| Tuesday, 3rd September 2024, 9:40 pm

വ്യാജ ആരോപണങ്ങള്‍ നേരിടേണ്ടി വരുന്നവരുടെ പ്രതിനിധിയായാണ് ഞാന്‍ സംസാരിക്കുന്നത്: നിവിന്‍ പോളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പീഡന പരാതിയെത്തുടര്‍ന്ന് മാധ്യമങ്ങളോട് പ്രതികരിച്ച് നടന്‍ നിവിന്‍ പോളി. തനിക്ക് നേരെ ഉന്നയിച്ച പരാതി അടിസ്ഥാനരഹിതമാണെന്ന് നിവിന്‍ പോളി പറഞ്ഞു. ഇതേ സ്ത്രീ തന്നെപ്പറ്റി ഒന്നരമാസം മുമ്പ് ഇതേ പൊലീസ് സ്റ്റേഷനില്‍ പരാതി പറഞ്ഞെന്നും അന്ന് തന്നെ പൊലീസില്‍ നിന്ന് വിളിച്ചിരുന്നെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു. പരാതി നല്‍കിയ ആളെ കണ്ടിട്ടില്ലെന്നും അയാളെ തനിക്ക് പരിചയവുമില്ലെന്നും നിവിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അന്ന് പറഞ്ഞത് മറ്റൊരു പരാതിയായിരുന്നെന്നും ഇപ്പോള്‍ അത് മറ്റൊരു രൂപത്തില്‍ തനിക്ക് നേരെ വന്നിരിക്കുകയാണെന്നും നിവിന്‍ പറഞ്ഞു. ഇത്തരം വ്യാജ ആരോപണങ്ങള്‍ നമ്മുടെ രാജ്യത്ത് പലര്‍ക്ക് നേരെയും വന്ന വാര്‍ത്തകള്‍ കണ്‍മുന്നിലുണ്ടെന്നും ഭവിയില്‍ ഇതുപോലെ ആര്‍ക്ക് നേരെയും വരാമെന്നും നിവിന്‍ പറഞ്ഞു. അത്തരം ആളുകളുടെ പ്രതിനിധിയായാണ് താന്‍ ഇവിടെ ഇരിക്കുന്നതെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.

ഈ കേസിലെ മറ്റ് പ്രതികളില്‍ സുനിലിനെ മാത്രമേ തനിക്ക് പരിചയമുള്ളൂവെന്നും പ്രൊഡക്ഷന് വേണ്ടി പൈസയുടെ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും മറ്റ് കാര്യത്തില്‍ പരിചയമില്ലെന്നും നിവിന്‍ പറഞ്ഞു. കേസിലെ മറ്റ് പ്രതികളിലാരെയും തനിക്ക് അറിയില്ലെന്നും കൂടുതല്‍ കാര്യങ്ങള്‍ മാധ്യമങ്ങളില്‍ സംസാരിക്കരുതെന്ന നിര്‍ദേശം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും മാധ്യമങ്ങളോട് അധികം സംസാരിച്ച് ശീലമില്ലാത്തയാളാണ് താനെന്നും നിവിന്‍ പറഞ്ഞു.

കേസില്‍ പരാമര്‍ശിച്ചിട്ടുള്ള നിര്‍മാതാവിനെ താന്‍ ദുബായ് മാളില്‍ വെച്ച് കണ്ടിട്ടുണ്ടെന്നും പ്രൊഡക്ഷനുള്ള പാര്‍ട്ണറിനെ പരിചയപ്പെടാന്‍ വേണ്ടിയാണ് കണ്ടതെന്നും നിവിന്‍ പറഞ്ഞു. പരാതി വന്നതിന് പിന്നാലെ ഒരുപാട് പേര്‍ തന്നെ വിളിച്ച് അന്വേഷിച്ചെന്നും അവരോടെല്ലാം നന്ദിയുണ്ടെന്നും നിവിന്‍ പറഞ്ഞു. ഇതേ അവസ്ഥ നാളെ ആര്‍ക്കും വരാമെന്നും ഇത്തരത്തില്‍ ഡീഫെയിം ചെയ്യണമെന്നുള്ള ഉദ്ദേശത്തില്‍ നടക്കുന്നവര്‍ക്ക് മറുപടി കൊടുക്കാന്‍ വേണ്ടിയാണ് തന്റെ പോരാട്ടമെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.

സിനിമക്കെതിരെയും സിനിമാക്കാര്‍ക്കെതിരെയും കഴിഞ്ഞ കുറെ ദിവസങ്ങളിലായി പരാതികള്‍ വന്നുകാണ്ടിരിക്കുകയാണെന്നും ഇതിലെല്ലാം ഏതാണ് ശരി, ഏതാണ് തെറ്റെന്ന് ആര്‍ക്കും അറിയില്ലെന്നും നിവിന്‍ പറഞ്ഞു. തന്റെ കൂടെ ആരൊക്കെ നില്‍ക്കുമെന്ന് അറിയില്ലെന്നും ആരും കൂടെയില്ലെങ്കിലും ഒറ്റക്ക് പോരാടുമെന്നും നിവിന്‍ പറഞ്ഞു. ആവശ്യമുണ്ടെങ്കില്‍ ഇനിയും മാധ്യമങ്ങളെ കാണുമെന്നും നിവിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചുവെന്ന പരാതിയിന്മേലാണ് നിവിന്‍ പോളിക്കെതിരെ കേസ് ഫയല്‍ ചെയ്തത്. എറണാകുളം റൂറല്‍ എസ്.പിയുടെ ഉത്തരവില്‍ ഊന്നുകല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ദുബായിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പറഞ്ഞത്.

കേസിലെ ആറാം പ്രതിയാണ് നിവിന്‍ പോളി. നിര്‍മാതാവ് എ.കെ. സുനിലാണ് രണ്ടാം പ്രതി. ശ്രേയ ഒന്നാം പ്രതിയും കുട്ടന്‍ ബഷീര്‍ എന്നിവര്‍ മറ്റ് പ്രതികളുമാണ്. ഏത് സിനിമയുമായി ബന്ധപ്പെട്ടാണ് പീഡനം നടന്നതെന്ന വിവരങ്ങള്‍ കൂടുതല്‍ വിശദമായ അന്വേഷണത്തിന് ശേഷമേ അറിയാനാകൂ.

Content Highlight: Nivin Pauly saying that the allegations against him are baseless

We use cookies to give you the best possible experience. Learn more