| Friday, 9th April 2021, 6:49 pm

നിഴല്‍ പോലെ പിന്തുടരുന്ന ഹൊറര്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍| Nizhal Movie Review

അശ്വിന്‍ രാജ്

പ്രഖ്യാപന സമയത്ത് തന്നെ ഏറെ ചര്‍ച്ചയായ ചിത്രമായിരുന്നു നിഴല്‍. അഞ്ചാം പാതിരയ്ക്ക് ശേഷം ഒരു ത്രില്ലര്‍ മൂഡുള്ള ചിത്രവുമായി ചാക്കോച്ചന്‍, കൂടെ തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താര… എല്ലാത്തിനും ഉപരിയായി അപ്പു എന്‍. ഭട്ടതിരി എന്ന എഡിറ്റര്‍ ആദ്യമായി സംവിധാനം ചെയ്യുന്നു.

ഇത്രയൊക്കെ തന്നെ മതിയായിരുന്നു ചിത്രം ആദ്യ ഷോ കാണുന്നതിന്. പ്രതീക്ഷകള്‍ തകര്‍ക്കാതെ മികച്ച എഡിറ്റര്‍ മാത്രമല്ല നല്ലൊരു സംവിധായകന്‍ കൂടിയാണ് താന്‍ എന്ന് അപ്പു ഈ ചിത്രത്തിലൂടെ തെളിയിച്ചിരിക്കുകയാണ്.

എഡിറ്റിംഗ് ടേബിളിലാണ് സിനിമ ജനിക്കുക എന്ന് പലരും പറയാറുണ്ട്. ഒരു എഡിറ്റര്‍ സംവിധായകനായി മാറുമ്പോള്‍ ആ ചിത്രത്തിന് പലപ്പോഴും മനോഹാരിത കൂടാറുണ്ട്. പ്രേമം, ടേക്ക് ഓഫ് തുടങ്ങിയ ചിത്രങ്ങളൊക്കെ കാണുമ്പോള്‍ മനസിലാകും. ചില ഷോട്ടുകള്‍ സീനുകള്‍ ഒക്കെ മറ്റ് ചില സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ അതിഗംഭീരമാകാറുണ്ട്.

അത്തരം ഒരു ഗുണം തീര്‍ച്ചയായും നിഴലിനുമുണ്ട്. നിഴലിനെ ഒരു ഹൊറര്‍ മൂഡ് ലഭിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി പരിഗണിക്കാം. ചാക്കോച്ചന്‍, നയന്‍താര, മാസ്റ്റര്‍ ഐസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, ദിവ്യപ്രഭ ഇവരൊക്കെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആയിട്ടുള്ള ബോബി ജോണ്‍ എന്ന കഥാപാത്രത്തിനെയാണ് ചാക്കോച്ചന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശര്‍മിയായി നയന്‍താരയും മകന്‍ നിധിയായി ഐസിനും എത്തുന്നു. ഒരു അപകട രംഗത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ നിധി ക്ലാസില്‍ പറയുന്ന ഒരു കഥയില്‍ നിന്നാണ് ചിത്രം വികസിക്കുന്നതും ത്രില്ലര്‍ മൂഡിലേക്ക് ചിത്രത്തിന്റെ കഥ എത്തുകയും ചെയ്യുന്നത്.

നിധിയുടെ ഈ കഥ ബോബി ജോണിലേക്ക് എത്തുകയും പിന്നീട് ഒരു നിഴല്‍ പോലെ അയാളെ ബാധിക്കുകയും ചെയ്യുന്നതോടെ ചിത്രം പൂര്‍ണമായും അതിന്റെ ത്രില്ലിംഗ് മൂഡിലേക്ക് എത്തിക്കുന്നു.

മോഷന്‍ ഗ്രാഫിക് ആര്‍ട്ടിസ്റ്റ് കൂടിയായ ശര്‍മി ഒരു സിംഗിള്‍ പാരന്റ് ആണ്. ശര്‍മിയായി നയന്‍താര എത്തുമ്പോള്‍ ഒരേ സമയം ഹൈക്ലാസ് പ്രൊഫഷണലും അതേസമയം നിഗൂഢതകളും ഉള്ള കഥാപാത്രമായി മികച്ച സ്‌ക്രീന്‍ പ്രസന്‍സ് നല്‍കാന്‍ സാധിക്കുന്നുണ്ട്.

ചിത്രത്തിന്റെ ആദ്യാവസാനം ത്രില്ലര്‍ സ്വഭാവം പുലര്‍ത്താന്‍ സംവിധായകനും തിരക്കഥാകൃത്തിനും സാധിച്ചിട്ടുണ്ട്. എസ്. സഞ്ജീവ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തില്‍ എടുത്ത് പറയേണ്ട മറ്റൊരു കാര്യം ദീപക് ഡി. മേനോന്റെ ക്യാമറയും സുരജ് എസ് കുറുപ്പിന്റെ സംഗീതവുമാണ്. ചിത്രത്തിന്റെ ത്രില്ലിംഗ് മൂഡ് എലവേറ്റ് ചെയ്യാന്‍ ക്യാമറയ്ക്കും സംഗീതത്തിനും ഒരേപോലെ സാധിക്കുന്നുണ്ട്. ചിത്രത്തിലെ ചില ടോപ്പ് ആംഗിള്‍ ഷോട്ടുകള്‍ അതി മനോഹരമായിരുന്നു.

