെ നന്‍മയെ പിണറായി വിജയന്‍ തകര്‍ക്കുകയാണെന്നും പിണറായി വിരുദ്ധതയാണു പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

പിണറായിയുടെ ഇഷ്ടത്തിന് അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്നതാണ് സി.പി.ഐ.എമ്മിന്റെ ദുരന്തം. സംഘടനയും സമ്പത്തും അധികാരവും ഉപയോഗിച്ച് എന്തും നടക്കുമെന്ന ധാര്‍ഷ്ട്യമാണ് പിണറായിക്ക്. കേരളത്തില്‍ ഇങ്ങനെയൊരു ഭരണസംവിധാനം വേണമോയെന്നു സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ ആലോചിക്കണമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലുണ്ടായില്ലെങ്കില്‍ കേരളത്തില്‍ സി.പി.ഐ.എമ്മിന്റെ നില ദയനീയമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സി.പി.ഐ.എം നേതാക്കള്‍ കമ്മിറ്റികളില്‍ പിണറായിയെ ഭയന്നിരിക്കുന്ന ദയനീയ അവസ്ഥയിലാണു പാര്‍ട്ടി. ബി.ജെ.പി പോലും ചെയ്യാത്ത നവലിബറല്‍ നയങ്ങളാണ് പിണറായി നടപ്പാക്കികൊണ്ടിരിക്കുന്നത്. ലണ്ടന്‍ സ്റ്റോക്ക് എക്‌സേഞ്ചില്‍ പോയതോടെ മുതലാളിത്തതിന്റെ ദല്ലാളായി പിണറായി മാറിയെന്നും പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

2014ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ച ഭൂരിപക്ഷം നാലിരട്ടിയോളം ഉയര്‍ത്തിയാണ് കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന്റെ വിജയം. ഒന്നരലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷം നേടിയ പ്രേമചന്ദ്രന് സി.പി.ഐ.എം ശക്തികേന്ദ്രങ്ങളിലും വ്യക്തമായ ലീഡ് നേടാനായി.