| Saturday, 20th July 2024, 11:43 am

വന്നെടാ വന്ന്... ഇതാണ് ഞങ്ങൾക്ക് വേണ്ടത്, ആ പഴയ സ്റ്റൈലിഷ് നിവിൻ പോളിയെ, വൈറലായി ഹബീബീ ഡ്രിപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ യുവ സൂപ്പർതാരം നിവിൻ പോളി അഭിനയിച്ച ആൽബം സോങ് ആയ ഹബീബീ ഡ്രിപ്പ് വീഡിയോ റിലീസ് ചെയ്തു.

ഗാനത്തിന്റെ ടീസർ നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. അൾട്രാ സ്റ്റൈലിഷ് ലുക്കിൽ, വ്യത്യസ്ത ഗെറ്റപ്പുകളിൽ ആണ് നിവിൻ പോളിയേ ഈ ഗാനത്തിൽ കാണാൻ സാധിക്കുക. ഗൾഫിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനത്തിൽ നിവിൻ്റെ ഗംഭീര നൃത്ത ചുവടുകളും പ്രേക്ഷകർക്ക് കാണാൻ സാധിക്കും.

ഷാഹിൻ റഹ്മാൻ, നിഖിൽ രാമൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്തിരിക്കുന്ന ഈ ഗാനത്തിന്റെ ഐഡിയ ഒരുക്കിയതും ഡിസൈൻ ചെയ്‌തതും കുട്ടു ശിവാനന്ദനാണ്. രജിത് ദേവ് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്ന ഹബീബി ഡ്രിപ്പിന് ക്യാമറ ചലിപ്പിച്ചത് സംവിധായകരിലൊരാളായ നിഖിൽ രാമൻ, അസം മുഹമ്മദ് എന്നിവർ ചേർന്നാണ്.

ഹബീബീ ഡ്രിപ്പിൻ്റെ എഡിറ്റിംഗ് നിർവഹിച്ചത് ഷാഹിൻ റഹ്മാൻ, വരികൾ രചിച്ച് ആലപിച്ചത് ഡബ്‌സി എന്നിവരാണ്. റിബിൻ റിച്ചാർഡ് ആണ് ഈ ഗാനത്തിന് വേണ്ടി സംഗീതം ചെയ്തിരിക്കുന്നതും ഈ ഗാനം നിർമിച്ചിരിക്കുന്നതും. ഏതായാലും നിവിൻ പോളി ആരാധകർക്കും സംഗീത പ്രേമികൾക്കും ഒരുപോലെ വൈബ് ചെയ്യാവുന്ന ഒരു ഗാനമായാണ് ഹബീബീ ഡ്രിപ്പ് പുറത്തെത്തിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – പ്രവീൺ പ്രകാശൻ, കലാസംവിധാനം – മുകേഷ്.എം. ഗോപി, സ്റ്റിൽസ് – ജസീം.എൻ.കേ, വസ്ത്രാലങ്കാരം – കോസ്റ്റ്യൂംസ് ഇൻ ദുബായ്, സെനി വേണുഗോപാലൻ, സ്റ്റൈലിസ്റ്റ് – ബിന്ധ്യ നെൽസൺ.

ഗാനം പുറത്ത് വന്നതടോ നിരവധി പേരാണ് വീഡിയോക്ക് അഭിപ്രായം പറഞ്ഞിരിക്കുന്നത്. പഴയ നിവിൻ പോളി തിരിച്ചെത്തിയെന്നും ഇതിനാണ് ഞങ്ങൾ കാത്തിരുന്നതെന്നുമാണ് നിവിൻ ആരാധകർ പറയുന്നത്.

വിനീത് ശ്രീനിവാസൻ ഒരുക്കിയ വർഷങ്ങൾക്ക് ശേഷം, ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യ എന്നിവയായിരുന്നു ഈ വർഷം ഇറങ്ങിയ നിവിൻ ചിത്രങ്ങൾ. വർഷങ്ങൾക്ക് ശേഷത്തിലെ നിധിൻ മോളിയെന്ന കഥാപാത്രത്തിന് വലിയ വരവേൽപ്പായിരുന്നു പ്രേക്ഷകർക്കിടയിൽ ലഭിച്ചത്.

Content Highlight: Nivin Pauly’s New Album Song Habeeby Dripp Released

We use cookies to give you the best possible experience. Learn more