സിനിമയില്‍ തന്നെ കൈപിടിച്ചുയര്‍ത്തിയതും സപ്പോര്‍ട്ട് ആയി നിന്നതുമായ വ്യക്തി വിനീത് ശ്രീനിവാസനാണെന്ന് നിവിന്‍ പോളി. ആദ്യ സിനിമയും പിന്നീട് തുടര്‍ച്ചയായി നല്ല പടങ്ങളും നല്‍കിയത് വിനീതാണെന്നും താരം പറയുന്നു.
വിനീതിന്റെ സംവിധാനത്തില്‍ എത്തിയ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ താന്‍ കണ്‍ഫ്യൂസ്ഡായിരുന്നുവെന്നും താരം പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ മലയാളി ഫ്രം ഇന്ത്യയുടെ പ്രൊമോഷന്റെ ഭാഗമായി ഫ്ളവേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിവിന്‍.
‘എനിക്ക് സിനിമയില്‍ വിനീത് ആണ് ആ വ്യക്തി. ആദ്യ സിനിമ നല്‍കി. പിന്നീട് തുടര്‍ച്ചയായി നല്ല നല്ല പടങ്ങള്‍ തന്നു. ഞങ്ങളുടെ കോമ്പിനേഷനില്‍ വന്ന എല്ലാ പടങ്ങളും വര്‍ക്കായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കില്‍ പോലും, ആ സിനിമയില്‍ ഞാന്‍ കണ്‍ഫ്യൂസ്ഡായിരുന്നു.
ആളുകള്‍ ആ സിനിമ എങ്ങനെയെടുക്കും എന്നതായിരുന്നു എന്റെ സംശയം. പക്ഷേ വിനീതിന് ആ സിനിമയില്‍ കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു. ആ കഥാപാത്രം ഇങ്ങനെ വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പടം കഴിഞ്ഞാല്‍ ആളുകള്‍ നിന്നെ കുറിച്ച് വേറെ രീതിയിലാകും സംസാരിക്കുന്നതെന്ന് വിനീത് പറഞ്ഞിരുന്നു.
മറുപടിയായി ഞാന്‍ പറഞ്ഞത്, എന്റെ പൊന്ന് വിനീതേ എനിക്ക് അങ്ങനെയൊന്നും തോന്നുന്നില്ല എന്നായിരുന്നു. ജസ്റ്റ് ഒരു ഗസ്റ്റ് അപ്പിയറന്‍സ് മാത്രമാകും എന്നും ഞാന്‍ പറഞ്ഞു. വിനീതിന് സത്യത്തില്‍ ആ കഥാപാത്രം ആരെ വെച്ചും ചെയ്യാമായിരുന്നു. അതുകൊണ്ടാണ് എന്നെ കൈപിടിച്ചുയര്‍ത്തിയത് അവനാണെന്ന് ഞാന്‍ പറയുന്നത്,’ നിവിന്‍ പോളി പറഞ്ഞു.
നിവിന്‍ പോളിയെ നായകനാക്കി ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. ഈ സിനിമയുടെ സ്‌ക്രിപ്റ്റ് കിട്ടിയപ്പോള്‍ അത് ചെയ്യാമെന്ന് തോന്നിയ എലമെന്റ് എന്തായിരുന്നു എന്ന ചോദ്യത്തിനും താരം അഭിമുഖത്തില്‍ മറുപടി നല്‍കി.
‘ഗോപിയുടേത് വളരെ റിലേറ്റബിളായ കഥാപാത്രമായി തോന്നിയിരുന്നു. സാധാരണക്കാരനായ മലയാളി ഒരിക്കലും സ്വപ്നത്തില്‍ പോലും തന്റെ ജീവിതത്തില്‍ ഇങ്ങനെ ഒരു യാത്ര വേണ്ടി വരുമെന്ന് ചിന്തിക്കില്ല. അണ്‍ എക്സ്പെക്റ്റഡായിട്ടാണല്ലോ ഇങ്ങനെ ഒരു യാത്ര വരുന്നതും അവിടെ ഒരു ക്രൈസിസ് ഉണ്ടാകുന്നതും. അവിടുന്ന് ഗോപിക്ക് വീണ്ടും യാത്ര പോകേണ്ടി വരികയാണ്.
അത് ഒരിക്കലും മടിയനായ ഒരു മലയാളി പ്രതീക്ഷിക്കില്ല. അത് വളരെ സര്‍പ്രൈസിങ്ങായിരുന്നു. പ്രെഡിക്റ്റബിള്‍ അല്ലാത്ത സ്റ്റോറി ലൈന്‍ കേള്‍ക്കുമ്പോള്‍ എനിക്ക് എപ്പോഴും അത് കണക്ട് ആവാറുണ്ട്. അത് മാത്രമല്ല, ഈ സിനിമയില്‍ ഗോപിയും അയാളുടെ കൂട്ടുകാരും ആ നാടും നാട്ടിന്‍പുറവും സലീമേട്ടന്റെ കഥാപാത്രവും മഞ്ജു ചേച്ചി ചെയ്യുന്ന അമ്മയുമൊക്കെ വരുമ്പോള്‍ ഒരുപാട് റിലേറ്റ് ചെയ്യാന്‍ പറ്റിയിരുന്നു,’ നിവിന്‍ പോളി പറഞ്ഞു.
Content Highlight: Nivin Pauly Talks About Vineeth Sreenivasan