| Thursday, 12th October 2023, 2:08 pm

നായന്മാരായ പ്രതിയോഗികളെ ബി.ജെ.പിവല്‍ക്കരിക്കുന്ന ഏര്‍പ്പാടാണ് സി.പി.ഐ.എമ്മിന്: എന്‍.കെ. പ്രേമചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള നായര്‍ വിഭാഗത്തില്‍പ്പെട്ട രാഷ്ട്രീയ പ്രതിയോഗികളെ ബി.ജെ.പി വല്‍ക്കരിക്കുന്ന സമീപനമാണ് സി.പി.ഐ.എം സ്വീകരിക്കുന്നതെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. സി.പി.ഐ.എമ്മിനെ വിമര്‍ശിച്ചാല്‍ അത് ബി.ജെ.പി പക്ഷപാതിത്വമാകുന്ന ഒരുരീതി കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തന്റെയും ശശി തരൂരിന്റെയും രാജ്‌മോഹന്‍ ഉണ്ണിത്താന്റെയും പേരുകള്‍ സി.പി.ഐ.എം ഈ രീതിയില്‍ വലിച്ചിഴക്കാറുണ്ടെന്നും റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ പ്രേമചന്ദ്രന്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സൗഹൃദമുണ്ടെന്നും അതിനെയൊക്കെ മൃതുഹിന്ദുത്വമായി അവതിരപ്പിക്കുന്നത് മോശം രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്ററി രംഗത്തെ പ്രവര്‍ത്തനത്തില്‍ പ്രചോദനമായത് വാജ്പേയിയുടെ അനുമോദനമാണെന്നും അത് പറയാന്‍ മടിയില്ലെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

എന്‍.കെ. പ്രേമചന്ദ്രന്റെ വാക്കുകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സൗഹൃദമുണ്ട്. അദ്ദേഹം എന്റെ മകന്റെ വിവാഹത്തിന് വന്നിരുന്നു, രാഷ്ട്രപതിയും ആ ചടങ്ങില്‍ വന്നിരുന്നു. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമൊക്കെ വന്നിരുന്നു. ഇന്ത്യയുടെ മുഴുവന്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പരിച്ഛേദവും ആ ചടങ്ങിലുണ്ടായി. വിയോജിപ്പുകള്‍ ആശയപരമല്ലേ, വ്യക്തിപരമല്ലല്ലോ. സര്‍ക്കാര്‍ പ്രതിനിധികള്‍ ഇത്തരം കാര്യങ്ങളില്‍ പങ്കെടുക്കുന്നത് മൃതുഹിന്ദുത്വമാണെന്ന് പറയുന്നത് ശരിയാണോ.

ഇത്തരം ആരോപണങ്ങളൊക്കെ തള്ളിക്കളഞ്ഞതുകൊണ്ടാണ് കൊല്ലത്ത് ഒരു ലക്ഷത്തില്‍ കൂടുതല്‍ ഭൂരിപക്ഷത്തില്‍ ഞാന്‍ വിജയിച്ചത്. തീവ്ര ഹിന്ദുത്വത്തിന്റെ വക്താവ് എന്ന് വിലയിരുത്തിയാണ് എനിക്കെതിരെ ക്യാമ്പയില്‍ നടത്തിയത്. എന്നാല്‍
ഞാന്‍ ന്യൂനപക്ഷ വിഷയങ്ങളില്‍ ആദ്യം നിലപാട് സ്വീകരിക്കുന്നുവെന്നും അവര്‍ക്ക് വേണ്ടി നിലകൊള്ളുന്നവെന്ന ആക്ഷേപം മറുവിഭാഗത്തിനുമുണ്ട്.

സി.പി.ഐ.എമ്മിനെ വിമര്‍ശിച്ചാല്‍ അത് ബി.ജെ.പി പക്ഷാതിത്വമാകുന്ന ഒരുരീതി ഇപ്പോള്‍ കേരളത്തിലുണ്ട്. കേന്ദ്രത്തെ വിമര്‍ശിച്ചാല്‍ ദേശവിരുദ്ധതയുമാകുന്ന ഒരു ട്രെന്‍ഡുമുണ്ട്.

കേരളത്തിലെ നായര്‍ കമ്മ്യൂണിറ്റിയില്‍പ്പെട്ട പാര്‍ലമെന്റ് അംഗങ്ങളും നിയമസഭാംഗങ്ങളും ബി.ജെ.പിയില്‍ പോകും, ബി.ജെ.പിയില്‍ പോകും എന്ന് പറയുന്ന പ്രചരണം തുടങ്ങിയത് ആരാണ്, ഈ സി.പി.ഐ.എം അല്ലേ. ശശിതരൂരിന്റെ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ, എന്റെ പേരൊക്കെ അങ്ങനെ ചര്‍ച്ച ചെയ്യപ്പെട്ടില്ലേ.

Content Highlight: NK Premachandran About Nair community opposition leaders Kerala  

We use cookies to give you the best possible experience. Learn more