| Friday, 31st May 2019, 9:21 pm

തെലങ്കാനയില്‍ മുസ്‌ലിം-നെയ്ത്ത്-കള്ളുചെത്ത് സമുദായക്കാരെ സാമൂഹികമായി ബഹിഷ്‌കരിച്ചു; ഇവരോട് മിണ്ടിയാല്‍ 5000 രൂപ പിഴ, വീടൊഴിയണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദ് ജില്ലയില്‍ മുസ്‌ലിംങ്ങള്‍ക്കും പത്മശാലിയ(നെയ്ത്ത്), ഗൗഡ്(കള്ളുചെത്ത്) സമുദായക്കാര്‍ക്കും സാമൂഹിക ബഹിഷ്‌കരണം ഏര്‍പ്പെടുത്തി. ബാല്‍കോണ്ടയിലെ വില്ലേജ് വികസന സമിതിയാണ് മൂന്ന് സമുദായക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

ഈ സമുദായക്കാരുമായി വ്യാപാര-സാമൂഹിക ബന്ധത്തിലേര്‍പ്പെട്ടാല്‍ വന്‍ പിഴ ചുമത്താനാണ് ബാല്‍കോണ്ട വില്ലേജ് വികസന സമിതിയുടെ തീരുമാനാം. ഡെക്കാന്‍ ക്രോണിക്കിളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടാണ് മൂന്ന് സമുദായങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രാമത്തിലുണ്ടായിരുന്ന ഭൂ ഉടമകള്‍ അവരുടെ സ്വത്തിന്റെ ചില ഭാഗങ്ങള്‍ ദശാബ്ദങ്ങള്‍ക്കുമുമ്പ് ഗ്രാമീണര്‍ക്ക് വിറ്റിരുന്നു. എന്നാല്‍ ഭൂമി വാങ്ങിയവര്‍ കൂടുതല്‍ പണം നല്‍കണമെന്നാണ് ഭൂ ഉടമകള്‍ ആവശ്യപ്പെടുന്നത്.

ഇതിനു വേണ്ടി ഭൂ ഉടമകള്‍ വില്ലേജ് വികസന സമിതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് 1200 കുടുംബങ്ങള്‍ക്ക് സാമൂഹിക ബഹിഷ്‌കരണം ഏര്‍പ്പെടുത്തിയത്. ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള വാടക വീടുകളില്‍ താമസിക്കുന്നവരോട് 10 ദിവസത്തിനകം വീടൊഴിയാനും ആവശ്യപ്പെട്ടിട്ടുണ്ട്.

മൂന്നു സമുദായക്കരോടും ആരെങ്കിലും സംസാരിച്ചാല്‍ അവര്‍ക്ക് 5000 രൂപ പിഴയീടാക്കും. ഇവരുടെ ഉടമസ്ഥതയിലുള്ള കടയില്‍ നിന്ന് ഭക്ഷണം കഴിച്ചാലോ സാധനങ്ങള്‍ വാങ്ങിയാലോ അവരില്‍നിന്നും 20000 രൂപ വീതം ഈടാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇത്തരം നിയമവിരുദ്ധ വിലക്ക് കാരണം പ്രദേശത്തെ മുസ്‌ലിം കുടുംബങ്ങള്‍ റമദാന്‍ മാസത്തില്‍ കഷ്ടപ്പെടുകയാണ്.

സംഭവം വിവാദമായതോടെ പൊലിസ് നടപടി എടുത്തിട്ടുണ്ട്. അര്‍മൂര്‍ എ.സി.പി ആന്തേ ബാല്‍ക്കോണ്ട ജുമാമസ്ജിദില്‍ ഹിന്ദു-മുസ്‌ലിം ഇഫ്താര്‍ പാര്‍ട്ടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വില്ലേജ് വികസന സമിതിയെ സാമൂഹിക ബഹിഷ്‌കരണത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ എല്ലാവിധ ശ്രമവും നടത്തുന്നുണ്ടെന്ന് പൊലിസ് കമ്മീഷണര്‍ കാര്‍ത്തികേയ പറഞ്ഞു.

സാമൂഹിക ബഹിഷ്‌കരണം ഏര്‍പ്പെടുത്തിയ സംഭവത്തില്‍ 30 വില്ലേജ് വികസന സമിതി അംഗങ്ങള്‍ക്കും കണ്ടാലറിയാവുന്നവര്‍ക്കുമെതിരേ ഐ.പി.സി 385, 290, 506 വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി ബാല്‍ക്കോണ്ട എസ്.ഐ ഹരി അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more