| Tuesday, 18th May 2021, 9:31 am

പ്രതികാത്മകമായി പ്രതിപക്ഷ നേതാവ് മാത്രം പങ്കെടുക്കണം, യു.ഡി.എഫ് ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും എന്‍.കെ പ്രേമചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് യു.ഡി.എഫ് ജനപ്രതിനിധികള്‍ വിട്ടുനില്‍ക്കണമെന്ന എന്‍.കെ പ്രേമചന്ദ്രന്‍ എം.പി.

ചടങ്ങില്‍ യു.ഡി.എഫിനെ പ്രതിനിധീകരിച്ച് പ്രതിപക്ഷ നേതാവ് മാത്രം പങ്കെടുക്കുകയാവും ഉചിതമായ തീരുമാനമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

ടി.എന്‍ പ്രതാപന്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് തന്നോട് പറഞ്ഞതായും എന്‍.കെ പ്രേമചന്ദ്രന്‍ എഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.

സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുമോയെന്നതില്‍ യു.ഡി.എഫ് ഒരു രാഷ്ട്രീയപരമായ തീരുമാനം എടുത്തിട്ടില്ല. തന്റെ വ്യക്തിപരമായ അഭിപ്രായം, യു.ഡി.എഫിനെ പ്രതിനിധീകരിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് പ്രതീകാത്മകമായി പങ്കെടുക്കണം. അത്തരത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങിനോട് എല്ലാവിധ ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുകയെന്നുള്ളതാണ് സ്വീകാര്യമായ നടപടിയെന്നായിരുന്നു പ്രേമചന്ദ്രന്റെ പ്രതികരണം.

തന്നെ ടി.എന്‍ പ്രതാപന്‍ വിളിച്ചിരുന്നു. ഒരു കാരണവശാലും അദ്ദേഹം പങ്കെടുക്കില്ലെന്നാണ് തന്നോട് പറഞ്ഞത്. വ്യക്തിപരമായ തീരുമാനങ്ങള്‍ക്കപ്പുറത്ത് ഒരു പൊതുനയവും പൊതുതീരുമാനവും ഉണ്ടാവേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലുള്ള ആകെ പ്രതിപക്ഷത്തെയും ഐക്യജനാധിപത്യ മുന്നണിയെയും പ്രതിനിധീകരിച്ച് പ്രതിപക്ഷ നേതാവ് പങ്കെടുക്കണം. പ്രതിപക്ഷ നേതാവോ, മുന്‍ മുഖ്യമന്ത്രിയോ അല്ലെങ്കില്‍ കെ.പി.സി.സി പ്രസിഡന്റോ, പ്രതീകാത്മകമായി പങ്കെടുക്കണം.

ഈ പറയുന്ന പ്രോട്ടോക്കോളിന്റെ പരിധിയില്‍ നിന്നുകൊണ്ട് യു.ഡി.എഫിന്റെ പ്രതിനിധികള്‍ പങ്കെടുത്തുകൊണ്ട് മാതൃക കാണിക്കാന്‍ യു.ഡി.എഫ് നേതൃത്വം ശ്രമിക്കണമെന്നാണ് തന്റെ വ്യക്തിഗതമായ നിര്‍ദേശമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

മെയ് 20 നാണ് രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. 500 പേരാണ് മെയ് 20ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നത്.

50000 പേരെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയമാണെന്നും കൊവിഡ് സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

40000 പേര്‍ കഴിഞ്ഞ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിരുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 48 മണിക്കൂര്‍ മുന്‍പെടുത്ത കൊവിഡ് പരിശോധനാഫലം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ന്യായാധിപര്‍, ചീഫ് സെക്രട്ടറി, സെക്രട്ടറിമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പടെയാണ് 500 പേരെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

NK Premachandran also demanded that UDF abstain from taking government oaths.

We use cookies to give you the best possible experience. Learn more