മലയാളികളുടെ പ്രിയ താരമാണ് നിവിൻ പോളി. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ കരിയർ ആരംഭിച്ച നിവിൻ വളരെ പെട്ടെന്നാണ് തെന്നിന്ത്യ മൊത്തം ആരാധകരുള്ള യുവ നടനായി മാറിയത്.
ബോക്സ് ഓഫീസിൽ തുടരെ തുടരെ ഹിറ്റുകൾ സമ്മാനിച്ച നിവിൻ കുറച്ച് കാലമായി നല്ലൊരു തിരിച്ച് വരവിന് ശ്രമിക്കുകയായിരുന്നു. ഇപ്പോഴിതാ വിനീതിന്റെ തന്നെ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലെ വേഷത്തിലൂടെ നിവിൻ പോളിയുടെ തിരിച്ചുവരവ് വീണ്ടും ചർച്ചയാവുകയാണ്.
കുറഞ്ഞ നേരം കൊണ്ട് ചിത്രത്തെ മറ്റൊരു തലത്തിൽ എത്തിക്കാൻ നിവിൻ പോളിയുടെ കഥാപാത്രത്തിന് കഴിഞ്ഞുവെന്നാണ് സിനിമ കണ്ടവർ പറയുന്നത്. ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന മലയാളി ഫ്രം ഇന്ത്യയാണ് അടുത്തതായി ഇറങ്ങാനുള്ള നിവിൻ ചിത്രം.
ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നിവിനും ഡിജോ ജോസ് ആന്റണിയും അരുൺ സ്‌മോക്കിക്ക് നൽകിയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
അവസാനം ചെയ്ത സിനിമകളെല്ലാം മികച്ച വിജയമാക്കിയ പ്രൊഡക്ഷന്‍ ഹൗസിന്റെ സിനിമയാണെന്ന അരുണ്‍ സ്‌മോക്കിക്ക് മറുപടിയായി നിവിന്‍ ചോദിച്ചത് അവസാനമിറങ്ങിയ എന്റെ അഞ്ച് സിനിമകള്‍ നീ കണ്ടിട്ടില്ലേ എന്നായിരുന്നു.
‘അവസാനമിറങ്ങിയ എന്റെ അഞ്ച് സിനിമകള്‍ നീ കണ്ടിട്ടില്ലെന്ന് തോന്നുന്നു, കണ്ടിരുന്നെങ്കില്‍ നീ ഇത് പറയില്ലായിരുന്നു’ (നിവിന്‍ ചിരിച്ചു).
‘പക്ഷേ ഈ സിനിമ അത് പോലെയൊന്നും ആവില്ല. എന്തായാലും ഹിറ്റാകും. അത് ഉറപ്പാ’ ഡിജോ ജോസ് ആന്റണി പറഞ്ഞു.
‘ഈ സിനിമ ഹിറ്റായില്ലെങ്കില്‍ നിന്നെ ഞാന്‍ കൊല്ലും’, നിവിന്‍ പോളി പറഞ്ഞു.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, അനശ്വര രാജന്‍, മഞ്ജു പിള്ള എന്നിവരാണ് മറ്റ് താരങ്ങള്‍. ജേക്‌സ് ബിജോയാണ് ചിത്രത്തിന്റെ സംഗീതം. മെയ് ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Nivin Pauly Talk About His Failures In Box Office