അതേപോലെ ഹോഗനക്കലിന്റെ മനോഹാരിത പ്രേക്ഷകന് നന്നായി ആസ്വദിക്കാന്‍ സാധിക്കും. ചിത്രത്തിലെ ബി.ജി.എമ്മും ഇംഗ്ലീഷ് ട്രാക്കും ദൃശ്യങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. ഇന്റര്‍വെല്‍ പഞ്ച് അടക്കം മികച്ച ഫീല്‍ തരുന്നതിന് ഈ ഘടകങ്ങളും നന്നായി സഹായിച്ചിട്ടുണ്ട്.

സംവിധായകന്‍ അപ്പു ഭട്ടതിതിരിയും അരുണ്‍ ലാലുമാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. അനാവശ്യമായ ഒരു ഷോട്ട് പോലും ത്രില്ലര്‍ ചിത്രങ്ങളില്‍ ബാധ്യതയാവാറുണ്ട്. പക്ഷേ നിഴലില്‍ ദൃശ്യങ്ങള്‍ വെട്ടിക്കൂട്ടി ത്രില്ലിംഗ് അനുഭവം ഉണ്ടാക്കാന്‍ അപ്പുവിനും അരുണിനും സാധിച്ചിട്ടുണ്ട്.

ചിത്രത്തില്‍ എനിക്ക് എഡിറ്റിംഗില്‍ മികച്ചതായി തോന്നിയ ചില സീനുകള്‍ ഉണ്ട്. അതില്‍ ഒന്ന് ഒരു ആശുപത്രിയുടെ വാതില്‍ തുറന്ന് ആ വാതില്‍ അടയ്ക്കുമ്പോള്‍ ഒരു കാറിന്റെ ഡോര്‍ ആയി മാറുന്നുണ്ട്. പക്ഷേ എഡിറ്റിംഗില്‍ ഒരു ജംപും പ്രേക്ഷകന് അനുഭവപ്പെടാതെ വളരെ സ്മൂത്തായി ആ സീന്‍ മാറുന്നുണ്ട്.

അതേസമയം തന്നെ ചെറിയ ചില കല്ലുകടികളും അനുഭവപ്പെടുന്നുണ്ട്. ഒന്ന് ചിത്രത്തില്‍ നയന്‍താരയ്ക്ക് നല്‍കിയ ശബ്ദം പരിചിതമായ മറ്റാരുടെയോ ശബ്ദം പോലെ തോന്നി.

മറ്റൊന്ന് ചിത്രത്തിന്റെ അവസാന ഭാഗങ്ങളിലാണ് ഉണ്ടായത്. ചിത്രത്തിന്റെ ആദ്യപകുതിയിലും രണ്ടാം പകുതിയിലും നിഗൂഢതകളും പരസ്പരം ചുറ്റിപിണഞ്ഞ് നില്‍ക്കുന്ന കഥാഗതിയും ഒക്കെ ഇനിയെന്ത് എന്ന് തോന്നിക്കുന്ന തരത്തില്‍ ഒരു ആകാംഷ പ്രേക്ഷകന് ഉണ്ടാക്കുന്നുണ്ട്. പക്ഷേ ക്ലൈമാക്‌സില്‍ എത്തുമ്പോള്‍ അതുവരെ ഉണ്ടാക്കിയ ത്രില്ലിംഗ് നരേറ്റിവിന് പകരം വളരെ പെട്ടെന്ന് കഥാഗതിയെ അവസാനിപ്പിക്കുന്നുണ്ട്.

കഥയില്‍ വന്ന് പോകുന്ന ചില കഥാപത്രങ്ങളുടെ ഭൂതകാലം വ്യക്തമാകാനും പറ്റുന്നില്ല. ചിത്രത്തില്‍ ഉടനീളമുള്ള ആ ഒരു ത്രില്ലിംഗ് ക്ലൈമാക്‌സിലെ ട്വിസ്റ്റിന് തരാന്‍ കഴിയുന്നില്ല. ചിത്രത്തിന്റെ ടെയ്ല്‍ എന്‍ഡും സമാനമായ രീതിയിലാണ്. മറ്റൊന്ന് ചില ഗ്രാഫിക്‌സുകളാണ്.

പക്ഷേ ഇത് മാറ്റി നിര്‍ത്തിയാല്‍ ആദ്യ ചിത്രമെന്ന നിലയില്‍ അപ്പു ഭട്ടതിരി അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. തിയേറ്ററില്‍ നിന്ന് തന്നെ അനുഭവിക്കേണ്ട മികച്ച ഒരു ത്രില്ലര്‍ ആണ് നിഴല്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Nizhal Malayalam Movie Review Kunchacko Boban | Nayanthara | Appu N Bhattathiri

അശ്വിന്‍ രാജ്

ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more