| Friday, 16th July 2021, 7:28 pm

മുന്നാക്ക വികസന കോര്‍പറേഷനും പരിവര്‍ത്തിത ക്രൈസ്തവ കോര്‍പ്പറേഷനും ഇനിയും പ്രവര്‍ത്തിക്കുന്നത് ഭരണഘടനാ വിരുദ്ധം; പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് മെക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുന്നാക്ക വികസന കോര്‍പറേഷന്റെയും പരിവര്‍ത്തിത ക്രൈസ്തവ കോര്‍പ്പറേഷന്റെയും പ്രവര്‍ത്തനം അവസാനിപ്പിച്ച് അടച്ച് പൂട്ടാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക). ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയും അത് നടപ്പിലാക്കിക്കൊണ്ടുള്ള മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം വന്നതിന്റെയും സാഹചര്യത്തിലാണ് അസോസിയേഷന്റെ പ്രതികരണം.

നിയമവിധേയമല്ലാതെ 2013 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന ഭരണഘടനാ വിരുദ്ധ സ്ഥാപനമാണ് മുന്നാക്ക സമുദായ വികസന കോര്‍പ്പറേഷന്‍ എന്നും മെക്ക ജനറല്‍ സെക്രട്ടറി എന്‍.കെ. അലി ആരോപിച്ചു.

‘സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി നല്‍കാന്‍ തീരുമാനിച്ചതിനാല്‍ ഇനി ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതും സ്‌കോളര്‍ഷിപ്പടക്കമുള്ള ധനസഹായം വിതരണം മേല്‍ സ്ഥാപനങ്ങളിലൂടെ നടത്തുന്നതും കോടതി വിധിയുടെ ലംഘനവും ഭരണഘടനാ വിരുദ്ധമായ പ്രീണന നടപടിയുമാണ്. ബജറ്റ് വിഹിതമായി നീക്കി വെയ്ക്കുന്ന സര്‍ക്കാര്‍ ഫണ്ട് ന്യൂനപക്ഷങ്ങളെ ഏകകമായി പരിഗണിച്ച് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന നിര്‍ദ്ദേശം നടപ്പിലാക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ അടച്ചുപൂട്ടല്‍ നടപടി അനിവാര്യമാണ്,’ എന്‍.കെ. അലി പറഞ്ഞു.

മുന്നാക്ക സമുദായത്തില്‍പ്പെട്ട ക്രൈസ്തവര്‍ക്കടക്കം സ്‌കോളര്‍ഷിപ്പ്, ഇതര ധനസഹായം തുടങ്ങി ഏകദേശം 42 കോടി രൂപയാണ് പ്രതിവര്‍ഷം ബജറ്റ് വിഹിതമായി നീക്കി വച്ചിട്ടുള്ളത്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത പിന്നോക്ക ദലിത് ക്രൈസ്തവര്‍ക്ക് വിവിധ പഠന പഠനേതര ധനസഹായം നല്‍കി വരുന്ന സ്ഥാപനമാണ് പരിവര്‍ത്തിത ക്രൈസ്തവ കോര്‍പ്പറേഷന്‍.

ന്യൂനപക്ഷ വിഭാഗങ്ങളില്‍ മുന്നാക്ക-പിന്നാക്ക വേര്‍തിരിവ് പാടില്ലന്നും ന്യൂനപക്ഷ സമുദായങ്ങളെ ഒറ്റ വിഭാഗമായി പരിഗണിച്ചു മാത്രമേ സ്‌കോളര്‍ഷിപ്പടക്കമുള്ള ന്യൂനപക്ഷ ഫണ്ട് വിനിയോഗം പാടുള്ളു എന്നുമാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ വിധിയുടെ താല്‍പര്യമെന്നും എന്‍.കെ. അലി വ്യക്തമാക്കി.

ഒരു വിദ്യാര്‍ഥിക്ക് ഒരേസമയം ഒന്നിലധികം സ്‌കോളര്‍ഷിപ്പിന് അര്‍ഹതയില്ലന്ന പൊതുമാനദണ്ഡവും വ്യവസ്ഥയും കൂടി പരിഗണിക്കുമ്പോള്‍ മേല്‍ രണ്ടു സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനം അവസാനിപ്പിച്ച് ഈ സ്ഥാപനങ്ങള്‍ക്ക് നീക്കി വെച്ചിട്ടുള്ള ബജറ്റ് വിഹിതവും ഫണ്ടും ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിനായി മാറ്റിവെച്ചേ മതിയാകൂ എന്നും അലി ചൂണ്ടിക്കാട്ടി.അല്ലാത്ത പക്ഷം ക്രിസ്തീയ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീണനവും ഫണ്ട് ദുര്‍വിനിയോഗവും ആരോപിച്ച് നിയമ നടപടികള്‍ക്കും വ്യവഹാരങ്ങള്‍ക്കും ഇടയാകുമെന്നും എന്‍.കെ. അലി വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. മന്ത്രിസഭാ യോഗത്തിലായിരുന്നു അനുപാതം മാറ്റാനുള്ള തീരുമാനം. 2011ലെ സെന്‍സസ് അനുസരിച്ചാവും പുതിയ അനുപാതം.

അതേസമയം നിലവിലുള്ള എണ്ണത്തിലോ തുകയിലോ കുറവുണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സ്‌കോളര്‍ഷിപ്പിന് 6.2 കോടി അധികമായി അനുവദിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു.

80 ശതമാനം മുസ്‌ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലായിരുന്നു ഇതുവരെ ക്ഷേമ പദ്ധതികള്‍. ഈ അനുപാതമാണ് കഴിഞ്ഞ മെയ് 28ന് റാദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി വന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: NK Ali of MECA asked to foreword development corporation should end its work

We use cookies to give you the best possible experience. Learn more