| Monday, 12th January 2015, 7:08 pm

വിഴിഞ്ഞം വെടിവെയ്പ്: സമഗ്ര അന്വേഷണം വേണമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


വിഴിഞ്ഞം: വിഴിഞ്ഞം കടലില്‍ വെടിവെയ്പ് നടത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. മത്സ്യബന്ധന ബോട്ടിന് നേരെ കോസ്റ്റ് ഗാര്‍ഡ് വെടിവെക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും അന്വേഷണം ആവശ്യമാണെന്ന് പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് വിഴിഞ്ഞം ബീമാപള്ളിയില്‍നിന്ന് എട്ട് നോട്ടിക്കല്‍ മൈല്‍ അകലെ വച്ചായിരുന്നു കോസ്റ്റ് ഗാര്‍ഡ് പെട്രോളിംഗിനിടെ മത്സ്യബന്ധന ബോട്ടിന് നേരെ വെടിയുതിര്‍ത്തിരുന്നത്.

വെടിവെയ്പില്‍ തമിഴ്‌നാട് സ്വദേശികളായ സുബിന്‍ ജഗദീഷ്(32), ക്ലിന്റണ്‍(30) എന്നിവര്‍ക്കായിരുന്നു പരിക്കേറ്റിരുന്നത്. സുബിന് കാലിലും ക്ലിന്റിന് കൈയിലുമാണ് പരിക്കേറ്റിരുന്നത്. ഇരുവരും തമിഴ്‌നാട് തക്കല സ്വദേശികളാണ്. ബോട്ട് തീരദേശ സംരക്ഷണ സേന കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ബോട്ടിലുണ്ടായിരുന്ന എര്‍മിന്‍, പ്രഭു, പൗലോസ്, മുത്തു, ജഗദീഷ്, പ്രേംലാല്‍ദാസ്, നിഷാദ്, സുനില്‍ എന്നിവരെയും സേന കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കുളച്ചല്‍ ഭാഗത്ത് നിന്നും മത്സ്യബന്ധനം നടത്തി കൊല്ലത്ത് വില്‍പന നടത്താന്‍ വരുകയായിരുന്നു. ഈ സമയത്ത് കടലില്‍ നിരീക്ഷണം നടത്തുകയായിരുന്നു കോസ്റ്റ്ഗാര്‍ഡ് ഇവരോട് ബോട്ട് നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ബോട്ട് നിര്‍ത്താതെ പോയപ്പോള്‍ സേന ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും എന്നിട്ടും ബോട്ട് നിര്‍ത്താതെ പോയപ്പോള്‍ കോസ്റ്റ് ഗാര്‍ഡ് വെടിവെക്കുകയായിരുന്നു.

പത്ത് റൗണ്ടായാണ് കോസ്റ്റ്ഗാര്‍ഡ് വെടിവെച്ചിരുന്നത്. സംഭവ സമയത്ത് ബോട്ടില്‍ ഉണ്ടായിരുന്ന രണ്ട് പേരൊഴികെ മറ്റുള്ളവരെല്ലാം ഉറങ്ങുകയായിരുന്നു. മതിയായ രേഖകള്‍ ഇല്ലാത്തത് കാരണമാണ് തൊഴിലാളികള്‍ ബോട്ടിന്റെ വേഗത കൂട്ടിയതെന്നാണ് കരുതപ്പെടുന്നത്. ഈ ബോട്ടിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മതിയായ രേഖകളില്ലാത്തതിന് പിഴ ഈടാക്കിയിരുന്നതായും അധികൃതര്‍ പറഞ്ഞു

നേരത്തെ ഗുജറാത്ത് തീരത്ത് മത്സ്യബന്ധന ബോട്ട് പൊട്ടിത്തെറിച്ചതിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയാണ് തീരങ്ങളില്‍ കോസ്റ്റ്ഗാര്‍ഡ് ഏര്‍പ്പെടുത്തിയിരുന്നത്.

We use cookies to give you the best possible experience. Learn more