Entertainment news
34 മാസത്തിന് ശേഷം ബിഗ് സ്‌ക്രീനില്‍ വരുന്ന നിവിന്‍ പോളി ചിത്രം; മഹാവീര്യറിന് കാത്തിരിക്കാന്‍ വേറെയുമുണ്ട് കാരണങ്ങള്‍
സഫല്‍ റഷീദ്
2022 Jul 08, 12:03 pm
Friday, 8th July 2022, 5:33 pm

ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി കേന്ദ്രകഥാപാത്രമായി എത്തുന്ന മഹാവീര്യര്‍ ജൂലൈ 22നാണ് തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. 34 മാസങ്ങള്‍ക്ക് ശേഷമാണ് ഒരു നിവിന്‍ പോളി ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. 2019 നവംബറില്‍ ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തിലെത്തിയ മൂത്തോന്‍ ആയിരുന്നു നിവിന്റെ അവസാന തീയേറ്റര്‍ റിലീസ്.

 

രാജീവ് രവിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന തുറമുഖം താരത്തിന്റെ അടുത്ത ബിഗ് സ്‌ക്രീന്‍ റിലീസായി വരുമെന്നായിരുന്നു സിനിമാ പ്രേമികളും ആരാധകരും കരുതിയിരുന്നത് എന്നാല്‍ മഹാവീര്യറിനാണ് ആ അവസരം ലഭിച്ചത്.

മഹാവീര്യറിന് കാത്തിരിക്കാന്‍ നിരവധി കാരണങ്ങള്‍ സിനിമ പ്രേമികള്‍ക്കും നിവിന്‍ പോളി ആരാധകര്‍ക്കുമുണ്ട്. അതില്‍ ആദ്യ കാരണം മേല്‍പറഞ്ഞ 34 മാസങ്ങളുടെ ഇടവേള തന്നെയാണ്.

ഏബ്രിഡ് ഷൈന്‍-നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തുവന്ന ആദ്യ ചിത്രം 2014ല്‍ റിലീസായ 1983ആയിരുന്നു. ക്രിക്കറ്റ് ജീവവായുവായി കൊണ്ടുനടന്ന മലയാളികള്‍ക്ക് നൊസ്റ്റാള്‍ജിക്ക് ഫീല്‍ നല്‍കിയ ചിത്രമായിരുന്നു അത്.

അതിന് ശേഷം ഇരുവരും ഒന്നിച്ചത് 2016ല്‍ ആക്ഷന്‍ ഹീറോ ബിജുവിലായിരുന്നു ചിത്രവും വ്യത്യസ്ത അനുഭവമായിരുന്നു സിനിമാ പ്രേമികള്‍ക്ക് നല്‍കിയത്. അന്നേവരെ സിനിമകളില്‍ കാണാത്ത റിയലിസ്റ്റിക് പൊലീസുകാരെയും, പൊലീസ് സ്റ്റേഷനേയും ആക്ഷന്‍ ഹീറോ ബിജുവില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിഞ്ഞു എന്നതാണ് ചിത്രത്തിന്റെ ജനപ്രീതിക്ക് കാരണമായത്.

ആ കൂട്ടുകെട്ടില്‍ പുറത്തുവരുന്ന മൂന്നാമത്തെ ചിത്രം എന്ന നിലയിലും മഹാവീര്യറില്‍ പ്രതിക്ഷകള്‍ ഏറെയാണ്. ആക്ഷന്‍ ഹീറോ ബിജുവിലെ പോലെ തന്നെ എബ്രിഡ് ഷൈനാണ് മഹാവീര്യറിനും തിരക്കഥ എഴുതിയിരിക്കുന്നത്.
പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കിയാണ് എബ്രിഡ് ഷൈന്‍ മഹാവീര്യരുടെ തിരക്കഥയെഴുതിയിരിക്കുന്നത്.

ടൈം ട്രാവലും, ഫാന്റസിയും, കോടതിയും, നിയമ വ്യവഹാരങ്ങളുമൊക്കെയാണ് മഹവീര്യറിന്റെ മുഖ്യ പ്രേമയം. മലയാളത്തില്‍ കണ്ടു ശീലിച്ചട്ടില്ലാത്ത തരം ചിത്രമായത് കൊണ്ട് അത്തരത്തില്‍ ഒരു ചലച്ചിത്ര അനുഭവം കിട്ടാന്‍ മഹാവീര്യറിന് കാത്തിരിക്കുന്നവരും ഏറെയാണ്. ഇതിനെല്ലാം പുറമെ ചിരിച്ച് ആസ്വദിച്ച് കാണാന്‍ സാധിക്കുന്ന ഒരു നിവിന്‍ പോളി ചിത്രമെന്ന നിലയിലും നിരവധി പേര്‍ മഹാവീര്യറിനായി കാത്തിരിക്കുന്നു.

സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന് ഇഷാന്‍ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതം ഒരുക്കുന്നു.

ആസിഫ് അലി, ലാല്‍, ലാലു അലക്‌സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight : Nivn Pauly’s Mahaveeryar has many other reasons to wait