മലയാളികളുടെ പ്രിയ താരമാണ് നിവിൻ പോളി. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ കരിയർ ആരംഭിച്ച നിവിൻ വളരെ പെട്ടെന്നാണ് തെന്നിന്ത്യ മൊത്തം ആരാധകരുള്ള യുവ നടനായി മാറിയത്.
ബോക്സ് ഓഫീസിൽ തുടരെ തുടരെ ഹിറ്റുകൾ സമ്മാനിച്ച നിവിൻ കുറച്ച് കാലമായി നല്ലൊരു തിരിച്ച് വരവിന് ശ്രമിക്കുകയായിരുന്നു. ഇപ്പോഴിതാ വിനീതിന്റെ തന്നെ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലെ വേഷത്തിലൂടെ നിവിൻ പോളിയുടെ തിരിച്ചുവരവ് വീണ്ടും ചർച്ചയാവുകയാണ്.
കുറഞ്ഞ നേരം കൊണ്ട് ചിത്രത്തെ മറ്റൊരു തലത്തിൽ എത്തിക്കാൻ നിവിൻ പോളിയുടെ കഥാപാത്രത്തിന് കഴിഞ്ഞുവെന്നാണ് സിനിമ കണ്ടവർ പറയുന്നത്. ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന മലയാളി ഫ്രം ഇന്ത്യയാണ് അടുത്തതായി ഇറങ്ങാനുള്ള നിവിൻ ചിത്രം.
ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നിവിനും സംവിധായകനും. പ്രൊമോഷൻ കണ്ടാൽ ഇതൊരു വെറും കോമഡി പടമാണെന്ന് തോന്നുമെന്നും എന്നാൽ വേറേ പരിപാടിയുണ്ടെന്നും അവർ പറഞ്ഞു. ചിത്രത്തിൽ തന്റെ ലുക്ക് വ്യത്യസ്തമാണെന്നും ഒരു പ്രത്യേക വിഗ്ഗ് വെച്ചിട്ടുണ്ടെന്നും നിവിൻ പറഞ്ഞു. അരുൺ സ്‌മോക്കിയോട് സംസാരിക്കുകയായിരുന്നു അവർ.
’36 ദിവസമെന്ന് പറഞ്ഞ് 136 ദിവസം ഷൂട്ട് ചെയ്യിപ്പിച്ച സംവിധായകനാണ് എന്റെ അടുത്തിരിക്കുന്ന ഡിജോ ജോസ് ആന്റണി. കുടുംബ പ്രേക്ഷകർക്ക് കാണാൻ പറ്റുന്ന ഒരു സിനിമയാണ് മലയാളി ഫ്രം ഇന്ത്യ. ഒരു നാട്ടിൻപുറവും ഗോപിയെന്ന കഥാപാത്രത്തെ ചുറ്റിപറ്റി നടക്കുന്ന രസകരമായ സംഭവങ്ങളുമെല്ലാമായി രസമായി കണ്ടിരിക്കാവുന്ന ഒരു സിനിമയാണ്.
പ്രൊമോഷനും പരിപാടികളും കണ്ടാൽ ഇതൊരു പക്കാ ഫൺ പടമാണെന്ന് തോന്നും. എന്നാൽ അതിനകത്ത് വേറേ പരിപാടികളുമുണ്ട്. പ്രേമമൊക്കെ പോലെ ഫൈറ്റ്, ഹീറോയിസമൊക്കെയുള്ള പടമല്ല. പ്രെസന്റ് കാലഘട്ടമാണ് സിനിമയിൽ കാണിക്കുന്നത്.
പക്ഷേ ലുക്ക് കുറച്ച് വ്യത്യസ്തമാണ്. ഒരു ഗംഭീര വിഗ്ഗ് ഇവൻ തന്നിരുന്നു. അമേരിക്കയിൽ ഓസ്കർ കിട്ടിയ ഒരു പുള്ളിയെ കൊണ്ട് പ്രത്യേകമായി ഡിസൈൻ ചെയ്യിപ്പിച്ചതാണെന്ന് തോന്നുന്നു. അത് കണ്ടപ്പോഴേ ഞാൻ ചോദിച്ചു, ഇത് വെച്ച് കഴിഞ്ഞാൽ ട്രോളിന്റെ പൂരമായിരിക്കില്ലേയെന്ന്. ഇല്ല എന്നാണ് സംവിധായകൻ പറഞ്ഞത്. എല്ലാ സിനിമയിലും മുടി ഒരുപോലെയല്ലേ ഇരിക്കുന്നത് ഇത് വെച്ചാൽ കഥാപാത്രത്തിന് ഒരു വ്യത്യസ്തതയുണ്ടാവും എന്നവൻ പറഞ്ഞു. ഒരു ചുരുണ്ട മുടിയുള്ള വിഗ്ഗ് തന്നിട്ടുണ്ട്. ഞാനത് ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട്(ചിരിക്കുന്നു), നിവിൻ പോളി പറയുന്നു.
Content Highlight: Nivin Pauly Talk About His Get up Of Malayali From India Movie