ലവ് ജിഹാദ് ഗ്രൂപ്പിലംഗമാക്കിയത് അനുവാദമില്ലാതെ; എന്റെ ജീവിത ലക്ഷ്യം ഇതല്ല: ഞെരളത്ത് ഹരി ഗോവിന്ദന്‍
Kerala
ലവ് ജിഹാദ് ഗ്രൂപ്പിലംഗമാക്കിയത് അനുവാദമില്ലാതെ; എന്റെ ജീവിത ലക്ഷ്യം ഇതല്ല: ഞെരളത്ത് ഹരി ഗോവിന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th February 2017, 11:09 pm

കോഴിക്കോട്: ലവ് ജിഹാദ് ഗ്രൂപ്പില്‍ തന്നെയുള്‍പ്പെടുത്തിയത് അനുവാദമില്ലാതെയായിരുന്നെന്നും അവരുടെ ലക്ഷ്യമെന്താണെന്ന് അറിയില്ലെന്നും ഞെരളത്ത് ഹരിഗോവിന്ദന്‍. സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള സോഷ്യല്‍ മീഡിയ ലവ് ജിഹാദ് ഗ്രൂപ്പില്‍ അംഗമാണെന്ന വാര്‍ത്ത പ്രചരിക്കുന്നത്. മറ്റൊരാള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് താന്‍ അറിയുന്നതെന്നും ഹരിഗോവിന്ദന്‍ പറഞ്ഞു.


Also read സോഷ്യല്‍ മീഡിയ ലവ് ജിഹാദ് ഗ്രൂപ്പില്‍ താന്‍ അംഗമാണ് എന്നാല്‍ വര്‍ഗ്ഗീയ പരമായ ഒരു കമന്റുകളും പറഞ്ഞിട്ടില്ല: രാഹുല്‍ ഈശ്വര്‍


അനുവാദമില്ലാതെയാണ് തന്നെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയത് അത് ചെയ്തത് ആരാണെന്ന് അറിയില്ലെന്നും ഇപ്പോള്‍ അങ്ങിനെയൊരു ഗ്രൂപ്പ് തന്റെ അക്കൗണ്ടില്‍ കാണുന്നില്ലെന്നും ഹരിഗോവിന്ദന്‍ ഡൂള്‍ന്യസിനോട് പറഞ്ഞു. മറ്റൊരാള്‍ പറഞ്ഞാണ് ഇങ്ങനെയൊരു വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടത് അതിനു ശേഷം ഗ്രൂപ്പിന്റെ വിവരങ്ങള്‍ പരിശോധിക്കാന്‍ ശ്രമിച്ചപ്പോള്‍ അത്തരം ഗ്രൂപ്പില്‍ താന്‍ ഉള്‍പ്പെട്ടതായി കാണുന്നില്ലെന്നും ഹരിഗോവിന്ദന്‍ വ്യക്തമാക്കി.

“ഏതോ വിവരമില്ലാത്തവന്‍ അല്ലെങ്കില്‍ വിവരമില്ലാത്തവള്‍ തന്നെ ഗ്രൂപ്പില്‍ ചേര്‍ത്തതായാണ് കണ്ടത്. എന്തിനാണ് ഇതെന്ന് എനിക്കറിയില്ല. എന്റെ ജീവിത ലക്ഷ്യം ഇതൊന്നുമല്ല, ആരെങ്കിലും ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതും എന്റെ വിഷയങ്ങളല്ല. താന്‍ മാനവികതയില്‍ വിശ്വസിക്കുന്നയാളാണ്. ഇത്തരമൊരു ഗ്രൂപ്പില്‍ നിന്നും മെസ്സേജുകള്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഇതിന്റെ പിന്നിലുള്ളവര്‍ ആരാണെന്നും അവരുടെ ലക്ഷ്യവും അറിയുന്നതിന് വേണ്ടിയാണ് ഗ്രൂപ്പ് അഡ്മിനോട് തന്നെ ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടുകൊണ്ട് മെസ്സേജ് അയച്ചത്. എന്നാല്‍ തനിക്കാരും മറുപടി തരികയോ വിളിക്കുകയോ ചെയ്തിട്ടില്ല” ഹരിഗോവിന്ദന്‍ വ്യക്തമാക്കി.


