| Friday, 24th March 2023, 6:42 pm

വലുതെന്തോ വരാനിരിക്കുന്നു; ആകാംക്ഷയുണര്‍ത്തി പുതിയ നിവിന്‍ ചിത്രത്തിന്റെ പോസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിവിന്‍ പോളി നായകനാവുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്. പൂഴിയില്‍ വരച്ചിരിക്കുന്ന ആനത്തലയാണ് പോസ്റ്ററില്‍ കാണുന്നത്. ആര്യന്‍ രമണി ഗിരിജ വല്ലഭന്‍ ആണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. കുട്ടു ശിവാനന്ദനാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ചിത്രത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

വലുതെന്തോ വരാനാരിക്കുന്നു എന്നാണ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് നിവിന്‍ കുറിച്ചത്. ‘ഇങ്ങനയൊരു അതിശയിപ്പിക്കുന്ന കഥയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സൂപ്പര്‍ എക്‌സൈറ്റഡാണ്. പ്രതിഭാശാലിയായി ആര്യനൊപ്പം വര്‍ക്ക് ചെയ്യുന്നതിനായി കാത്തിരിക്കുന്നു. കൂടുതല്‍ വിരങ്ങള്‍ പിറകെ,’ എന്നാണ് നിവിന്‍ കുറിച്ചത്.

തുറമുഖമാണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ നിവിന്‍ ചിത്രം. രാജീവ് രവി സംവിധാനം ചെയ്ത ചിത്രം മട്ടാഞ്ചേരിയിലെ ചാപ്പ സമ്പ്രദായത്തെ പറ്റിയും തൊഴിലാളി സമരങ്ങളെ പറ്റിയുമായിരുന്നു. ജോജു ജോര്‍ജ്, അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, സുദേവ് നായര്‍, ദര്‍ശന, പൂര്‍ണിമ, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിലാണ് നിലവില്‍ നിവിന്‍ പോളി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്ചേഴ്‌സും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. പി ആർ ഒ – ശബരി

Content Highlight: nivin puly’s new film poster

We use cookies to give you the best possible experience. Learn more