മലയാളികളുടെ പ്രിയ താരമാണ് നിവിൻ പോളി. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ കരിയർ ആരംഭിച്ച നിവിൻ വളരെ പെട്ടെന്നാണ് തെന്നിന്ത്യ മൊത്തം ആരാധകരുള്ള യുവ നടനായി മാറിയത്.
ബോക്സ് ഓഫീസിൽ തുടരെ തുടരെ ഹിറ്റുകൾ സമ്മാനിച്ച നിവിൻ കുറച്ച് കാലമായി നല്ലൊരു തിരിച്ച് വരവിന് ശ്രമിക്കുകയായിരുന്നു. ഇപ്പോഴിതാ വിനീതിന്റെ തന്നെ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലെ വേഷത്തിലൂടെ നിവിൻ പോളിയുടെ തിരിച്ചുവരവ് വീണ്ടും ചർച്ചയാവുകയാണ്.
കുറഞ്ഞ നേരം കൊണ്ട് ചിത്രത്തെ മറ്റൊരു തലത്തിൽ എത്തിക്കാൻ നിവിൻ പോളിയുടെ കഥാപാത്രത്തിന് കഴിഞ്ഞുവെന്നാണ് സിനിമ കണ്ടവർ പറയുന്നത്. ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന മലയാളി ഫ്രം ഇന്ത്യയാണ് അടുത്തതായി ഇറങ്ങാനുള്ള നിവിൻ ചിത്രം. ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നിവിനും സംവിധായകനും.
സിനിമക്ക് വേണ്ടിയാണ് താൻ തടി കൂട്ടിയതെന്നും ഇനി പെട്ടെന്നൊരു കോളേജ് പടം ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നും തമാശ രൂപേണ നിവിൻ പറയുന്നു. അരുൺ സ്‌മോക്കിയോട് സംസാരിക്കുകയായിരുന്നു താരം.
‘ഇനിയിപ്പോൾ പെട്ടെന്നൊരു കോളേജ് പടം ചെയ്യാനൊക്കെ ബുദ്ധിമുട്ടാണ്. ഈ പടത്തിന് വേണ്ടി തടി വെച്ചതാണെന്നാണ് ഞങ്ങൾ പുറത്തൊക്കെ പറയുന്നത്. കഥാപാത്രത്തിന്റെ ഒരു പൂർണതക്ക് വേണ്ടി സംവിധായകൻ പറഞ്ഞപ്പോൾ തടി കൂട്ടിയതാണ്(ചിരി),’നിവിൻ പോളി പറയുന്നു.
സിനിമയ്ക്കായി സംവിധായകൻ ഡിജോ നന്നായി പണിയെടുത്തിട്ടുണ്ടെന്നും അത് സിനിമയിൽ കാണാൻ കഴിയുമെന്നും നിവിൻ പോളി പറഞ്ഞു.
‘നല്ല പണിയെടുത്തിട്ടുണ്ട് സംവിധായകൻ. അത് പടത്തിൽ കാണാനുണ്ട്. അത്രയും ഡീറ്റൈൽഡായിട്ട് ചിന്തിച്ചത് കൊണ്ടാണ് അങ്ങനെ ചെയ്യാൻ പറ്റിയത്. കാര്യം ഞാൻ കുറെ തെറി കേട്ടെങ്കിലും പടം ഇറങ്ങി കഴിയുമ്പോൾ ചിലപ്പോൾ ആളുകൾ ഇന്ന കാരണം കൊണ്ടാണെന്ന് പറയും. കുടുംബ പ്രേക്ഷകർക്ക് കാണാൻ പറ്റുന്ന ഒരു സിനിമയാണ് മലയാളി ഫ്രം ഇന്ത്യ.
ഒരു നാട്ടിൻപുറവും ഗോപിയെന്ന കഥാപാത്രത്തെ ചുറ്റിപറ്റി നടക്കുന്ന രസകരമായ സംഭവങ്ങളുമെല്ലാമായി രസമായി കണ്ടിരിക്കാവുന്ന ഒരു സിനിമയാണ്. പ്രൊമോഷനും പരിപാടികളും കണ്ടാൽ ഇതൊരു പക്കാ ഫൺ പടമാണെന്ന് തോന്നും. എന്നാൽ അതിനകത്ത് വേറേ പരിപാടികളുമുണ്ട്
Content Highlight: Nivin Pauly Talk About His Character In Malayali From India