| Saturday, 19th October 2024, 3:59 pm

പ്രേമത്തില്‍ മലരുമായി അങ്ങനൊരു സീന്‍ ഉണ്ടായിരുന്നു; അതെല്ലാം എഡിറ്റിങ്ങില്‍ ട്രിം ചെയ്ത് കളഞ്ഞു: നിവിന്‍ പോളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് പ്രേമം. 2015 ല്‍ പുറത്തിറങ്ങിയ ചിത്രം ട്രെന്‍ഡ് സെറ്ററായിരുന്നു. ജോര്‍ജായി ചിത്രത്തില്‍ എത്തിയത് നിവിന്‍ പോളി ആയിരുന്നു. മലര്‍ എന്ന കോളേജ് അധ്യാപികയായി സായി പല്ലവിയായിരുന്നു അഭിനയിച്ചത്. വന്‍ ഫാന്‍ ബേസ് തന്നെയാണ് പ്രേമത്തിനുള്ളത്.

പ്രേമം സിനിമയില്‍ എഡിറ്റ് ചെയ്തുപോയ ഭാഗങ്ങളെ കുറിച്ച് പറയുകയാണ് നിവിന്‍ പോളി. സായി പല്ലവിയെ ഒരു ലൈബ്രറിയില്‍ വെച്ച് താന്‍ പ്രൊപോസ് ചെയ്യുന്ന മനോഹരമായ സീന്‍ ഉണ്ടായിരുന്നെന്നും ആ സീന്‍ എഡിറ്റിങ്ങില്‍ ട്രിം ചെയ്ത് പോയെന്നും നിവിന്‍ പോളി കൂട്ടിച്ചേര്‍ത്തു. അതുപോലതന്നെ മലര്‍ മിസ്സിന്റെ വയസ്സ് കണ്ടുപിടിക്കുന്ന സീന്‍ ഉണ്ടായിരുന്നെന്നും വയസ്സറിഞ്ഞ ശേഷമാണ് പ്രൊപ്പോസ് ചെയ്യാന്‍ പോയതെന്നും പറഞ്ഞാണ് അദ്ദേഹം ആ സീനെല്ലാം ട്രിം ചെയ്ത് കളഞ്ഞെന്നും കൂട്ടിച്ചേര്‍ത്തു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സായിനെ ഒരു ലൈബ്രറിയില്‍ വെച്ച് പ്രൊപോസ് ചെയ്യുന്ന സീനുണ്ടായിരുന്നു. അത് എഡിറ്റ് ചെയ്ത് പോയി. ഭയങ്കര ബ്യുട്ടിഫുള്‍ ആയിട്ടുള്ളൊരു സീനായിരുന്നു അത്. അതുപോലെ സായിയുടെ പിന്നാലെ നടന്നിട്ട് സായിയുടെ ഏജ് കണ്ടുപിടിക്കുന്നൊരു സീനും ഉണ്ടായിരുന്നു. അതെല്ലാം ട്രിം ആയി പോയി.

എന്നെക്കാള്‍ ചെറുതാണ് ചിത്രത്തില്‍ സായി. സിനിമയുടെ സ്‌ക്രിപ്റ്റ് അനുസരിച്ചിട്ട്, നമ്മള്‍ കോളേജില്‍ ഒക്കെ പഠിക്കുമ്പോള്‍ വളരെ ലേറ്റ് ആയിട്ടുള്ള അഡ്മിഷന്‍ ഉണ്ടാകില്ലേ, ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ഇരുപത്തെട്ട്.. ഇരുപത്തൊന്‍പത് വയസ്സുള്ളവരൊക്കെ പഠിക്കാന്‍ വന്നിരുന്നു. ലാറ്ററല്‍ എന്‍ട്രി ആയിട്ട്. അങ്ങനെ ഉള്ളതാണ് ഞാന്‍ ചിത്രത്തില്‍.

ഈ ടീച്ചര്‍ ശരിക്കും എന്നെക്കാള്‍ ഇളയതാണ്. ഒരു ടീച്ചര്‍ ആയതുകൊണ്ട് നമ്മള്‍ ഇപ്പോഴും വിചാരിക്കുന്നത് പ്രായം കൂടുതലായിരിക്കും എന്നല്ലേ. എന്റെ ആദ്യത്തെ കടമ്പ അതായിരുന്നു. മലരിന്റെ പ്രായം അറിയുന്നത്. ഇളയതാണെന്ന് അറിഞ്ഞിട്ടാണ് പോയിട്ട് പ്രൊപോസ് ചെയ്യുന്നത്. അതെല്ലാം ട്രിം ചെയ്തുപോയി. എനിക്ക് ആ പ്രൊപോസ് സീന്‍ നല്ല ഇഷ്ടമായിരുന്നു. ഭയങ്കര രസമുള്ള സീനായിരുന്നു അത്,’ നിവിന്‍ പോളി പറയുന്നു.

Content Highlight: Nivin Pauly  Talks About Edited scenes Of Premam Movie

We use cookies to give you the best possible experience. Learn more