അഭിനയത്തിന്റെ തുടക്കകാലത്ത് സിനിമകളോട് നോ പറയാന്‍ ആഗ്രഹമില്ലായിരുന്നുവെന്ന് അജു വര്‍ഗീസ്. അന്ന് സിനിമകളുടെ എണ്ണം കൂട്ടാനാണ് നോക്കിയിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ എക്‌സൈറ്റ് ചെയ്യിക്കുന്ന കഥകളാണ് ചെയ്യുന്നതെന്നും മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ അജു പറഞ്ഞു. നിവിന്‍ പോളിയും ഗ്രേസ് ആന്റണിയും അജുവിനൊപ്പം ഉണ്ടായിരുന്നു.
‘പണ്ട് നോ പറയാതിരുന്നതാണ്. എനിക്ക് ആഗ്രഹമില്ലായിരുന്നു നോ പറയാന്‍. അതുകൊണ്ട് പറയാതിരുന്നതാണ്. സിനിമകളുടെ എണ്ണം കൂട്ടണമായിരുന്നു. അന്ന് സ്‌ക്രിപ്റ്റ് ചോദിക്കുന്ന കാലമല്ല, ചോദിക്കുന്നത് തെറ്റാണ്.
ഇപ്പോള്‍ അങ്ങനല്ല. എക്‌സൈറ്റ് ചെയ്യിക്കാത്ത കഥകള്‍ എക്‌സൈറ്റ് ചെയ്യിക്കുന്നില്ലെന്ന് സത്യസന്ധമായി പറയാമല്ലോ. നിവിന്‍ ആണെങ്കിലും നോ പറഞ്ഞ് ഇറക്കിവിടുവല്ല. അവരോട് വേറെ കഥയുണ്ടോയെന്ന് ചോദിക്കും. ഒരു കഥയുമായിട്ടല്ല പലരും വരുന്നത്. മൂന്നും നാലും കഥകള്‍ മിക്കവരുടെയും കയ്യില്‍ ഉണ്ടായിരിക്കും. ചില കഥകള്‍ പറഞ്ഞിട്ട് വര്‍ക്കാവാതെ വേറെ കഥ പറഞ്ഞ് അത് പിന്നെ വര്‍ക്കായ അനുഭവങ്ങളുണ്ട്.
എവിടെയെങ്കിലും ഒരു കണക്ഷന്‍ കിട്ടണം. ഞാന്‍ ആഗ്രഹിക്കുന്നത് ഒരിക്കലും ഒരു നായകനടനാവാനല്ല. പക്ഷേ എനിക്ക് ഒരു നടനാവണം. അതിനുള്ള ശ്രമത്തിലാണ്,’ അജു വര്‍ഗീസ് പറഞ്ഞു.
തുടക്കകാലത്ത് നോ പറയാന്‍ ബുദ്ധിമുട്ട് തന്നെയായിരുന്നു എന്ന് നിവിനും പറഞ്ഞു. ‘സിനിമയില്‍ നമുക്ക് ആരുമില്ലല്ലോ. സിനിമ മിസ്സായാല്‍ വേറെ രീതിയില്‍ എടുക്കുമോ എന്നായിരുന്നു ചിന്ത. സ്‌ക്രിപ്റ്റ് ചോദിക്കാന്‍ പറ്റില്ല. വരുക അഭിനയിക്കുക എന്നതാണ്. ആ സമയത്ത് ചോദിക്കാന്‍ പോവില്ല. വിനീത് ആ സമയത്ത് എപ്പോഴും പറയുമായിരുന്നു, സ്‌ക്രിപ്റ്റ് വായിച്ച് കേട്ടിട്ട് പടം ചെയ്താല്‍ മതിയെന്ന്. അങ്ങനെ സ്‌ക്രിപ്റ്റ് വായിച്ച് കേട്ട് കേട്ടാണ് സ്‌ക്രിപ്റ്റിന്റെ കുറെ കാര്യങ്ങള്‍ മനസിലായി തുടങ്ങിയത്.
സംശയങ്ങള്‍ എഴുതിവെക്കാന്‍ ഒരു ഡയറി ഉണ്ട്. ചിലര്‍ കൃത്യമായി പറഞ്ഞുതരും, ചിലര്‍ക്ക് ചോദിക്കുന്നത് ഇഷ്ടമുള്ള പരിപാടിയല്ല. മനസിന് തൃപ്തി തരാത്ത സിനിമകള്‍ ചെയ്യാതിരിക്കാന്‍ നോക്കും,’ നിവിന്‍ പറഞ്ഞു.
Content Highlight: Nivin pauly says that it was difficult to say no in the beginning of the career