അന്ന് സായ്ക്ക് പേടിയുണ്ടായിരുന്നില്ല; എന്നാല്‍ എനിക്ക് അവിടെ പോയി നില്‍ക്കാന്‍ പോലും കഴിഞ്ഞില്ല: നിവിന്‍ പോളി
Entertainment
അന്ന് സായ്ക്ക് പേടിയുണ്ടായിരുന്നില്ല; എന്നാല്‍ എനിക്ക് അവിടെ പോയി നില്‍ക്കാന്‍ പോലും കഴിഞ്ഞില്ല: നിവിന്‍ പോളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 11th May 2024, 3:57 pm

തനിക്ക് ഉയരമുള്ള സ്ഥലത്ത് കയറാന്‍ പേടിയാണെന്ന് പറയുകയാണ് നിവിന്‍ പോളി. തന്നെ പോലെ ഉയരം പേടിയുള്ള ഒരുപാടാളുകള്‍ ഉണ്ടെന്ന് പറയുന്ന താരം പ്രേമം സിനിമയുടെ ഷൂട്ടിങ്ങ് സമയത്തുണ്ടായ അനുഭവവും തുറന്നു പറഞ്ഞു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഏറ്റവും പേടിയുള്ള കാര്യം എന്താണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നിവിന്‍ പോളി.

‘ഹൈറ്റ് എനിക്ക് പേടിയാണ്. ഹൈറ്റുള്ള സ്ഥലത്ത് കയറുമ്പോള്‍ തന്നെ എനിക്ക് പേടിയാകും. അങ്ങനെ ഹൈറ്റ് പേടിയുള്ള ഒരുപാട് ആളുകളുണ്ട്. ടെറസിന്റെ മുകളില്‍ നിന്ന് നോക്കുമ്പോള്‍ പോലും ഈ പ്രശ്‌നമുണ്ടാകും. പ്രേമത്തിന്റെ പാട്ട് ഷൂട്ട് ചെയ്യുമ്പോള്‍ എനിക്ക് ഇതേ പ്രശ്‌നം ഉണ്ടായിരുന്നു.

കൊടൈക്കനാലില്‍ ഡോള്‍ഫിന്‍ നോസ് എന്ന സ്ഥലത്ത് ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. അവിടെ അതിന്റെ ടിപ്പിലാണ് ഞാന്‍ പോയി ഇരിക്കേണ്ടത്. സായ് അവിടെ ഇരിക്കാറുണ്ട്. സായ്ക്ക് പേടി ഉണ്ടായിരുന്നില്ല. സായ്‌യെ പോലെ പേടിയില്ലാത്ത ആളുകളും ഒരുപാടുണ്ട്. അവര്‍ക്ക് എത്ര ഹൈറ്റില്‍ കയറിയാല്‍ വിഷയമുണ്ടാവില്ല.

എനിക്ക് അന്ന് അവിടെ പോയി നില്‍ക്കാന്‍ കഴിഞ്ഞില്ല. കുറച്ചു കഴിഞ്ഞതും ഞാന്‍ അവിടെ നിലത്തിരുന്നു. മുന്നോട്ടോ പിന്നോട്ടോ പോകാന്‍ എനിക്ക് സാധിച്ചില്ല. ആ സമയത്ത് ബോഡി നമ്മളെ ടൈറ്റ് ചെയ്യുന്ന പോലെയുള്ള ഫീല്‍ ആയിരിക്കും.

റാം സാറിന്റെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ കപ്പല് പോകുന്നത് നോക്കി ക്ലിഫിന്റെ മുകളില്‍ നില്‍ക്കേണ്ട സീന്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ സമയത്ത് ആ സീനെടുക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ചെന്നൈയില്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ആ സീന്‍ എടുത്തു. വലിയ ഹൈറ്റ് പൊക്കികെട്ടിയിട്ട് അതിന്റെ അടിയില്‍ നിന്ന് ഷൂട്ട് ചെയ്യുകയാണ് വേണ്ടത്.

നമ്മളെ റോപ്പില്‍ മുകളിലേക്ക് കയറ്റും. മുകളില്‍ കുറേനേരം നില്‍ക്കേണ്ടി വരും. ആ സമയത്ത് മഴയും പെയ്യും. എന്നാല്‍ എനിക്ക് അവിടെ നില്‍ക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. നില്‍ക്കേണ്ടത് ഹൈറ്റിലായത് കൊണ്ട് കാലിന് നല്ല വെയിറ്റ് ഫീല്‍ ചെയ്യുന്നുണ്ടായിരുന്നു. ഈ പേടി എനിക്ക് മാറ്റണമെന്ന് ആഗ്രഹമുണ്ട്,’ നിവിന്‍ പോളി പറഞ്ഞു.


Content Highlight: Nivin Pauly Talks About Premam Scene Shooting And Sai Pallavi