എനിക്ക് ടെൻഷനായിരുന്നു, വിനീതിനെ ബ്ലൈൻഡായി വിശ്വസിച്ചാണ് ആ ചിത്രം ചെയ്തത്: നിവിൻ പോളി
Entertainment
എനിക്ക് ടെൻഷനായിരുന്നു, വിനീതിനെ ബ്ലൈൻഡായി വിശ്വസിച്ചാണ് ആ ചിത്രം ചെയ്തത്: നിവിൻ പോളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 2nd May 2024, 1:14 pm

മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് നിവിൻ പോളി. കുറഞ്ഞ സമയം കൊണ്ട് തന്നെ തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടനാവാൻ നിവിൻ പോളിക്ക് കഴിഞ്ഞിരുന്നു. ഒരു സമയത്ത് തുടരെ തുടരെ ഹിറ്റുകൾ സമ്മാനിച്ച നടനാണ് നിവിൻ.

എന്നാൽ കുറച്ച് കാലമായി താരത്തിന് നല്ലൊരു വിജയം ഇല്ലാതിരിക്കുകയായിരുന്നു. ഈയിടെ ഇറങ്ങിയ വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷത്തിലൂടെ പ്രേക്ഷകർ ആഗ്രഹിച്ച നിവിൻ പോളിയെ ആളുകൾ കണ്ടിരുന്നു.

ചിത്രത്തിലെ ഡയലോഗുകളെല്ലാം വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. സെൽഫ് ട്രോളുകൾ കൊണ്ടായിരുന്നു നിവിൻ ചിത്രത്തിൽ കയ്യടി നേടിയത്.
നിതിൻ മോളിയെന്ന കഥാപാത്രം ചെയ്യാൻ ടെൻഷൻ ഉണ്ടായിരുന്നുവെന്നും വിനീതിനെ ബ്ലൈൻഡായി വിശ്വസിച്ചാണ് താൻ ആ കഥാപാത്രം ചെയ്തതെന്നും നിവിൻ പറയുന്നു.

‘ഞാനത് വിനീതിനോട് പറഞ്ഞു . ഞാൻ ഇങ്ങനെ അഡ്രസ് ചെയ്താൽ അത് പ്രേക്ഷകർ എങ്ങനെ എടുക്കുമെന്ന് എനിക്ക് മനസിലാവുന്നില്ല. അത് വേണോയെന്ന് ഞാൻ പലവട്ടം ചോദിച്ചു.

കഥ കേട്ടപ്പോൾ ചോദിച്ചു, വിനീതിന്റെ വീട്ടിൽ ചെന്ന് ചോദിച്ചു, വഴിയിൽ വെച്ച് ചോദിച്ചു, ഫോൺ വിളിച്ചു ചോദിച്ചു, അഞ്ചാറ് പേരെ കൊണ്ട് വിളിച്ച് ചോദിപ്പിച്ചു. പക്ഷെ എല്ലാ തവണയും വിനീത്, എടാ ഇത് എനിക്ക് വർക്കാണ് ഇത്രയും നാൾ എന്നെ വിശ്വസിച്ചില്ലേ. അതുപോലെ തന്നെയാണ് ഇതുമെന്ന് പറഞ്ഞു. ഞാൻ ബ്ലൈൻഡായി വിനീതിനെ വിശ്വസിച്ച് ചെയ്‌ത പടമാണത്,’നിവിൻ പോളി പറയുന്നു.

തന്റെ അവസ്ഥ വെച്ച് സിനിമയിലെ ഡയലോഗുകൾ ഉള്ളിൽ നിന്ന് വരുമെന്ന് തമാശരൂപേണ നിവിൻ പറഞ്ഞു.

‘അതൊക്കെ ഉള്ളിൽ നിന്ന് വരുമല്ലോ. എന്റെ അവസ്ഥ വെച്ചിട്ട് അത് ഉള്ളിൽ നിന്ന് വന്നല്ലേ പറ്റൂ. ആദ്യമായിട്ട് കഥ കേട്ടപ്പോൾ എനിക്കിത്തിരി പേടി ഉണ്ടായിരുന്നു. അങ്ങനെ ഡയലോഗ് പറയാനൊക്കെ ടെൻഷൻ ഉണ്ടായിരുന്നു,’നിവിൻ പറഞ്ഞു.

Content Highlight: Nivin Pauly Talk About Varshangalkk Shesham Movie