Entertainment
മിന്നൽ മുരളിക്ക് ശേഷം 'മൾട്ടിവേർസ് മന്മഥൻ' വരുന്നു, നിവിൻ പോളി ഇനി സൂപ്പർ ഹീറോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 16, 06:08 am
Sunday, 16th February 2025, 11:38 am

ഒരു കാലത്ത് സൂപ്പർ സ്റ്റാറുകളുടെ സിനിമകൾ പോലെ ബോക്സ് ഓഫീസ് നിറച്ച നടനാണ് നിവിൻ പോളി. വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ്ബ് എന്ന സിനിമയിലൂടെ കരിയർ തുടങ്ങിയ നിവിൻ പെട്ടെന്ന് തന്നെ സൗത്തിന്ത്യയിലെ തിരക്കുള്ള താരമായി.

നേരം, തട്ടത്തിൻ മറയത്ത്, പ്രേമം തുടങ്ങി ഒരു സമയത്ത് ഇറങ്ങുന്ന ചിത്രങ്ങളെല്ലാം തുടർച്ചയായി ഹിറ്റ്‌ ചാർട്ടിൽ കയറ്റിയിരുന്ന നടനായിരുന്നു നിവിൻ പോളി. എന്നാൽ കുറച്ചുനാളായി നല്ലൊരു  ബോക്സ് ഓഫീസ് വിജയം അദ്ദേഹത്തിനില്ല. കഴിഞ്ഞ വർഷമിറങ്ങിയ വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിൽ നിമിഷ നേരം കൊണ്ടാണ് നിവിന് പ്രേക്ഷകരെ കയ്യിലെടുത്തത്.

ഇപ്പോഴിതാ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് നിവിൻ പോളി. ഇന്ത്യൻ സിനിമയിലെ ആദ്യത്തെ മൾട്ടിവേർസ് സൂപ്പർ ഹീറോ ആയി നിവിൻ പോളിയെത്തുന്ന ‘മൾട്ടിവേർസ് മന്മഥൻ’ ആണ് പുതിയ സിനിമ.

ആദിത്യൻ ചന്ദ്രശേഖർ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്ററും പുറത്തു വന്നിട്ടുണ്ട്. കോമഡി ആക്ഷൻ ഫാന്റസി എന്റെർറ്റൈനെർ ആയി ഒരുങ്ങുന്ന ഈ ചിത്രം നിർമിക്കുന്നതും നിവിൻ പോളി തന്നെയാണ്. പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ സിനിമ പുറത്തിറങ്ങുന്നത്.

നവാഗതരായ അനന്ദു എസ്. രാജ്, നിതിരാജ് എന്നിവർ ആണ് ചിത്രത്തിന്റെ സഹരചയിതാക്കൾ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിഡി ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് മൾട്ടിവേർസ് മന്മഥൻ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം ശരീര ഭാരം കുറച്ച് മികച്ച മേക്കോവറിൽ നിവിൻ പോളി പൊതു വേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

ഈ ചിത്രത്തിന് വേണ്ടിയാണോ താരത്തിന്റെ പുതിയ മേക്കോവർ എന്നാണ് ഉയർന്ന് കേൾക്കുന്ന ചോദ്യം. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയുടെ രണ്ടാം ഭാഗമടക്കമുള്ള സിനിമകൾ നിവിൻ പോളിയുടേതായി ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്.

Content Highlight: Nivin Pauly’s New Movie First Look