| Wednesday, 20th July 2022, 3:19 pm

ഇങ്ങനെ ഒരു സിനിമ ഇതിനു മുമ്പ് ഞാൻ കണ്ടിട്ടില്ല, മഹാവീര്യർ കാലങ്ങളോളം നിലനിൽക്കും: നിവിൻ പോളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എബ്രിഡ് ഷൈനും നിവിൻ പോളിയും ഒന്നിച്ചെത്തുന്ന ചിത്രമാണ് മഹാവീര്യർ. ചിത്രത്തിന്റെ പോസ്റ്ററും ട്രെയ്‌ലറുമൊക്കെ വന്നതിനു ശേഷം പ്രേക്ഷകർ മഹാവീര്യരുടെ റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. തികച്ചും വ്യത്യസ്തമായ വേഷമാണ് നിവിൻ ഈ ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്. ഒരു സന്യാസിയുടെ റോളിലാണ് നിവിന്റെ വരവ്.

വലിയ ഒരിടവേളക്ക് ശേഷം നിവിന്റെ തിയേറ്ററിലിറങ്ങുന്ന ചിത്രമാണ് മഹാവീര്യർ. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് അദ്ദേഹവും അണിയറപ്രവർത്തകരും.

പേളി മാണിക്ക് നൽകിയ അഭിമുഖത്തിൽ മഹാവീര്യരെക്കുറിച്ച് സംസാരിക്കുകയാണ് എബ്രിഡ് ഷൈനും നിവിൻ പോളിയും. കാലങ്ങളോളം നിലനിൽക്കുന്ന സിനിമയായിരിക്കും മഹാവീര്യറെന്നും ഞാൻ ഇങ്ങനെ ഒരു സിനിമ ഇതിനു മുമ്പ് കണ്ടിട്ടില്ലെന്നുമാണ് നിവിൻ അഭിമുഖത്തിൽ പറഞ്ഞത്.

‘മഹാവീര്യർ തീർച്ചയായും പല കുറി കാണാൻ സാധ്യതയുള്ള പടമാണ്. ഓരോ തവണ കാണുമ്പോഴും അതിനെ ഓരോ തരത്തിൽ വായിക്കാൻ പറ്റുന്ന സിനിമയായിരിക്കും. കാലങ്ങളെ അതിജീവിക്കുമെന്നാണ് എന്റെ പ്രതീക്ഷ,’ എന്നാണ് എബ്രിഡ് ഷൈൻ പറഞ്ഞത്.

‘കാലങ്ങളോളം നിലനിൽക്കുന്ന സിനിമയായിരിക്കും മഹാവീര്യർ. സാധാരണ നമ്മൾ സ്ക്രിപ്റ്റ് കേൾക്കുമ്പോൾ അതിൽ അഭിനയിക്കാൻ ഏത് റോളെടുക്കും എന്ന് ചിന്തിക്കും. പക്ഷെ മഹാവീര്യരുടെ കഥ കേട്ടപ്പോൾ ഞാൻ അതല്ല ചിന്തിച്ചത്. എനിക്ക് ഇത് പ്രസന്റ് ചെയ്യണമെന്നാണ് തോന്നിയത്. പ്രൊഡ്യൂസ് ചെയ്യണമെന്ന് ഒറ്റയടിക്ക് എനിക്ക് തോന്നുന്ന തരത്തിലായിരുന്നു മഹാവീര്യരുടെ നരേഷൻ.

ഏത് റോൾ അഭിനയിക്കും എന്നതിനെക്കുറിച്ച് ചർച്ച പോലും ചെയ്തിട്ടില്ല. പിന്നെ ഷൈൻ ചേട്ടനാണ് പറഞ്ഞത് നീ ഈ റോൾ ചെയ്‌താൽ നന്നായിരിക്കുമെന്ന്.

നമ്മുടെ ബാനറിൽ ഒരു സിനിമ വരികയും അത് എല്ലാ കാലത്തും നിലനിൽക്കുകയും ചെയ്യുന്നത് ഇപ്പോഴും സംഭവിക്കുന്ന കാര്യമല്ല. ഫണ്ണിന് വേണ്ടി സിനിമ ചെയ്യാം. ഞാൻ എല്ലാ ടൈപ് സിനിമയും ചെയ്യും. എന്നാൽ ചില സിനിമകൾ നിലനിൽക്കുമെന്നൊരു തോന്നൽ നമുക്ക് കിട്ടും. അങ്ങനെ തോന്നിയ കഥയായിരുന്നു മഹാവീര്യർ.

ഞാൻ ഇങ്ങനെ ഒരു സിനിമ ഇതിനു മുമ്പ് കണ്ടിട്ടില്ല. എന്റെ കരിയറിൽ ഇതേ പോലൊരു നരേഷനും കേട്ടിട്ടില്ല. ഇങ്ങനെ ഒരു കഥ കേട്ടിട്ട് വേണ്ട എന്നും വെച്ചിട്ടില്ല. ഇതിന് ഭയങ്കര ഒരു ഫ്രഷ്‌നെസ് ഉണ്ടായിരുന്നു. പ്രേക്ഷകനെന്ന നിലയിൽ ഈ സിനിമ കാണുമ്പോൾ എനിക്ക് പുതുമ തോന്നും എന്നത് ഉറപ്പാണ്. ഇതിന്റെ നരേഷൻ പുതിയ അനുഭവം തരും എന്നതും ഉറപ്പാണ്.

ഞാൻ പുതിയ സിനിമകൾക്ക് വേണ്ടി കാത്തിരിക്കുകയാണ്. ഓരോ സിനിമയിലും എനിക്ക് എന്ത് പുതിയത് ചെയ്യാം, എന്ത് പുതിയതായി അനുഭവിക്കാം എന്ന് ചിന്തിച്ചിരിക്കുന്ന സമയത്ത് മഹാവീര്യർ വരുന്നതിൽ അഭിമാനിക്കാം,’ നിവിൻ പോളി പറഞ്ഞു.

Content Highlight: Nivin pauly says that i have never seen a movie like this before, Mahaveeryar will last forever

Latest Stories

We use cookies to give you the best possible experience. Learn more