മലയാളികളുടെ പ്രിയതാരമാണ് നിവിൻ പോളി. മലർവാടി ആർട്സ് ക്ലബിലൂടെ കടന്ന് വന്ന നിവിൻ പോളി അധികം വൈകാതെ തന്നെ സൗത്ത് ഇന്ത്യ മൊത്തം ആരാധകരുള്ള യുവ നടനായി മാറിയിരുന്നു.
നേരം, തട്ടത്തിൻ മറയത്ത്, പ്രേമം തുടങ്ങി ഒരു സമയത്ത് ഇറങ്ങുന്ന ചിത്രങ്ങളെല്ലാം തുടർച്ചയായി ഹിറ്റ് ചാർട്ടിൽ കയറ്റിയിരുന്ന നടനായിരുന്നു നിവിൻ പോളി.
എന്നാൽ ഈയിടെ ഇറങ്ങിയ വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷത്തിലൂടെ പ്രേക്ഷകർ ആഗ്രഹിച്ച നിവിൻ പോളിയെ ആളുകൾ കണ്ടിരുന്നു. ചിത്രത്തിലെ ഡയലോഗുകളെല്ലാം വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. സെൽഫ് ട്രോളുകൾ കൊണ്ടായിരുന്നു നിവിൻ ചിത്രത്തിൽ കയ്യടി നേടിയത്.
ആ ഡയലോഗൊക്കെ ഉള്ളിൽ നിന്ന് വരുന്നതാണെന്ന് തമാശ രൂപേണ നിവിൻ പോളി പറയുന്നു. പുതിയ ചിത്രം മലയാളി ഫ്രം ഇന്ത്യയുടെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു നിവിൻ പോളി. നിതിൻ മോളിയെന്ന കഥാപാത്രം ചെയ്യാൻ ടെൻഷൻ ഉണ്ടായിരുന്നുവെന്നും വിനീതിനെ വിശ്വസിച്ചാണ് ആ കഥാപാത്രം തെരഞ്ഞെടുത്തതെന്നും നിവിൻ പറഞ്ഞു.
‘അതൊക്കെ ഉള്ളിൽ നിന്ന് വരുമല്ലോ. അവസ്ഥ വെച്ചിട്ട് അത് ഉള്ളിൽ നിന്ന് വന്നല്ലേ പറ്റൂ. ആദ്യമായിട്ട് കഥ കേട്ടപ്പോൾ എനിക്കിത്തിരി പേടി ഉണ്ടായിരുന്നു. അങ്ങനെ ഡയലോഗ് പറയാനൊക്കെ ടെൻഷൻ ഉണ്ടായിരുന്നു.
ഞാനത് വിനീതിനോട് പറയുകയും ചെയ്തു. ഞാൻ ഇങ്ങനെ അഡ്രസ് ചെയ്താൽ അത് പ്രേക്ഷകർ എങ്ങനെ എടുക്കുമെന്ന് എനിക്ക് മനസിലാവുന്നില്ല. അത് വേണോയെന്ന് ഞാൻ പലവട്ടം ചോദിച്ചു.
കഥ കേട്ടപ്പോൾ ചോദിച്ചു, വിനീതിന്റെ വീട്ടിൽ ചെന്ന് ചോദിച്ചു, വഴിയിൽ വെച്ച് ചോദിച്ചു, ഫോൺ വിളിച്ചു ചോദിച്ചു, അഞ്ചാറ് പേരെ കൊണ്ട് വിളിച്ച് ചോദിപ്പിച്ചു. പക്ഷെ എല്ലാ തവണയും വിനീത്, എടാ ഇത് എനിക്ക് വർക്കാണ് ഇത്രയും നാൾ എന്നെ വിശ്വസിച്ചില്ലേ.
അതുപോലെ തന്നെയാണ് ഇതുമെന്ന് പറഞ്ഞു. ഞാൻ ബ്ലൈൻഡായി വിനീതിനെ വിശ്വസിച്ച് ചെയ്‌ത പടമാണത്,’നിവിൻ പോളി പറയുന്നു.
Content Highlight: Nivin Pauly Talk About Nithin Molly In Varshangalkk shesham