|

നിവിന്റെ മുടി കാരണം കാരവാന്‍ മാറ്റേണ്ടി വന്നു: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിവിന്‍ പോളി, ആസിഫ് അലി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മഹാവീര്യര്‍ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. എബ്രിഡ് ഷൈന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്.

കൊച്ചിയില്‍ നടന്ന പരിപാടിയില്‍ നിവിന്‍ പോളി, ആസിഫ് അലി, എബ്രിഡ് ഷൈന്‍ അടക്കമുള്ള താരങ്ങളുണ്ടായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെ പറ്റി പറയുകയാണ് നിവിന്‍ പോളി.

‘ഭയങ്കര പാടായിരുന്നു, കാരണം ഇത് നല്ല വെയ്റ്റ് ഉള്ള വിഗ്ഗ് ആയിരുന്നു. ഏറ്റവും മികച്ച വിഗ്ഗ് വേണമെന്ന് ഷൈന്‍ ചേട്ടന് ഭയങ്കര നിര്‍ബന്ധമായിരുന്നു. എവിടുന്നോ തപ്പി പിടിച്ച് നല്ല ഭാരമുള്ള വിഗ്ഗ് കൊണ്ടുവന്നു. കുറെ മാറ്റിയിട്ടാണ് ഇത് ഷൂട്ട് ചെയ്തത്. രാവിലെ മുതല്‍ വൈകുന്നേരം വരെ ഇത് തലയില്‍ വെച്ചോണ്ട് ഇരിക്കണം. ഇത് എപ്പോഴും തലയില്‍ വെച്ചോണ്ടിരിക്കാന്‍ പറ്റില്ല. എടുത്ത് കഴിഞ്ഞാല്‍ തിരിച്ച് വെക്കാന്‍ ഭയങ്കര പാടാണ്. കോസ്റ്റിയൂംസിന് ഒരുപാട് ലെയറുകളുണ്ട്. ബുദ്ധിമുട്ടായിരുന്നു. പക്ഷേ എന്‍ജോയ് ചെയ്ത് ഷൂട്ട് ചെയ്ത സിനിമയാണ്,’ നിവിന്‍ പറഞ്ഞു.

നിവിന്റെ ബുദ്ധിമുട്ട് തനിക്ക് നന്നായി അറിയാമെന്ന് ആസിഫ് അലിയും പറഞ്ഞു. ‘നിവിന്റെ ബുദ്ധിമുട്ട് ഞാന്‍ നേരിട്ട് കണ്ടതാണ്. ആദ്യത്തെ കാരവാന്‍ മാറ്റി, കുറച്ച് കൂടി പൊക്കമുള്ള കാരവാന്‍ കൊണ്ടുവന്നു. മുടി കാരണം കാരവാന്‍ മാറ്റേണ്ട അവസ്ഥ വന്നു.

ഷൈന്‍ ചേട്ടന്‍ എന്നോട് വന്ന് കഥ പറയുമ്പോള്‍ എന്റെ കഥാപാത്രം മന്ത്രിയാണെന്ന് പറഞ്ഞിരുന്നു. മന്ത്രിയാണെന്ന് പറഞ്ഞപ്പോള്‍ മനസിലേക്ക് വന്നത് മുണ്ടും വേഷ്ടിയുമായിട്ടുള്ള വേഷമാണ്. അത് ഞാന്‍ എങ്ങനെ ചെയ്യുമെന്നാണ് ചിന്തിച്ചത്. പക്ഷേ ഇതിന്റെ റഫറന്‍സ് കാണിച്ചു. ട്രയല്‍ കാണിച്ചപ്പോഴാണ് ശരിക്കും ഈ കഥാപാത്രം ചെയ്യാനുള്ള കോണ്‍ഫിഡന്‍സ് ലഭിച്ചത്. ഇതിന്റെ ഗെറ്റപ്പില്‍ തന്നെ പകുതി ക്യാരക്റ്റര്‍ ഒകെയായിട്ടുണ്ട്. പിന്നെ മറ്റൊരു പ്രശ്‌നം എന്റെ പ്രധാനപ്പെട്ട രംഗങ്ങളെല്ലാം വരുന്നത് ലാല്‍ സാറിന്റെ കൂടെയാണ്. അദ്ദേഹം ഒരു രാജാവിന്റെ വലിപ്പത്തില്‍ കൂടിയാണ് നില്‍ക്കുന്നത്,’ ആസിഫ് അലി പറഞ്ഞു.

ലാല്‍, ലാലു അലക്സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കിയാണ് എബ്രിഡ് ഷൈന്‍ മഹാവീര്യറുടെ തിരക്കഥയെഴുതിയത്. ജൂലൈ 21നാണ് മഹാവീര്യര്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്.

Content Highlight: Nivin Pauly talks about the challenges he had to face during the shooting of the film mahaveeryar