|

വെറുതെയിരിക്കുന്ന സമയത്ത് പോയി ഒരു സിനിമ ചെയ്തൂടെ, ഡേറ്റ് വിറ്റൂടേ എന്ന് അവര് ചോദിക്കും; എന്റെ മറുപടി ഇതാണ്: നിവിന്‍ പോളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് അണിയിച്ചൊരുക്കിയ സാറ്റര്‍ഡേ നൈറ്റ് റിലീസിനൊരുങ്ങിയിരിക്കുകയാണ്. നാല് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, സിജു വില്‍സണ്‍, സാനിയ ഇയ്യപ്പന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

ഒരു സ്‌ക്രിപ്റ്റ് തെരഞ്ഞെടുക്കുന്നതിനെ കുറിച്ചും ചില സ്‌ക്രിപ്റ്റുകളോട് നോ പറയുന്നതിനെ കുറിച്ചും സംസാരിക്കുകയാണ് എഫ്.ടി.ക്യു വിത്ത് രേഖാ മേനോന്‍ എന്ന പരിപാടിയില്‍ നിവിന്‍ പോളി.

സ്‌ക്രിപ്റ്റുകളോട് നോ അല്ലെങ്കില്‍ യെസ് പറയാന്‍ എത്ര സമയമെടുക്കും എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

”നോ പറയാന്‍ എനിക്ക് അങ്ങനെ മടിയൊന്നുമില്ല, പക്ഷെ അത് പറയുന്നത് ഇത്തിരി വിഷമമുള്ള പരിപാടിയാണ്. കാരണം ആളുകള്‍ വലിയ പ്രതീക്ഷയോട് കൂടി വരുന്നതാണല്ലോ. അതുകൊണ്ട് അവരെ വേദനിപ്പിക്കാത്ത രീതിയില്‍ നോ പറയാന്‍ ശ്രമിക്കാറുണ്ട്.

തൃപ്തിയില്ലാതെ സിനിമ ചെയ്യാന്‍ പാടാണ്. വെറുതെയിരിക്കുന്ന സമയത്ത് പോയി ഒരു സിനിമ ചെയ്തൂടെ, ഡേറ്റ് വിറ്റൂടേ എന്ന് എന്റടുത്ത് എല്ലാവരും ചോദിക്കാറുണ്ട്.

ഒരു 35- 40 ദിവസത്തെ ഡേറ്റ് അങ്ങോട്ട് വില്‍ക്കെടാ, നിനക്ക് പൈസ കിട്ടില്ലേ, എന്നൊക്കെ ചോദിക്കും. പക്ഷെ അങ്ങനെ ചെയ്യാനുള്ള മനസ് വരുന്നില്ല എന്ന പ്രശ്‌നമുണ്ട്. അതൊരു പോരായ്മയാണോ എന്ന് എനിക്കറിയില്ല.

ഇപ്പോള്‍ ഒരുപാട് പേര് തുടര്‍ച്ചയായി പടങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നവരാണ്. അതുകൊണ്ട് സാറ്റര്‍ഡേ നൈറ്റ് കഴിഞ്ഞ് എപ്പോഴാണ് അടുത്തപടം എന്ന് എന്നോട് ചോദിക്കും.

എനിക്കറിഞ്ഞൂടാ എന്ന് ഞാന്‍ പറയും. ഞാന്‍ അങ്ങനെയൊന്നും തീരുമാനിച്ചിട്ടില്ല. അതിനുള്ള സമയം വരുമ്പോള്‍ ചെയ്യും, അത്രയേ ഉള്ളൂ.

എന്തിനാണ് ഇങ്ങനെ ഗ്യാപ്പ് എടുക്കുന്നത് എന്നാണ് ഇവര് ചോദിക്കുന്നത്. എന്തുകൊണ്ട് എടുത്തുകൂടാ എന്നാണ് എന്റെ ചോദ്യം. എന്തുകൊണ്ട് എനിക്ക് ഗ്യാപ്പ് എടുത്തുകൂടാ.

വിജയപരാജയങ്ങള്‍ സിനിമക്കുണ്ടാകും. അത് ഓക്കെയാണ്. പക്ഷെ എടുക്കുന്ന തീരുമാനം നമ്മള്‍ ഇഷ്ടപ്പെട്ട് ചെയ്യുന്നതും, ഓക്കെ കുറച്ച് പൈസയുണ്ടാക്കാം എന്ന് വിചാരിച്ച് ചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.

തൃപ്തിയോട് കൂടിയാണ് ഞാന്‍ ഇതുവരെ എല്ലാ പടങ്ങളും ചെയ്തിട്ടുള്ളത്. ഇനി അങ്ങനെ തന്നെ പോകാനാണ് താല്‍പര്യം,” നിവിന്‍ പോളി പറഞ്ഞു.

Content Highlight: Nivin Pauly talks about how he say no to certain scripts

Video Stories