|

അന്ന് വിനീത് പറഞ്ഞ വാക്കുകള്‍ നൂറുശതമാനം ശരിയാണെന്ന് കാലം എന്നെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു: നിവിന്‍ പോളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു കാലത്ത് സൂപ്പര്‍ സ്റ്റാറുകളുടെ സിനിമകള്‍ പോലെ ബോക്‌സ് ഓഫീസ് നിറച്ച നടനാണ് നിവിന്‍ പോളി. വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങിയ നിവിന്‍ പെട്ടെന്ന് തന്നെ സൗത്തിന്ത്യയിലെ തിരക്കുള്ള താരമായി. നേരം, തട്ടത്തിന്‍ മറയത്ത്, പ്രേമം തുടങ്ങി ഒരു സമയത്ത് ഇറങ്ങുന്ന ചിത്രങ്ങളെല്ലാം തുടര്‍ച്ചയായി ഹിറ്റ് ചാര്‍ട്ടില്‍ കയറ്റിയിരുന്ന നടനായിരുന്നു നിവിന്‍ പോളി.

കരിയറിന്റെ തുടക്കത്തില്‍ തന്നെ സത്യന്‍ അന്തിക്കാട്, ലാല്‍ജോസ്, ശ്യാമപ്രസാദ് തുടങ്ങിയ സംവിധായകരോടൊപ്പം സിനിമകള്‍ ചെയ്യാന്‍ നിവിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമിറങ്ങിയ വിനീത് ശ്രീനിവാസന്‍ ചിത്രം വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയില്‍ നിമിഷ നേരം കൊണ്ടാണ് നിവിന് പ്രേക്ഷകരെ കയ്യിലെടുത്തത്. നിവിന്റെ കരിയറില്‍ വലിയ പങ്കുള്ള വ്യക്തിയാണ് വിനീത് ശ്രീനിവാസന്‍.

വിനീത് ശ്രീനിവാസനെ കുറിച്ച് സംസാരിക്കുകയാണ് നിവിന്‍ പോളി. തന്റെ ആദ്യ ചിത്രമായ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് ഇറങ്ങുന്നതിന്റെ തലേന്നാള്‍ വിനീത് വിളിച്ച് പണത്തിനുവേണ്ടി അഭിനയിക്കാതെ നല്ല കഥാപാത്രത്തിനുവേണ്ടി അലയാനും നല്ല സിനിമകള്‍ ചെയ്താല്‍ പണവും അവസരവും പിന്നാലെ വരുമെന്നും ആ വാക്കുകള്‍ നൂറുശതമാനം ശരിയാണെന്ന് കാലം തന്നെ പഠിപ്പിച്ചുവെന്നും നിവിന്‍ പോളി പറഞ്ഞു.

വിജയമില്ലെങ്കില്‍ ഒരു നടന്റെ അവസ്ഥ എന്താകുമെന്ന് തുടക്കത്തില്‍ത്തന്നെ താന്‍ തിരിച്ചറിഞ്ഞിരുന്നുവെന്നും വിജയമുണ്ടായപ്പോള്‍ കൂടെ നിന്നവരെ പരാജയങ്ങളുടെ സമയത്ത് കണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുമ്പ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് നിവിന്‍ ഇക്കാര്യം പറഞ്ഞത്.

വിജയമില്ലെങ്കില്‍ ഒരു നടന്റെ അവസ്ഥ എന്താകുമെന്ന് തുടക്കത്തില്‍ത്തന്നെ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു – നിവിന്‍

‘എന്റെ ആദ്യ ചിത്രമായ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് ഇറങ്ങുന്നതിന്റെ തലേന്നാള്‍ വിനിത് വിളിച്ച് പറഞ്ഞത് ഓര്‍മയുണ്ട്. സിനിമ വിജയിക്കുമ്പോള്‍ ധാരാളം അവസരങ്ങള്‍ തേടിയെത്തും. പണത്തിനുവേണ്ടി അഭിനയിക്കാതെ നല്ല കഥാപാത്രത്തിനുവേണ്ടി അലയാനാണ് വിനീത് അന്ന് പറഞ്ഞത്, നല്ല സിനിമകള്‍ ചെയ്താല്‍ പണവും അവസരവും പിന്നാലെ വന്നുകൊള്ളും. ആ വാക്കുകള്‍ നൂറുശതമാനം ശരിയാണെന്ന് കാലം എന്നെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.

 നല്ല സിനിമകള്‍ ചെയ്താല്‍ പണവും അവസരവും പിന്നാലെ വന്നുകൊള്ളും. ആ വാക്കുകള്‍ നൂറുശതമാനം ശരിയാണെന്ന് കാലം എന്നെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു

പ്രതിസന്ധിഘട്ടത്തില്‍ കൂട്ടുകാരായിരുന്നു ഊര്‍ജം പകര്‍ന്നത്. മലര്‍വാടിക്ക് ശേഷം മലയാളത്തിലെ പ്രധാന സംവിധായകരുടെ ചിത്രത്തിന്റെ ഭാഗമാകാനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നു. പക്ഷേ, അതൊന്നും വേണ്ടത്ര വിജയിച്ചില്ല. വിജയമില്ലെങ്കില്‍ ഒരു നടന്റെ അവസ്ഥ എന്താകുമെന്ന് തുടക്കത്തില്‍ത്തന്നെ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു.

വിജയമുണ്ടായപ്പോള്‍ കൂടെ നിന്നവരെ പരാജയങ്ങളുടെ സമയത്ത് കണ്ടില്ല.അപ്പോഴെല്ലാം എന്റെ കൂടെ നിന്നത് വിനീതിനെപ്പോലെയുള്ള കൂട്ടുകാര്‍ മാത്രമായിരുന്നു. തുടര്‍ന്നുള്ള യാത്രയില്‍ ആ തിരിച്ചറിവ് ഏറെ ഗുണകരമായി,’ നിവിന്‍ പോളി പറയുന്നു.

Content Highlight: Nivin Pauly talks About Vineeth Sreenivasan

Video Stories