Entertainment news
വിഗ്ഗ് കാരണം അനുഭവിച്ച കഷ്ടപ്പാടുകൾ; മഹാവീര്യർ ഷൂട്ടിങ് സെറ്റിലെ അനുഭവങ്ങൾ പങ്കുവെച്ച് നിവിൻ പോളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jul 21, 06:13 am
Thursday, 21st July 2022, 11:43 am

നിവിൻ പോളി നായകനെയെത്തുന്ന മഹാവീര്യർ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. എബ്രിഡ് ഷൈൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറിനും ക്യാരക്ടർ പോസ്റ്ററിനുമെല്ലാം മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. വലിയ ഒരിടവേളക്ക് ശേഷം നിവിൻ പോളിയുടെ തിയേറ്റർ റിലീസാവുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.

ഫാന്റസി ടൈം ട്രാവല്‍ ജോണറിലെത്തുന്ന ഈ ചിത്രത്തിൽ നിവിൻ പോളി ഒരു സന്യാസവേഷമാണ് കൈകാര്യം ചെയ്യുന്നത്. ക്യാരക്ടറിന് വേണ്ടി ജഡ പിടിച്ച മുടിയും സന്യാസ വേഷവുമാണ് നിവിൻ ഉപയോഗിക്കുന്നത്.

ഷൂട്ടിങ് സമയത്ത് നിവിൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നുവെന്ന് പല അഭിമുഖങ്ങളിലും നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ ആ വിഗ് കാരണം കാരവാൻ മാറ്റേണ്ടി വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് നിവിൻ പോളി. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആ വിഗിന് നല്ല ഹൈറ്റ് ഉണ്ടായിരുന്നുവെന്നും എന്നാൽ ആദ്യം എടുത്ത കാരവാന്റെ ഉള്ളിൽ ഹൈറ്റ് കുറവായത് കൊണ്ട് കാരവാൻ മാറ്റേണ്ടി വന്നുവെന്നാണ് നിവിൻ പറഞ്ഞത്.

‘ആ വിഗിന് നല്ല ഹൈറ്റ് ഉണ്ടായിരുന്നു. അതെ പോലെ തന്നെ നല്ല വെയിറ്റും ഉണ്ടായിരുന്നു. ഇത് ഒരിക്കൽ ഫിക്സ് ചെയ്ത് കഴിഞ്ഞാൽ പിന്നെ പാക്കപ്പ് പറയുമ്പോഴേ അഴിക്കാൻ പറ്റുള്ളൂ. അല്ലാതെ അഴിച്ച് വെക്കാൻ പറ്റില്ല. ഇടക്ക് ഇടക്ക് ഷോട്ടും ഉണ്ടാവുമല്ലോ. ആദ്യം എടുത്ത കാരവാന്റെ ഉള്ളിൽ ഹൈറ്റ് കുറവായിരുന്നു. അപ്പോൾ കുനിഞ്ഞ് നടക്കണമായിരുന്നു. അതുകൊണ്ട് തന്നെ ഹൈറ്റ് ഉള്ള കാരവാൻ വേറെ എടുക്കേണ്ടിവന്നു.

ആ കോസ്റ്റിയൂമിന് ഒരുപാട് ലയേഴ്‌സ് ഉണ്ട്. ജഡ പോലത്തെ വിഗ് ആയതുകൊണ്ട് തന്നെ നല്ല വെയിറ്റും ഉണ്ടാവും. അത് തലയിൽ വെക്കാൻ ബുദ്ധിമുട്ടായിരുന്നു. ഷൂട്ടിന്റെ സമയത്ത് ആണെങ്കിൽ നല്ല ചൂടുമുണ്ടായിരുന്നു,’ നിവിൻ പറഞ്ഞു.

നിവിന്‍ പോളിയുടെ നിര്‍മാണ കമ്പനിയായ പോളി ജൂനിയര്‍ പിക്ചേഴ്സിന്റേയും ഇന്ത്യന്‍ മൂവി മേക്കേഴ്സിന്റേയും ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആസിഫ് അലി, ലാൽ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Content Highlight: Nivin Pauly shares his experience on the sets of Mahaveeryar, which had to be changed the karavan because  to the wig.