| Thursday, 16th November 2023, 4:06 pm

മലര്‍ മിസിന് ജോര്‍ജിനേക്കാള്‍ പ്രായം കുറവായിരുന്നോ; തുറന്ന് പറഞ്ഞ് നിവിന്‍ പോളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2015 ലായിരുന്നു നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ പ്രേമം റിലീസായത്. നിവിന്‍ പോളിയുടെ സിനിമാ ജീവിതത്തില്‍ വലിയ മാറ്റം കൊണ്ട് വന്ന ചിത്രമായിരുന്നു പ്രേമം. യുവാക്കളില്‍ പ്രേമം അന്ന് വലിയ തരംഗമാണ് സൃഷ്ടിച്ചത്.

മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലായി ജോര്‍ജ് എന്ന നിവിന്‍ കഥാപാത്രത്തിന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന പെണ്‍കുട്ടികളെ പറ്റിയും അവന്റെ സൗഹൃദങ്ങളെ പറ്റിയുമൊക്കയായിരുന്നു ആ സിനിമ പറഞ്ഞത്.

അതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു സായ് പല്ലവിയുടേത്. മലര്‍ മിസ് എന്ന കഥാപാത്രത്തെയായിരുന്നു സായ് ആ സിനിമയില്‍ ചെയ്തിരുന്നത്. ജോര്‍ജിന്റെ അധ്യാപികയായിരുന്നു മലര്‍.

ഇപ്പോള്‍ പ്രേമം സിനിമയില്‍ തനിക്ക് ഇഷ്ടപ്പെട്ട ഒരു സീന്‍ എഡിറ്റിങ്ങിനിടയില്‍ ഡിലീറ്റ് ചെയ്തതിനെ പറ്റി സംസാരിക്കുകയാണ് നിവിന്‍. ഒപ്പം സിനിമയുടെ സ്‌ക്രിപ്റ്റനുസരിച്ച് മലറിന്റെ കഥാപാത്രത്തിന് തന്റെ കഥാപാത്രത്തേക്കാള്‍ പ്രായം കുറവായിരുന്നെന്നും നിവിന്‍ പറയുന്നുണ്ട്.

‘പ്രേമത്തില്‍ സത്യത്തില്‍ സായിയെ പ്രൊപ്പോസ് ചെയ്യുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. ഒരു ലൈബ്രറിയില്‍ വെച്ചായിരുന്നു ആ സീന്‍. അത് എഡിറ്റ് ചെയ്തു കളഞ്ഞു. ഭയങ്കര ഭംഗിയുള്ള സീനായിരുന്നു അത്.

പിന്നെ സായിയുടെ പിന്നാലെ നടന്നിട്ട് പ്രായം കണ്ടുപിടിക്കുന്ന സീക്വന്‍സും ഉണ്ടായിരുന്നു. സീക്വന്‍സല്ല, കുറച്ച് സീനുകള്‍ ഉണ്ടായിരുന്നു. അതെല്ലാം കട്ട് ചെയ്തുപോയി.

മലര്‍ അതില്‍ എന്നെക്കാള്‍ ഇളയതായിരുന്നു. സിനിമയുടെ സ്‌ക്രിപ്റ്റനുസരിച്ച് അങ്ങനെയാണ്. ഞാന്‍ കോളേജിലൊക്കെ പഠിക്കുമ്പോള്‍ ഇരുപത്തിയെട്ടും ഇരുപത്തിയൊമ്പതും വയസുള്ളവരൊക്കെ പഠിപ്പിക്കാന്‍ വരുമായിരുന്നു.

മലര്‍ മിസ് എന്നേക്കാള്‍ ഇളയതാണ്. പക്ഷെ നമ്മള്‍ എപ്പോഴും ടീച്ചറെന്ന് പറയുമ്പോള്‍ ചിന്തിക്കുക നമ്മളേക്കാള്‍ പ്രായമുണ്ടെന്നാകും. ഇതിലെ ആദ്യത്തെ കടമ്പ അതായിരുന്നു.

ഈകാര്യം കണ്ടുപിടിച്ച് ഇളയതാണെന്നറിഞ്ഞിട്ടായിരുന്നു പ്രൊപ്പോസ് ചെയ്യുന്നത്. അങ്ങനെയൊക്കെയായിരുന്നു പ്രേമം. എന്നാല്‍ എഡിറ്റിങ്ങിലാണ് അതൊക്കെ മാറിയതെന്ന് തോന്നുന്നത്. അത് രസമായിരുന്നു. എനിക്ക് ആ പ്രൊപ്പോസല്‍ സീന്‍ ഭയങ്കര ഇഷ്ടമായിരുന്നു,’ നിവിന്‍ പോളി പറഞ്ഞു.

Content Highlight: Nivin Pauly Talks About Malar Miss In Premam Movie

We use cookies to give you the best possible experience. Learn more