Dont miss ലവ് ജിഹാദ് ഗ്രൂപ്പില്‍ തന്നെ ഉള്‍പ്പെടുത്തിയത് അനുവാദമില്ലാതെ; ഗ്രൂപ്പിലംഗമായത് താനറിഞ്ഞിരുന്നില്ല: ധന്യാ രാമന്‍ 


താന്‍ കമ്മ്യൂണിസ്റ്റ് അനുഭാവിയാണ് എന്നാല്‍ സി.പി.ഐ.എംകാരന്‍ അല്ലെന്നും ഈശ്വര വിശ്വാസിയാണ് എന്നാല്‍ അമ്പല വിശ്വാസിയല്ലെന്നും ഹരിഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

തന്നെയില്ലാതാക്കാനായി പുരോഗമന വാദികളായ ചിലയാളുകള്‍ പറയുന്ന കാര്യമാണ് താന്‍ വര്‍ഗ്ഗീയ വാദിയാണെന്നത്. സി.പി.ഐ.എമ്മില്‍പ്പെട്ട ചില വ്യക്തികളാണ് ഇതിന് പിന്നില്ലെന്നും ഹരിഗോവിന്ദന്‍ ആരോപിച്ചു.

സി.പി.ഐ.എമ്മില്‍ തന്റെ കലാ ജീവിതത്തെ സഹായിച്ച ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടെങ്കിലും ചില മാടമ്പിമാര്‍ അവരുടെ ധാര്‍ഷ്ട്യം അംഗീകരിച്ച് കൊടുത്താത്തത് കൊണ്ട് തന്നെ നേരിടാന്‍ പ്രചരിപ്പിക്കുന്ന കാര്യമാണ് താന്‍ വര്‍ഗ്ഗീയ വാദിയാണ് എന്നുള്ളത്.

അവരുടെ കൂട്ടത്തില്‍പ്പെട്ട ചിലയാളുകളുടെ തെണ്ടിത്തരങ്ങള്‍ ചോദ്യം ചെയതപ്പോള്‍ തന്നെ ഇല്ലാതാക്കുന്നതിനായി തെരഞ്ഞെടുത്ത മാര്‍ഗമാണിതെന്നും ഹരിഗോവിന്ദന്‍  ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ക്ഷേത്രവാദ്യമായ ഇടയ്ക്ക കൊട്ടിക്കൊണ്ട് റമദാന്‍ ഗീതം പാടിയ തന്നെയാണ് വര്‍ഗ്ഗീയവാദിയായി ചിത്രീകരിക്കാന്‍ ഇത്തരക്കാര്‍ ശ്രമിക്കുന്നത്.


Also Read: കമലിന്റെ ‘ആമി’ ഏറ്റെടുക്കുന്ന മഞ്ജുവാര്യര്‍ക്കുനേരെ സംഘികളുടെ സൈബര്‍ ആക്രമണം


തന്റെ നാട്ടിലെ ഒരു നമ്പൂതിരിയുടെ സ്വകാര്യ ഉടമസ്ഥതയിലുള്ള അമ്പലത്തില്‍ മുസ്‌ലിനെയും ക്രിസ്ത്യനെയും ദളിതനെയും എല്ലാ ജാതി മതസ്ഥരെയും ചേര്‍ത്ത് ഒരു ജനകീയ കമ്മിറ്റിയുണ്ടാക്കി ജനകീയ ഉത്സവം സംഘടിപ്പിച്ചതിന് നേതൃത്വം വഹിച്ചതും താനാണെന്നും ഹരിഗോവിന്ദന്‍ ഇങ്ങനെ വളര്‍ന്നാല്‍ ദോഷമാകുമെന്ന് ഭയന്ന രാഷ്ട്രീയ ഭീരുക്കള്‍ ആ സമയം മുതല്‍ തന്നെ ഉപദ്രവിക്കാന്‍ തുടങ്ങുകയായിരുന്നെന്നും ഹരിഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.