അഭിനയരംഗത്ത് 12 വര്‍ഷം തികച്ചിരിക്കുകയാണ് നിവിന്‍ പോളി. വിനീത് ശ്രീനിവാസന്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലാണ് നിവിന്‍ ആദ്യമായി നായകനായത്. പിന്നീട് സഹതാരമായി നിരവധി സിനിമകളുടെ ഭാഗമായ നിവിന്‍ പിന്നീട് തട്ടത്തിന്‍ മറയത്തിന് ശേഷം നായക നടനായി മലയാള സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു.
12 വര്‍ഷത്തെ നിവിന്റെ സിനിമാ ജീവിതത്തില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടാക്കിയ ചിത്രമായിരുന്നു പ്രേമം. 2015ല്‍ അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ പുറത്ത് വന്ന ചിത്രം കേരളത്തിന് പുറത്തും തരംഗമായിരുന്നു.
ചിത്രത്തിന്റെ സ്‌ക്രിപ്റ്റിന്റെ സമയത്ത് തന്നെ സൂപ്പര്‍ ഹിറ്റാകുമെന്ന് അല്‍ഫോണ്‍സ് പുത്രന് അറിയാമെന്ന് പറയുകയാണ് നിവിന്‍ പോളി. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രേമത്തിന്റെ ഓര്‍മകള്‍ നിവിന്‍ പങ്കുവെച്ചത്.
‘എന്റെ മനസില്‍ രസകരമായി കണ്ടിരിക്കാവുന്ന ഒരു റോം കോം ഫീല്‍ ഗുഡ് സിനിമയായിരുന്നു പ്രേമം. എന്നാല്‍ സ്‌ക്രിപ്റ്റ് എഴുതുന്ന സമയത്ത് തന്നെ ഇത് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റാവുമെന്ന് അല്‍ഫോണ്‍സ് പറഞ്ഞുകൊണ്ടിരിക്കുമായിരുന്നു.
ഞങ്ങളെല്ലാം പരസ്പരം മുഖത്തോട് മുഖം നോക്കും. ഇതെന്താ ഇങ്ങനെ പറയുന്നതെന്ന് വിചാരിക്കും. കാരണം സ്‌ക്രിപ്റ്റ് പോലുമായിട്ടില്ല, പിന്നെ എങ്ങനെയാണ് മലയാളത്തിലെ ഏറ്റവും കളക്റ്റ് ചെയ്യുന്ന സിനിമ ആവും എന്ന് പറയുന്നത്. അവന്‍ എല്ലാവര്‍ക്കും ആ എനര്‍ജി എപ്പോഴും ഇങ്ങനെ കൊടുത്തുകൊണ്ടിരുന്നു. ഇത് ഭയങ്കര ഹിറ്റാവും. നീ നോക്കിക്കോ എന്ന് എപ്പോഴും പറയും.
റിലീസിന് പിന്നാലെ അതിന്റെ വ്യാജ സീഡി ഇറങ്ങി. അതിപ്പോ എന്ത് ചെയ്യാന്‍ പറ്റും. അത് പിന്നെ കേസും പരിപാടികളുമൊക്കെയായി. അത് ഒരു കാലം,’ നിവിന്‍ പറഞ്ഞു.
എബ്രിഡ് ഷൈനിന്റെ സംവിധാനത്തിലൊരുങ്ങുന്ന മഹാവീര്യറാണ് ഇനി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന നിവിന്റെ ചിത്രം. പോളി ജൂനിയര്‍ പിക്‌ചേഴ്‌സ്, ഇന്ത്യന്‍ മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി.എസ്. ഷംനാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ജൂലൈ 21നാണ് റിലീസ് ചെയ്യുന്നത്.
നിവിന്‍ പോളി, ആസിഫ് അലി, ലാല്‍, ലാലു അലക്‌സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തില്‍ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നു.
Content Highlight: Nivin Pauly says that Alphonse puthren knew that premam would be a super hit while writing the script