| Saturday, 18th April 2020, 11:37 pm

'ഐ.ടി സെക്രട്ടറിയെ ബലിയാടാക്കി സര്‍ക്കാരിന് രക്ഷപ്പെടാനാവില്ല, മുഖ്യമന്ത്രിയുടെ കൂടെ സെക്രട്ടറിയെന്നത് ഗൗരവതരം'; സ്പ്രിംഗ്‌ളറില്‍ എന്‍.കെ പ്രേമചന്ദ്രന്റെ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവവന്തപുരം: ഐ.ടി സെക്രട്ടറിയെ ബലിയാടാക്കി സ്പ്രിംഗ്‌ളര്‍ അഴിമതിയില്‍ നിന്നും സര്‍ക്കാരിന് രക്ഷപ്പെടാനാവില്ലെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. സ്പ്രിംഗ്‌ളര്‍ കമ്പനിക്ക് വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിനായി കേരളത്തിലെ ജനങ്ങളെ വഞ്ചിച്ച ഗുരുതരമായ ക്രിമിനല്‍ കുറ്റത്തിന് സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ് ഐ.ടി സെക്രട്ടറിയുടെ വെളിപ്പെടുത്തലെന്നും അദ്ദേഹം പറഞ്ഞു.

വിദേശ സ്വകാര്യ കമ്പനിക്കാണ് ആരോഗ്യ വിവരങ്ങള്‍ കൈമാറുന്നതെന്ന വസ്തുത ജനങ്ങള്‍ക്ക് മനസ്സിലായാല്‍ വിവരങ്ങള്‍ നല്‍കാന്‍ പലരും തയ്യാറാകില്ല എന്നതിനാലാണ് ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചത് എന്നത് അതീവ ഗുരുതരമാണ്. ഉത്തരവാദിത്വമുള്ള ഒരു സര്‍ക്കാര്‍ ഒരിക്കലും സ്വീകരിക്കാന്‍ പാടില്ലാത്ത വഞ്ചനാപരമായ നടപടിയാണെന്നും എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

വിവരം നല്‍കുന്നവര്‍ക്ക് വ്യക്തമായ ധാരണ നല്‍കി അവരുടെ പൂര്‍ണ്ണമായ അറിവോടും സമ്മതത്തോടും കൂടി മാത്രമേ വിവരങ്ങള്‍ ഒരു സ്വകാര്യ കമ്പനിക്ക് കൈമാറാവൂ എന്ന ശക്തമായ നിയമവ്യവസ്ഥയാണ് സര്‍ക്കാര്‍ ലംഘിച്ചിരിക്കുന്നത്. ഉത്തരവാദിത്വം മൊത്തത്തില്‍ ഏറ്റെടുത്ത് ഐ.ടി സെക്രട്ടറി ചാവേറാകുന്നതാണ് ഏറ്റുപറച്ചില്‍. ഐ.ടി സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെ ജോലി ചെയ്യുന്ന മുഖ്യമന്ത്രിയുടെ കൂടി സെക്രട്ടറിയാണെന്നുള്ളത് ഗൗരവതരമാണെന്നും എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

കേരളത്തിലെ ഒരു ഗവണ്‍മെന്റ് സെക്രട്ടറിക്കും സ്വന്തം ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ നടപടി ക്രമങ്ങള്‍ പാലിക്കാതെ സര്‍ക്കാരിന് വേണ്ടി കരാറില്‍ ഏര്‍പ്പെടാനോ പര്‍ച്ചേസ് ചെയ്യാനോ അധികാരമില്ലെന്നിരിക്കെ മുഖ്യമന്ത്രിയുടെ സെക്രട്ടറി എങ്ങനെ ഈ അധികാരം വിനിയോഗിച്ചു എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പ്രേമചന്ദന്‍ ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more